എഡിൻബർഗ്: വചനപ്രഘോഷണത്തിലൂടെയും സ്തുതിയാരാധനകളിലൂടെയും ഗാനശുശ്രൂഷകളിലൂടെയും അനേകായിരങ്ങൾക്ക് ദൈവാനുഭവം പകർന്നു നൽകിയ ശാലോം ഫെസ്റ്റിവെലിന് ഇത്തവണ അമേരിക്കയിലെ നാല് നഗരങ്ങൾ വേദിയാകും. മസാച്ചുസൈറ്റ്‌സിലെ ബോസ്റ്റൺ, കാലിഫോർണിയയിലെ സാൻ ഫെർണാണ്ടോ, സ്‌റ്റോക്ടൻ, ഒറിഗണിലെ പോർട്ട്‌ലാൻഡ് എന്നിവിടങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന ഫെസ്റ്റിവെൽ ‘ശാലോം മീഡിയ യു.എസ്.എ’യുടെ രക്ഷാധികാരികൂടിയായ ചിക്കാഗോ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും.
ജൂൺ 30മുതൽ ജൂലൈ രണ്ടുവരെ മസാച്ചുസൈറ്റ്‌സിൽ നടക്കുന്ന ഫെസ്റ്റിവെലിന് സെന്റ് ജോസഫ് പാരിഷ് സെന്ററാണ് വേദി. ജൂലൈ എഴ് മുതൽ ഒൻപതുവരെയുള്ള സാൻ ഫെർണാണ്ടോയിലെ ഫെസ്റ്റിവെലിന് സെന്റ് അൽഫോൻസാ ദൈവാലയം വേദിയാകും. ജൂലൈ 14 മുതൽ 16വരെയാണ് സ്‌റ്റോക്ടണിലെ ഫെസ്റ്റിവെൽ. ജൂലൈ 21 മുതൽ 23വരെ പോർട്‌ലാൻഡിൽ നടക്കുന്ന ഫെസ്റ്റിവെലിന് പാർക്‌സ് ആൻഡ് റിക്രിയേഷൻ ഹിൽസ്‌ബോറോ കമ്മ്യൂണിറ്റി സീനിയർ സെന്ററാണ് വേദി.
‘വരുവിൻ കർത്താവിന്റെ പ്രവൃത്തികൾ കാണുവിൻ,’ (സങ്കീ. 46:8) എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. മുതിർന്നവർക്ക് മലയാളത്തിലും യുവജനങ്ങൾക്കും കുട്ടികൾക്കും ഇംഗ്ലീഷിലുമാണ് ശുശ്രൂഷകൾ ഒരുക്കിയിരിക്കുന്നത്. ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ, ശാലോം വേൾഡ് സ്പിരിച്വൽ ഡയറക്ടർ ഫാ. ജിൽറ്റോ ജോർജ് സി.എം.ഐ, ശാലോം വേൾഡ് പ്രോഗ്രാം മാനേജർ ഡോ. ബേസിൽ കുര്യാക്കോസ് എന്നിവരാണ് മുതിർന്നവരുടെ സെഷനുകൾ നയിക്കുക.
അമേരിക്കയിലെ പ്രമുഖമായ ‘ദമാസ്‌ക്കസ് മിനിസ്ട്രി’ മിഡിൽ ആൻഡ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നയിക്കുന്ന സെഷൻ ഫെസ്റ്റിവെലിന്റെ സവിശേഷതയാണ്. കൂടാതെ കുട്ടികൾക്കായി പ്രത്യേകം ക്രമീകരിക്കുന്ന സെഷനുകളും ഒരിക്കിയിട്ടുണ്ട്. പ്രമുഖ കാത്തലിക് മിനിസ്ട്രികളായ ‘അനോയിന്റിംഗ് ഫയർ കാത്തലിക്ക് യൂത്ത് മിനിസ്ട്രി’, ‘എയ്ഞ്ചൽസ് ആർമി’ എന്നിവരാണ് പ്രസ്തുത സെഷനുകൾ നയിക്കുക.
കൂടുതൽ വിവരങ്ങൾ അറിയാനും രജിസ്‌ട്രേഷനും സന്ദർശിക്കുക shalommedia.org/festival/
Leave a Comment
Your email address will not be published. Required fields are marked with *