Follow Us On

22

January

2025

Wednesday

മെക്സിക്കോ: കത്തോലിക്കാ വൈദീകൻ അക്രമികളുടെ  വെടിയേറ്റ് കൊല്ലപ്പെട്ടു

മെക്സിക്കോ: കത്തോലിക്കാ വൈദീകൻ അക്രമികളുടെ  വെടിയേറ്റ് കൊല്ലപ്പെട്ടു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ കത്തോലിക്കാ വൈദീകൻ ആക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. സെൻട്രൽ മെക്‌സിക്കോയുടെ ഭാഗമായ മൈക്കോക്കാനിലെ കപ്പാച്ചോയി ഇടവകയിൽ സേവനം ചെയ്യുന്ന അഗസ്റ്റീനിയൻ സന്യാസസഭാംഗം ഫാ. ഹാവിയർ ഗാർസിയ വില്ലഫയാണ് ഇക്കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ക്യൂട്ട്‌സിയോ- കപ്പാച്ചോയി ഹൈവേയിൽ വാഹനത്തിനുള്ളിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് സ്റ്റേറ്റ് അറ്റോർണി ജനറലിന്റെ ഓഫീസ് സ്ഥിരീകരിച്ചു.

നിരവധി വെടിയുണ്ടകളേറ്റ നിലയിലായിരുന്നു മൃതദേഹം. ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം മൊറേലിയയിലെ ഫോറൻസിക് മെഡിക്കൽ സർവീസിലേക്ക് കൊണ്ടുപോയി. അദ്ദേഹം ഉൾപ്പെട്ട ‘സാൻ ഫ്രാൻസിസ്‌കോ കുറൻഗ്യോ’ സമൂഹമാണ് അദ്ദേഹത്തിന്റെ മരണവിവരം ആദ്യം വെളിപ്പെടുത്തിയത്: ‘ഇന്ന് വൈകീട്ട് 6.00ന് ഹൈവേയിൽവെച്ച് ഫാ. ഫ്രേ ഹാവിയർ വില്ലഫാ വധിക്കപ്പെട്ട വിവരം അറിയിക്കുന്നു. മൊറേലിയ അതിരൂപതയിലെ കപ്പാച്ചോയുടെ ഇടവക വികാരി സമാധാനത്തിൽ വിശ്രമിക്കട്ടെ. അഗസ്തീനിയൻ സഭാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.’

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലാറ്റിൻ അമേരിക്കയിൽ കൊല്ലപ്പെട്ട എട്ടാമത്തെ വൈദീകനാണ് ഇദ്ദേഹം. മൊറേലിയ അതിരൂപത സോഷ്യൽ മീഡിയയിൽ അനുശോചനം അറിയിച്ചു. ‘മോറേലിയയിലെ ബിഷപ്പുമാരും പ്രെസ്ബിറ്ററിയും അതിരൂപതയും പ്രാർത്ഥനയിൽ ഒന്നിച്ച് ഇദ്ദേഹത്തിന്റെ ആത്മാവിനെ ജീവന്റെ നാഥനായ ക്രിസ്തുവിന് സമർപ്പിക്കുന്നു, അദ്ദേഹത്തിന്റെ നിത്യസമ്മാനത്തിനായി പ്രാർത്ഥിക്കുന്നു.’ ക്യൂറ്റ്സിയോയിൽ ഫാ. ഹാവിയർ വില്ലഫായുടെ അനുസ്മരണ സമ്മേളനവും നടത്തി.

അതിനിടെ, രാജ്യത്ത് നടമാടുന്ന അശാന്തിയാണ് വൈദീകന്റെ അരുംകൊലയ്ക്ക് കാരണമെന്ന് ‘നാഷണൽ ആക്ഷൻ പാർട്ടി’ നേതാവ് മാർക്കോ കോർട്ടെസ് കുറ്റപ്പെടുത്തി. സഭാശുശ്രൂഷകരെ സംബന്ധിച്ചിടത്തോളം അപകടം പിടിച്ച നാടായി മാറിയിരിക്കുകയാണ് മെക്‌സിക്കോ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ രാജ്യത്ത് കൊല്ലപ്പെട്ടത് 70ൽപ്പരം മതനേതാക്കളാണ്. കൂടാതെ, ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മൈക്കോകാനിൽ 1,700 കൊലപാതകങ്ങൾ നടന്നുവെന്ന് ദേശീയ സുരക്ഷയ്ക്കായുള്ള എക്‌സിക്യൂട്ടീവ് സെക്രട്ടേറിയറ്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?