Follow Us On

22

January

2025

Wednesday

അഴുകാതെ സിസ്റ്റർ വിൽഹെൽമിനയുടെ ഭൗതീകദേഹം?  മിസോറിയിലേക്ക് ജനപ്രവാഹം

അഴുകാതെ സിസ്റ്റർ വിൽഹെൽമിനയുടെ ഭൗതീകദേഹം?  മിസോറിയിലേക്ക് ജനപ്രവാഹം

മിസോറി: കത്തോലിക്കാ സഭയിൽ ശരീരങ്ങൾ അഴുകാത്ത നിലയിൽ കാണപ്പെട്ട അനേകം പുണ്യാത്മാക്കളുടെ ഗണത്തിലേക്ക് ഒരു കന്യാസ്ത്രീയമ്മ കൂടി? അമേരിക്കൻ സംസ്ഥാനമായ മിസോറിയിൽനിന്നുള്ള ‘ബെനഡിക്ടൻ സിസ്റ്റേഴ്സ് ഓഫ് മേരി, ക്യൂൻ ഓഫ് ദ അപ്പോസ്തൽസ്’ സന്യാസിനി സമൂഹം സ്ഥാപക സിസ്റ്റർ വിൽഹെൽമിന ലങ്കാസ്റ്ററിന്റെ അഴുകാത്ത ശരീരത്തിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ഇതേ തുടർന്ന് സിസ്റ്റർ വിൽഹെൽമിനയുടെ അഴുകാത്ത ശരീരം കാണാൻ ആയിരങ്ങളാണ് മിസോറിയിലെ ഗോവറിയിലേക്ക് വന്നണയുന്നത്.

നാലു വർഷം മുമ്പ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട തങ്ങളുടെ സന്യാസ സമൂഹ സ്ഥാപകയുടെ ശരീരം അടക്കം ചെയ്ത പെട്ടി മേയ് 18ന് സഭാധികാരികൾ തുറന്നപ്പോൾ സിസ്റ്ററിന്റെ ഭൗതീകദേഹം അഴുകാതെയും കാര്യമായ കേടുപാടുകൾ സംഭവിക്കാതെയും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യം അത്ഭുതമാണെന്ന തരത്തിലുള്ള പ്രഖ്യാപനമോ പ്രതികരങ്ങളോ കത്തോലിക്ക സഭയിൽനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. അഴുകാത്ത നിലയിൽ കാണപ്പെട്ട അനേകം കത്തോലിക്കാ വിശുദ്ധരുടെ ഭൗതീകദേഹം വിവിധ കാലങ്ങളിലായി ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. വിശദമായ പരിശോധനങ്ങൾക്കും പഠനങ്ങൾക്കും ശേഷമായിരിക്കും സഭ ഇക്കാര്യം സ്ഥിരീകരിക്കൂ. നീണ്ട കാലയളവും അതിനായി വേണ്ടിവരും.

എന്നിരുന്നാലും അധികമാരും കേട്ടിട്ടില്ലാത്ത സിസ്റ്റർ വിൽഹെൽമിനെക്കുറിച്ച് അറിയാനുള്ള ആഗ്രഹത്തിലാണ് സഭാ വിശ്വാസികൾ. 1924 ഏപ്രിൽ 13ന് സെന്റ് ലൂയിസിലാണ് കത്തോലിക്ക വിശ്വാസികളായ മാതാപിതാക്കളുടെ അഞ്ച് മക്കളിൽ രണ്ടാമത്തെ മകളായി മേരി എലിസബത്ത് ലങ്കാസ്റ്ററിന്റെ (വിൽഹെൽമിന) ജനനം. ഒൻപതാം വയസിൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ ലങ്കാസ്റ്ററിന് ഒരു മിസ്റ്റിക്കൽ അനുഭവം ഉണ്ടായതായി ജീവചരിത്രത്തിൽ പരാമർശമുണ്ട്. സന്യാസ ജീവിതം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നോ എന്ന ഇടവക വികാരിയുടെ ചോദ്യമാണ് സമർപ്പിതവിളിയെ കുറിച്ചുള്ള ചിന്ത അവളിൽ ശക്തമായത്. 13 വയസായിരുന്നു അവൾക്ക് അപ്പോൾ.

ഇതേ തുടർന്ന് ബാൾട്ടിമോറിലെ ‘ഒബ്ലെറ്റ് സിസ്റ്റേഴ്സ് ഓഫ് പ്രോവിഡൻസ് സുപ്പീരിയറിന് തന്റെ ആഗ്രഹം വെളിപ്പെടുത്തി വിൽഹെൽമിന കത്ത് എഴുതുകയായിരുന്നു. പ്രായം വളരെ കുറവായതിനാൽ കാത്തിരിക്കാനായിരുന്നു സഭാധികാരികളുടെ മറുപടി. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി പിന്നീട് ഒബ്ലെറ്റ് സിസ്റ്റേഴ്സ് ഓഫ് പ്രോവിഡൻസിൽ ചേർന്ന അവൾ വ്രതവാഗ്ദാന സമയത്താണ് വിൽഹെൽമിന എന്ന പേര് സ്വീകരിച്ചത്. രണ്ടാം വത്തിക്കാൻ സൂന്നഹദോസിനുശേഷം സന്യാസ വസ്ത്രം ഉപയോഗിക്കുന്ന കാര്യത്തിൽ തന്റെ സന്യാസിനി സമൂഹംപോലും ഇളവ് നേടിയപ്പോഴും, സന്യാസ വസ്ത്രം ഉപയോഗിക്കണമെന്ന നിർബന്ധം സിസ്റ്റർ വിൽഹെൽമിനക്കുണ്ടായിരുന്നു.

എന്തെന്നാൽ താൻ ക്രിസ്തുവിന്റെ മണവാട്ടിയാണ് എന്നതിനെയാണ് സന്യാസ വസ്ത്രം സൂചിപ്പിക്കുന്നതെന്ന ശക്തമായ ബോധ്യമായിരുന്നു അതിന് കാരണം. ഏകദേശം 50 വർഷത്തോളം ഈ സന്യാസ സമൂഹത്തോടൊപ്പമായിരുന്നു സിസ്റ്റർ വിൽഹെൽമിന. പരമ്പരാഗത ലത്തീൻ കുർബാന അർപ്പിക്കുന്ന ‘പ്രീസ്റ്റ്ലി ഫ്രറ്റേർണിറ്റി ഓഫ് സെന്റ് പീറ്ററി’ന്റെ സഹകരണത്തോടെ 1995ലാണ് സിസ്റ്റർ വിൽഹെൽമിനയുടെ സന്യാസിനി സമൂഹം സ്ഥാപിതമായി. വൈദീകർക്കുവേണ്ടി പ്രാർത്ഥനയും മരിയൻ വണക്കവുമാണ് പ്രസ്തുത സഭയുടെ പ്രധാന കാരിസം.

2006ലാണ് മിസോറിയിൽ സിസ്റ്റർ വിൽഹെൽമിനയുടെ സന്യാസിനി സമൂഹം പ്രവർത്തനം ആരംഭിച്ചത്. ദൈനംദിന പ്രാർത്ഥനയുടെ ഭാഗമായി സന്യാസിനികൾ ദിവസവും അഞ്ച് മണിക്കൂർ ഒരുമിച്ച് ഗാനങ്ങൾ ആലപിക്കുന്നു എന്നത് ഈ സന്യാസസമൂഹത്തിന്റെ സവിശേഷതയത്രേ. 2019 മേയ് 29ന് 94-ാം വയസിലാണ് സിസ്റ്റർ വിൽഹെൽമിന നിത്യസമ്മാനിതയായത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?