Follow Us On

23

November

2024

Saturday

ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിനെ ഭക്തിസാന്ദ്രമാക്കി ദിവ്യകാരുണ്യ പ്രദക്ഷിണം, അണിചേർന്ന് ആയിരങ്ങൾ

ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിനെ ഭക്തിസാന്ദ്രമാക്കി ദിവ്യകാരുണ്യ പ്രദക്ഷിണം, അണിചേർന്ന് ആയിരങ്ങൾ

ന്യൂയോർക്ക്: വിശ്വവിഖ്യാതമായ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിനെ ഭക്തിനിർഭരമാക്കി ആയിരങ്ങൾ അണിചേർന്ന ദിവ്യകാരുണ്യ പ്രദക്ഷിണം. ‘ഈ നഗരം ക്രിസ്തുവിന്റേത്’ എന്ന ആപ്തവാക്യവുമായി ക്രമീകരിച്ച ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ അണിചേർന്നവരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ ടൈംസ് സ്‌ക്വയറിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലും തരംഗമായിക്കഴിഞ്ഞു. ഒരുപക്ഷേ, ന്യൂയോർക്ക് നഗരം ഇതുപോലെ സാക്ഷ്യംവഹിച്ച മറ്റൊരു ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിട്ടുണ്ടാവില്ല എന്നും റിപ്പോർട്ടുകളുണ്ട്.

ന്യൂയോർക്ക് അതിരൂപതാ സഹായമെത്രാൻ ജോസഫ് എസ്‌പേയിലാത്താണ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് നേതൃത്വം നൽകിയത്. വൈദികരും സന്യസ്തരും അൽമായരും ഉൾപ്പെടെ നാലായിരത്തിൽപ്പരം പേർ അണിചേർന്നെന്നാണ് കണക്കുകൾ. ഇക്കാര്യം പൊലീസ് അധികാരികളും സ്ഥിരീകരിക്കുന്നു. ന്യൂയോർക്കിന്റെ സംരക്ഷകനായി ക്രൂശിതനായ യേശുവുണ്ടെന്ന് പ്രഖ്യാപിച്ച ബിഷപ്പ് എസ്‌പോയിലാത്ത്, ഈ പന്തക്കുസ്താവാരത്തിൽ എല്ലാവരിലേക്കും പരിശുദ്ധാത്മാവ് വർഷിക്കപ്പെടട്ടെയെന്നും ടൈംസ് സ്‌ക്വയറിൽ തടിച്ചുകൂടിയ ആയിരങ്ങളെ ആശംസിച്ചു.

ഈ നഗരത്തിനുവേണ്ടിയുള്ള ദൈവപദ്ധതിയെയും നന്മകളെയും ഓർത്ത് നമുക്ക് സന്തോഷിക്കാമെന്നും ഈ നഗരത്തിനുവേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം, ഇത് യേശുവിന്റെ സ്വന്തം നഗരമാണെന്ന് ഉറക്കെ പ്രഘോഷിക്കുകയും ചെയ്തു. ന്യൂയോർക്കിലെ സെന്റ് ആന്റണീസ് ദൈവാലയത്തിന്റെ ഭാഗമായ ഹിസ്പാനിക് കാത്തലിക്ക് കരിസ്മാറ്റിക് സെന്ററായിരുന്നു ദിവ്യകാരുണ്യപ്രദക്ഷിണത്തിന്റെ സംഘാടകർ.

ടൈംസ് സ്‌ക്വയറിലെ ഫാ. ഡഫി സ്‌ക്വയറിൽ ആരംഭിച്ച രണ്ടു മണിക്കൂർ നീണ്ട പ്രദക്ഷിണം ന്യൂയോർക്കിലെ സെന്റ് പാട്രിക് കത്തീഡ്രലിലാണ് പരിസമാപിച്ചത്. പ്രദക്ഷിണമധ്യേ ദിവ്യകാരുണ്യ ആശീർവാദം നൽകാനായി അരുളിക്ക ഉയർത്തുമ്പോൾ റോഡിൽ മുട്ടുകുത്തി നിൽക്കുന്ന വിശ്വാസികളുടേതടക്കമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?