ഡാളസ്: ടെക്‌സാസ്, ഒക്ലഹോമ റീജ്യണിലെ ഒൻപത് സീറോ മലബാർ ഇടവകകളിൽ നിന്നുള്ള 600ൽപ്പരം മത്‌സരാർത്ഥികൾ മാറ്റുരച്ച ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് കലാമാമാങ്കത്തിൽ ചാംപ്യൻപട്ടം കരസ്ഥമാക്കി കൊപ്പേൽ സെന്റ് അൽഫോൻസാ, മക്അലൻ ഡിവൈൻ മേഴ്‌സി ഇടവകകൾ. ഗ്രൂപ്പ് ‘എ’ വിഭാഗത്തിലാണ് 123 പോയിന്റോടെ കൊപ്പേൽ ഇടവക കിരീടം നേടിയത്. ഗ്രൂപ്പ് ‘ബി’ വിഭാഗത്തിലാണ് 77 പോയിന്റോടെ മക്അലൻ ഇടവകയുടെ കിരീടനേട്ടം.
ഗാർലാൻഡ് സെന്റ് തോമസ് ഫൊറോന ഇടവക, ഒക്‌ലഹോമ ഹോളി ഫാമിലി ഇടവക എന്നിവരാണ് യഥാക്രമം ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിലെ റണേ്ണഴ്‌സ് അപ്പ്. കുട്ടികളുടെയും യുവജന കലാപ്രതിഭകളുടെയും അതുല്യ പ്രകടനങ്ങളാൽ അവിസ്മരണീയമായ വിരുന്നാണ് ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. സംഗീതം, നൃത്തം, പ്രസംഗം, മോണോ ആക്ട്, ബൈബിൾ ക്വിസ്, സ്‌കിറ്റ് എന്നിങ്ങനെ 20 മത്സര ഇനങ്ങളിലായിരുന്നു മത്‌സങ്ങൾ.
ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജോയി ആലപ്പാട്ടായിരുന്നു മൂന്ന് ദിനങ്ങളിലായി ക്രമീകരിച്ച ഫെസ്റ്റിന്റെ ഉദ്ഘാടകൻ. സമാപന സമ്മേളനത്തിൽവെച്ച് സെന്റ് തോമസ് ഫൊറോനാ വികാരി ഫാ. ജെയിംസ് നിരപ്പേൽ, സെന്റ് അൽഫോൻസാ വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, രൂപതാ യൂത്ത് ഡയറക്ടറും ഹൂസ്റ്റൺ സെന്റ് ജോസഫ് ഇടവക സഹവികാരിയുമായ ഫാ. മെൽവിൻ പോൾ മംഗലത്ത്, മദർ മരിയ തെങ്ങുംതോട്ടം, സിസ്റ്റർ ക്ലെറിൻ കൊടിയന്തറ തുടങ്ങിയവർ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
മൂന്നു ദിനം നീണ്ട കലാമേള സീറോ മലബാർ യുവജന കൂട്ടായ്മയ്ക്കും സഭാംഗളുടെ വിശ്വാസപ്രഘോഷണത്തിനും നേർസാക്ഷ്യമായി മാറി എന്നതും ശ്രദ്ധേയം. 2010ൽ ഡാളസിൽ തുടങ്ങിയ ഈ കലോത്സവത്തിന് ഇത് മൂന്നാം തവണയാണ് ഡാളസ് ഡാളസ് സെന്റ് തോമസ് ദൈവാലയം വേദിയായത്. ഫാ. ജെയിംസ് നിരപ്പേൽ, കോർഡിനേറ്റർമാരായ ചാർളി അങ്ങാടിശ്ശേരിൽ, ജാനറ്റ് ജോസി, ജീവൻ ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ ഒരുക്കങ്ങൾ നിർവഹിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *