Follow Us On

22

November

2024

Friday

വിശ്വാസ രൂപീകരണത്തിലെ അപര്യാപ്തതകൾ സഭയെ ദുർബലമാക്കും: സാൻഫ്രാൻസിസ്‌കോ ആർച്ച്ബിഷപ്പ്

വിശ്വാസ രൂപീകരണത്തിലെ അപര്യാപ്തതകൾ സഭയെ ദുർബലമാക്കും: സാൻഫ്രാൻസിസ്‌കോ ആർച്ച്ബിഷപ്പ്

സാൻ ഫ്രാൻസിസ്‌കോ: ‘തിരഞ്ഞുപിടിച്ചുള്ള ആക്രമണ’ത്തിനൊപ്പം അപര്യാപ്തമായ മതവിദ്യാഭ്യാസവും വിശ്വാസ രൂപീകരണത്തിലെ വീഴ്ചകളും സഭയെ ദുർബലമാക്കുമെന്ന് തുറന്നടിച്ച് സാൻ ഫ്രാൻസിസ്‌കോ ആർച്ച്ബിഷപ്പ് സാൽവത്തോർ കോർഡിലിയോൺ. യു.എസിലെ 72 ദശലക്ഷം കത്തോലിക്കരിൽ പലർക്കും മികവുറ്റ വിശ്വാസ പരിശീലനം ലഭിക്കാത്തതും ക്രൈസ്തവ നാമധാരികൾ മാത്രമായ കത്തോലിക്കർ, സഭാ പ്രബോധനങ്ങളെയും പാരമ്പര്യങ്ങളെയും എതിർക്കുന്ന മതേതര കാഴ്ചപ്പാടുകളോട് പക്ഷം ചേരാൻ നിർബന്ധിക്കപ്പെടുന്നതും സഭയുടെ ശക്തി ചോർത്തിക്കളയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഫോക്സ് ന്യൂസ് ഡിജിറ്റലിന്’ നൽകിയ അഭിമുഖത്തിലാണ് കത്തോലിക്കാ സഭ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അദ്ദേഹം തുറന്നടിച്ചത്.

‘നാം പ്രത്യക്ഷമായി ആക്രമിക്കപ്പെടുകയാണെന്ന് നാം തിരിച്ചറിയണം. ഞാൻ ചെറുപ്പമായിരുന്നപ്പോൾ ഇതായിരുന്നില്ല അവസ്ഥ. നമ്മുടെ സ്വത്തുക്കൾ ആക്രമിക്കപ്പെടുന്നു, നമ്മുടെ വിശുദ്ധ ചിഹ്നങ്ങൾ അശുദ്ധമാക്കപ്പെടുന്നു നാം പ്രത്യക്ഷമായി അപമാനിക്കപ്പെടുന്നു, അതാഘോഷിക്കപ്പെടുകയും ചെയ്യുന്നു. ഈ യാഥാർഥ്യം നാം തിരിച്ചറിയണം. ഞങ്ങൾ ചെറുപ്പമായിരുന്നപ്പോൾ, സമൂഹത്തിന് കൂടുതൽ നല്ല മനസ്സുണ്ടായിരുന്നു,’ തന്റെ ചെറുപ്പകാലത്തുണ്ടായിരുന്ന പരസ്പര വിശ്വാസവും കരുതലും യോജിച്ചുപ്രവർത്തിക്കാനുള്ള ആഗ്രഹവും കൊടുക്കൽ വാങ്ങലിനുള്ള തുറന്ന മനസ്സും സഭയിലും സമൂഹത്തിലും നിന്ന് അപ്രത്യക്ഷമായെന്നും അദ്ദേഹം നിരീക്ഷിച്ചു.

‘കണക്കുകളിലും എണ്ണത്തിലും കത്തോലിക്കാ വിശ്വാസികൾ അമേരിക്കയിൽ ധാരാളമാണ്. പക്ഷേ അവരെ വിശ്വാസത്തിൽ നന്നായി രൂപപ്പെടുത്താനും വിശ്വാസം മനസ്സിലാക്കി ജീവിക്കാനും അവരെ സഹായിക്കും വിധത്തിലുള്ള നല്ല ജോലി ഞങ്ങൾ ചെയ്തിട്ടില്ല. നിർഭാഗ്യവശാൽ, നമ്മുടെ സഭ പഠിപ്പിക്കുന്നതും നിഷ്‌കർഷിക്കുന്നതും പാലിക്കാതെ ജീവിക്കുന്ന ധാരാളം കത്തോലിക്ക വിശ്വാസികളുണ്ട്, പക്ഷെ, അതിനവരെ കുറ്റം പറയാൻ സാധിക്കില്ല കാരണം യഥാർത്ഥത്തിൽ എന്താണ് സഭ പഠിപ്പിക്കുന്നതെന്ന് അവർക്ക് മനസിലാക്കികൊടുക്കുന്നതിൽ നമുക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്.’

അതിനാൽ അവരുടെ ജീവിതം വിശ്വാസത്താൽ നയിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കത്തോലിക്കാ വിശ്വാസം പേറുമ്പോഴും അവരുടെ ജീവിതരീതിയും മുൻഗണനകളും മൂല്യങ്ങൾപോലും മതേതര സമൂഹത്തിന്റെ കാഴ്ചപ്പാടുകളാൽ സ്വാധീനിക്കപ്പെടുന്നു. ഇതുമൂലം സഭയ്ക്ക് ഉണ്ടായിരിക്കേണ്ട സാമൂഹിക സ്വാധീനം ഗണ്യമായവിധത്തിൽ ദുർബലപ്പെടുകയും സഭയിലൂടെ ഉണ്ടാകേണ്ട പൊതുനന്മക്ക് കുറവുണ്ടാവുകയും ചെയ്തിട്ടുണ്ട്.

അമേരിക്കയിലെ മൊത്തം ജനസംഖ്യയുടെ 25% വരുന്ന കത്തോലിക്കർ രാജ്യത്തെ രണ്ടാമത്തെ വലിയ മതവിഭാഗമാണ്. എന്നാൽ ആക്രമണാത്മക മതേതരത്വത്തിന്റെ അനിയന്ത്രിതമായ മുന്നേറ്റവും വിനാശകരമായ പ്രത്യയശാസ്ത്രങ്ങൾക്കുണ്ടായ സമീപ ദശകങ്ങളിലെ ഉയർച്ചയും കാരണം സഭ കൂടുതൽ അപകടകരമായ അവസ്ഥയിലാണെന്ന് ആർച്ച്ബിഷപ്പ് കോർഡിലിയോൺ നിരീക്ഷിക്കുന്നു. വളരെ മതേതരമായിത്തീർന്ന ഒരു ലോകത്ത് നമ്മുടെ വിശ്വാസം ജീവിക്കുന്നതിനുള്ള പോരാട്ടത്തിലാണ് നാം. ‘നമുക്കുള്ള ചില അടിസ്ഥാന മൂല്യങ്ങളോട് ശത്രുതാപരമായ നിലപാടൊരുക്കുന്ന ഒരു സാഹചര്യത്തെയാണ് നാം നേരിടേണ്ടത്,’ അദ്ദേഹം പറഞ്ഞു.

വളർന്നുവരുന്ന പുതിയ സംസ്‌കാരവുമായി ഇടപഴകുന്നതിന് വിവേകവും സംയമനവും ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ആക്രമണങ്ങളോട് ആക്രമണാത്മകമായി പ്രതികരിക്കുന്നതിനെതിരെ കത്തോലിക്കർക്ക് മുന്നറിയിപ്പും നൽകി. വിവേകവും വിവേചനവും നമുക്കാവശ്യമുണ്ട്. തങ്ങളുടെ ധാർമികത ശരിയായി പാലിക്കുന്ന സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പുകളിൽ പിന്തുണയ്ക്കുന്ന രീതിയിലേക്ക് മടങ്ങിവരാൻ അദ്ദേഹം കത്തോലിക്കാ വിശ്വാസികളോട് അഭ്യർത്ഥിച്ചു.

‘രാഷ്ട്രീയ പ്രക്രിയയിൽ പങ്കാളികളാകുക എന്നത് സാധാരണക്കാരുടെ ഉത്തരവാദിത്വമാണ്. അതിനാൽ സാധിക്കുന്നവർ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും തങ്ങളുടെ സാന്നിധ്യം ഭാരണകേന്ദ്രങ്ങളിൽ ഉറപ്പാക്കാനും പരിശ്രമിക്കണം. അതോടൊപ്പം തന്നെ ശരിയായ വിശ്വാസപരിശീലനം കുഞ്ഞുങ്ങൾക്ക് നൽകാനും കത്തോലിക്കാ മാതാപിതാക്കന്മാർക്ക് സാധിക്കണം, അതവരുടെ ഉത്തരവാദിത്വവുമാണ്. വിശ്വാസത്തിൽ അടിയുറച്ച, ബൗദ്ധികതയിൽ വേരൂന്നിയ അവർക്ക് സ്വന്തം സാന്നിധ്യംകൊണ്ട് സാമൂഹിക സേവനത്തിലോ രാഷ്ട്രീയത്തിലോ പോലും പ്രവർത്തിക്കാനും സംസ്‌കാരത്തെ മാറ്റുന്ന ശക്തിയാകാനും കഴിയും,’ അദ്ദേഹം കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?