ഉലാൻബത്താർ: ഫ്രാൻസിസ് പാപ്പ മംഗോളിയയിൽ നടത്തിയ അപ്പസ്‌തോലിക പര്യടനം രാജ്യത്തെ കൂടുതൽ ജനാധിപത്യത്തിലേക്കും ദൈവത്തെ അറിയാനുള്ള സ്വാതന്ത്ര്യത്തിലേക്കും നയിക്കുമെന്ന് മംഗോളിയയിലെ സുവിശേഷീകരണ രംഗത്ത് സജീവമായ ഡോ. അമർസൈഖാൻ ബസാർ. രാജ്യത്തെ ‘സുവിശേഷ ദാരിദ്ര്യം’ അവസാനിപ്പിക്കാൻ പരിശ്രമിക്കുന്ന ‘ആക്‌സിലറേറ്റിംഗ് എൻഡിങ് ഗോസ്പൽ പോവെർട്ടി’ എന്ന സുവിശേഷവത്ക്കരണ പദ്ധതിയുടെ ഡയറക്ടർകൂടിയാണ് ഡോ. അമർസൈഖാൻ.
പാപ്പയുടെ സന്ദർശനത്തിന്റെ നല്ലഫലങ്ങളെക്കുറിച്ചുള്ള ചോദ്യതോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 30 വർഷമായി മംഗോളിയൻ നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ വൈസ് പ്രസിഡന്റായിരുന്ന ഡോ. ബസാർ, സ്വന്തമായൊരു ഡെന്റൽ ക്ലിനിക് സ്ഥാപിക്കുകയും അതോടൊപ്പം കൂടുതൽ ഫലപ്രദമായി സുവിശേഷീകരണത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.
ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം ഇനിയുള്ള കാലഘട്ടങ്ങളിൽ രാജ്യത്തെ സുവിശേഷപ്രചാരണ പ്രവർത്തനങ്ങളിൽ വലിയൊരു കുതിച്ചുചാട്ടത്തിന് സഹായിക്കുമെന്നതിൽ സംശയമില്ല. അദ്ദേഹത്തിന്റെ സന്ദർശനത്തിലൂടെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും കഴിഞ്ഞ അഞ്ചു ദിവസങ്ങളിൽ മംഗോളിയയിലേക്കായിരുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മതനേതാക്കളിൽ ഒരാളായ അദ്ദേഹത്തിന്റെ സന്ദർശനം കൊണ്ടുവന്ന ആവേശത്തിലാണ് ഇപ്പോഴും മംഗോളിയൻ ജനത.
‘കമ്മ്യൂണിസത്തിൻ കീഴിൽ ഞങ്ങൾക്ക് ക്രിസ്തുമതത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു, എല്ലാം നിരോധിച്ചിരുന്നു, ഒന്നും അനുവദനീയമല്ലായിരുന്നു. എന്നാൽ രാജ്യത്ത് ജനാധിപത്യ ഭരണകൂടം നിലവിൽ വന്നതോടെ സ്ഥിതിഗതികൾക്ക് മാറ്റമായി. ലോകമെമ്പാടുനിന്നുള്ള മിഷനറിമാർ മംഗോളിയയിലെത്തുകയും രാജ്യത്ത് യേശുക്രിസ്തുവിനെ പരിചയപ്പെടുത്തുകയും ചെയ്തു.’
താൻ യേശുക്രിസ്തുവിനെ എന്റെ രക്ഷകനായി സ്വീകരിച്ചു, അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റം. ഇപ്പോൾ എനിക്ക് സുവിശേഷം അറിയാമെന്നതിൽ താൻ വളരെ നന്ദിയുള്ളവനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മെഡിക്കൽ ഡോക്ടർ എന്ന നിലയിൽ, ആളുകളെ സ്‌നേഹിക്കുകയും അവരെ ശാരീരികമായും ആത്മീയമായും സുഖപ്പെടുത്തുകയും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *