Follow Us On

18

October

2024

Friday

യുദ്ധങ്ങൾ പരാജയം, കുഞ്ഞുങ്ങളാണ് നമ്മുടെ രക്ഷകർ: ഫ്രാൻസിസ് പാപ്പ

യുദ്ധങ്ങൾ പരാജയം, കുഞ്ഞുങ്ങളാണ് നമ്മുടെ രക്ഷകർ: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള കുട്ടികൾ ഫ്രാൻസിസ് പാപ്പായോടു ഉന്നയിച്ച ചോദ്യങ്ങളും അവയ്ക്കദ്ദേഹം നൽകിയ ഉത്തരങ്ങളും സമാഹരിച്ചുകൊണ്ട് ‘ലാ സ്റ്റാമ്പാ’ ഇറ്റാലിയൻ ദിനപത്രത്തിന്റെ വത്തിക്കാൻ ലേഖകൻ ദൊമേനിക്കോ അഗാസോ ചിട്ടപ്പെടുത്തിയ ‘പ്രിയ കുഞ്ഞുങ്ങളെ…പാപ്പാ നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു’ എന്ന പുസ്തകം നാളെ പ്രസിദ്ധീകരിക്കും.

വിജ്ഞാന പ്രദവും അതെ സമയവും നിഷ്കളങ്കവുമായ ചോദ്യങ്ങൾക്ക് വളരെ ലളിതമായ ഭാഷയിലാണ് പാപ്പാ മറുപടി നൽകുന്നത്. ‘എന്തുകൊണ്ടാണ് യുദ്ധങ്ങൾ ഉണ്ടാകുന്നത്?’ എന്ന സ്പെയിൻകാരനായ ദാരിയോ എന്ന കുട്ടിയുടെ ചോദ്യത്തിന്, മുതിർന്നവരാകുമ്പോൾ നാം സ്വാർത്ഥരാകാനുള്ള പ്രലോഭനങ്ങൾ വർധിക്കുമെന്നും,അത് പണത്തിനും പദവിക്കും വേണ്ടിയുള്ള അത്യാഗ്രഹമായി രൂപാന്തരപ്പെട്ടുകൊണ്ട് നമ്മുടെ ഉള്ളിൽ തിന്മ വിതയ്ക്കുമെന്നും, പിന്നീട് ഈ ലക്ഷ്യപ്രാപ്തിക്ക് തടസം നിൽക്കുന്നവരെ തുടച്ചുനീക്കുവാനുള്ള യുദ്ധങ്ങളിലേക്ക് വഴിമാറുന്നുവെന്നും പാപ്പാ മറുപടി പറഞ്ഞു.ഇന്ന് ഭൂമിയിൽ ചെറുതും വലുതുമായ നിരവധി യുദ്ധങ്ങളും, അക്രമങ്ങളും നിലനിൽക്കുന്നുണ്ടെന്നും, അത് ശരിയാണെന്നു പറയുന്നവർ നിരവധിയുണ്ടെന്നും എന്നാൽ ഇവയൊക്കെ തെറ്റാണെന്ന് കുട്ടികളായ നിങ്ങൾ മനസിലാക്കുമെന്നതിൽ തനിക്ക് സംശയമില്ലെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.

‘എന്നെങ്കിലും ലോകമെമ്പാടും സമാധാനമുണ്ടാകുമെന്ന് കരുതുന്നുണ്ടോ?’ എന്ന പനാമയിൽ നിന്നുള്ള ഇസബെല്ല എന്ന ബാലികയുടെ ചോദ്യത്തിന്, സമാധാനപ്രവർത്തനങ്ങളിൽ നാം ഒരിക്കലും മനസുമടുക്കരുതെന്നും സമാധാനം സാധ്യമാണ്, കൈവരിക്കാനാകും.എന്നിരുന്നാലും, തങ്ങളുടെ ആയുധങ്ങൾ താഴെയിടാനും അക്രമം ശമിപ്പിക്കാനും പിരിമുറുക്കങ്ങളും സംഘർഷങ്ങളും ഉണ്ടാക്കാതിരിക്കാനും എല്ലാവരും പ്രതിജ്ഞാബദ്ധരായിരിക്കണം എന്നുത്തരമായി പറഞ്ഞു. മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കാനുള്ള ആഗ്രഹം, ആധിപത്യത്തിനും പണത്തിനുമുള്ള ദാഹം എന്നിവ ഒരാളുടെ ഹൃദയത്തിൽ നിന്ന് ഉന്മൂലനം ചെയ്യപ്പെടണം, പാപ്പാ ചൂണ്ടിക്കാണിച്ചു.

‘കുട്ടികളിൽ നിന്നും മുതിർന്നവർ പാഠങ്ങൾ പഠിക്കണം’ എന്ന് പാപ്പാ നിരന്തരം പറയുന്നതിന്റെ കാരണമന്വേഷിച്ച ഹംഗറിയിൽ നിന്നുള്ള ഒരു കുട്ടിയോട് കുഞ്ഞുങ്ങളുടെ തനിമയെക്കുറിച്ച് പാപ്പാ എടുത്തു പറഞ്ഞു. മുൻവിധികളില്ലാതെ ശുദ്ധമായ ഹൃദയമാണ് കുട്ടികൾക്കുള്ളതെന്നും, അതിനാൽ കൂടുതൽ സത്യസന്ധമായും ഉദാരമായും ജീവിക്കാൻ മറ്റുള്ളവരെ നിങ്ങൾ സഹായിക്കുന്നുവെന്നും പാപ്പാ പുസ്തകത്തിൽ പറയുന്നുണ്ട്. കുടിയേറ്റക്കാരായ പാവപെട്ട കുട്ടികളുടെ വിഷമങ്ങൾ പങ്കുവെച്ച ഇറ്റലിക്കാരനായ ബാലനോടുള്ള മറുപടിയായി എല്ലാവരും സഹോദരീ സഹോദരന്മാരാണെന്നുള്ള സാമൂഹിക സൗഹൃദത്തിന്റെ ഊഷ്മളത നാം അവർക്കു പകർന്നു നൽകണമെന്നും, യുദ്ധങ്ങൾ, അക്രമം, അനീതി, ദാരിദ്ര്യം, പട്ടിണി എന്നിവയിൽ നിന്ന് പലായനം ചെയ്യേണ്ടി വരുന്നവരെ സംഭാഷണങ്ങളിലൂടെയും മറ്റും സമന്വയിപ്പിക്കുവാനുള്ള നമ്മുടെ കടമയെ പറ്റി നാം ബോധവാന്മാരാകണമെന്നും പാപ്പാ ഉപദേശിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?