വത്തിക്കാൻ സിറ്റി :1223-ൽ ചരിത്രത്തിലാദ്യമായി ഇറ്റലിയിലെ ഗ്രെസ്സിയോ പട്ടണത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി തിരുപ്പിറവി ദൃശ്യം നിര്‍മ്മിച്ചതിന്റെയും ഹോണോറിയസ് മൂന്നാമന്‍ പാപ്പ ഫ്രേയോർ മൈനറുകൾക്കായുള്ള ഫ്രാന്‍സിസ്കന്‍ നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കിയതിന്റെയും എണ്ണൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ വർഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ അഷ്ടഭുജാകൃതിയിലുള്ള തട്ടിൽ നിര്‍മ്മിക്കുന്ന തിരുപ്പിറവി ദൃശ്യം, വിശുദ്ധന്‍ നിര്‍മ്മിച്ച തിരുപ്പിറവി ദൃശ്യത്തിന്റെ തനിപകര്‍പ്പായിരിക്കുമെന്ന് വത്തിക്കാന്‍.തിരുപ്പിറവി ദൃശ്യത്തിന് ഫ്രാന്‍സിസ്കന്‍ ശൈലിയായിരിക്കും ഉണ്ടായിരിക്കുക. ഫ്രാൻസ് അതിർത്തിയിലുള്ള ഇറ്റാലിയൻ ആൽപ്സിനു സമീപമുള്ള വടക്കന്‍ ഇറ്റലിയിലെ സലൂസോയിലെ പിയഡ്മോണ്ടെസി രൂപതയിലെ മാക്രാ മുനിസിപ്പാലിറ്റിയില്‍ നിന്നാണ് ഇത്തവണത്തെ ക്രിസ്മസ് ട്രീയ്ക്കായി 82 അടി ഉയരമുള്ള വെളുത്ത സ്പ്രൂസ് മരം എത്തിക്കുന്നത്. ഡിസംബര്‍ ഒൻപതിന് അനാവരണം ചെയ്യുന്ന ഈ അലങ്കാരങ്ങള്‍ 2024 ജനുവരി ഏഴിന് യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ വരെ സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിക്കും.
വിശുദ്ധ നാട് സന്ദർശിച്ചു മടങ്ങിയെത്തിയ ഫ്രാൻസിസ് അസീസി ക്രിസ്തുവിന്റെ ജനനം അനുസ്മരിക്കുന്നതിനായി ഗ്രെസ്സിയൊ പട്ടണത്തില്‍ നിര്‍മ്മിച്ച തിരുപ്പിറവി ദൃശ്യത്തേക്കുറിച്ചുള്ള ഫ്രാന്‍സിസ്കന്‍ എഴുത്തുകാരനായ ടോമാസ്സോ ഡാ സെലാനോയുടെ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന ഇക്കൊല്ലത്തെ തിരുപ്പിറവി ദൃശ്യം സന്ദര്‍ശകരെ 1223-ലേക്ക് തിരികെ കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി വത്തിക്കാൻ പുറത്തിറക്കിയ വാർത്താക്കുറിപ്പ് പറയുന്നു.
തിരുപ്പിറവി ദൃശ്യത്തിന്റെ വലിപ്പവും, അതിലെ ടെറാകോട്ടാ രൂപങ്ങളും ഗ്രെസ്സിയോ പുല്‍ക്കൂടിന്റെ തനി പകർപ്പായിരിക്കും. വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി യേശു ക്രിസ്തുവിനെ കൈകളില്‍ എടുക്കുമ്പോള്‍ ഒരു ഫ്രാന്‍സിസ്കന്‍ ഫ്രേയോർ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും, പരിശുദ്ധ കന്യകാമാതാവും, വിശുദ്ധ യൗ സേപ്പിതാവും സമീപത്ത് നില്‍ക്കുന്നതുമാണ് മുഖ്യപ്രമേയം. ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളും ആ പ്രദേശത്തെ നാല് ഫ്രാൻസിസ്കൻ ദേവാലയങ്ങളും കൂടാതെ ഒരു കഴുതയും, കാളയും ചിത്രീകരണത്തിലുണ്ടായിരിക്കും.
ഗ്രെസിയോയിലെ കത്തോലിക്കാ ദേവാലയത്തിൽ ഇപ്പോഴും നിലനിൽക്കുന്ന പാറയും അതിനു മുകളിൽ വരച്ച ഫ്രെസ്കോയുമാണ് രൂപങ്ങൾക്ക് പിന്നിലെ ഘടന. പരമ്പരാഗത അലങ്കാരങ്ങൾക്കു പകരം, ആൽപ്‌സ് പർവതനിരകളിലും ഉയർന്ന ഉയരത്തിലുള്ള മറ്റ് പ്രദേശങ്ങളിലും വളരുന്ന വെളുത്ത പർവത പുഷ്പമായ ആയിരക്കണക്കിന് എഡൽവീസ് കൊണ്ടായിരിക്കും ക്രിസ്മസ് ട്രീ അലങ്കരിക്കുക. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ വെര്‍ഗെസ് അല്‍സാഗയാണ് പുൽക്കൂട് സന്ദർശകർക്കായി അനാവരണം ചെയ്യുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *