വത്തിക്കാന്‍ ന്യൂസ്: മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, വത്തിക്കാനിൽ ഇത്തവണ ക്രിസ്‌മസ് അലങ്കാരങ്ങളുടെ ഭാഗമായുള്ള ക്രിസ്തുമസ് ട്രീ ആഘോഷങ്ങൾക്ക് ശേഷം നശിപ്പിക്കുന്നതിനു പകരം, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളാക്കി മാറ്റുന്നതിന് തീരുമാനിച്ചു. കാരിത്താസ് സംഘടനയുടെ നേതൃത്വത്തിൽ ഈ കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യും. വടക്കൻ ഇറ്റലിയിലെ കൂണെയോ പ്രദേശത്തെ മാക്ര താലൂക്കിലെ മായിര താഴ്‌വരയിൽനിന്നുള്ള 28 മീറ്റർ ഉയരമുള്ള സരളവൃക്ഷമാണ് ഇത്തവണ ക്രിസ്തുമസിനായി വത്തിക്കാനിലെത്തിച്ചിട്ടുള്ളത്. 65 ക്വിന്റൽ ഭാരവുമുള്ള ഈ മരം 56 വർഷം പ്രായമുള്ളതാണ്. പിയെ മോന്തെ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള അഗ്നിശമനവിഭാഗത്തിന്റെ നിർദ്ദേശപ്രകാരം മുറിച്ചു മാറ്റാൻ തീരുമാനിക്കപ്പെട്ട വൃക്ഷമാണിത്. മഞ്ഞുവീഴ്ചയുടെ പ്രതീതിയുളവാക്കുന്ന വിധത്തിൽ വിളക്കുകളും, അലങ്കാരങ്ങളും വൃക്ഷത്തിൽ ഉണ്ടായിരിക്കും.
റിയെത്തി പ്രദേശത്തുനിന്ന് കൊണ്ടുവരുന്ന പുൽക്കൂടിന്റെ ഉദ്‌ഘാടനവും ക്രിസ്തുമസ് ട്രീ പ്രകാശിപ്പിക്കലും, ഡിസംബർ ഒമ്പതിന് വത്തിക്കാൻ ഗവർണ്ണറേറ്റ് പ്രസിഡന്റ് കർദ്ദിനാൾ ഫെർണാണ്ടോ വേർഗെസ് അലസാഗ നിർവഹിക്കും. അന്നേദിവസം തന്നെ റിയെത്തി, മാക്ര പ്രദേശങ്ങളിൽനിന്നുള്ള പ്രതിനിധിസംഘങ്ങൾക്ക് പതിവുപോലെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിക്കും.
Leave a Comment
Your email address will not be published. Required fields are marked with *