Follow Us On

25

March

2025

Tuesday

പ്രാര്‍ത്ഥനയ്ക്ക് ഉത്തരം; അബോര്‍ഷന്‍ ദാതാക്കളായ പ്ലാന്‍ഡ് പേരന്റ്ഹുഡിന്റെ ന്യൂയോര്‍ക്ക് ഓഫീസ് അടച്ചുപൂട്ടി

പ്രാര്‍ത്ഥനയ്ക്ക് ഉത്തരം; അബോര്‍ഷന്‍ ദാതാക്കളായ പ്ലാന്‍ഡ് പേരന്റ്ഹുഡിന്റെ ന്യൂയോര്‍ക്ക് ഓഫീസ് അടച്ചുപൂട്ടി

ന്യൂയോര്‍ക്ക്: അബോര്‍ഷന്‍ ദാതാക്കളായ പ്ലാന്‍ഡ് പേരന്റ്ഹുഡിന്റെ ന്യൂയോര്‍ക്കിലെ ഏക ഓഫീസ്  അടച്ചുപൂട്ടി. വര്‍ഷങ്ങളായി ന്യൂയോര്‍ക്കിലെ പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ മാന്‍ഹട്ടനിലെ പ്ലാന്‍ഡ് പേരന്റ്ഹുഡ് ഓഫീസിന് മുമ്പില്‍ നടത്തിയ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരം കൂടെയാണ് ഈ അടച്ചുപൂട്ടല്‍. രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നാണ് ഈ ഓഫീസ് വില്‍ക്കാന്‍ തീരുമാനിച്ചതെന്ന്  സിഇഒ വെന്‍ഡി സ്റ്റാര്‍ക്ക് പറഞ്ഞു.
ഈ അബോര്‍ഷന്‍ കേന്ദ്രം അടച്ചുപൂട്ടുന്നത് നിസാര കാര്യമല്ലെന്നും നിരവധി സ്പാനിഷ് വംശജരും കറുത്ത വര്‍ഗക്കാരും ഗര്‍ഭഛിദ്രത്തിനായി സമീപിച്ചിരുന്ന ഈ കേന്ദ്രം നിര്‍ത്തലാക്കുന്നതിന് പ്രതീകാത്മകമായി ഏറെ പ്രാധാന്യമുണ്ടെന്നും പ്രോ-ലൈഫ്  പ്രവര്‍ത്തകയും  നാഷണല്‍ റിവ്യൂവിന്റെ എഡിറ്ററുമായ കാതറിന്‍ ജീന്‍ ലോപ്പസ് പ്രതികരിച്ചു. ആ ക്ലിനിക്കിന് പുറത്ത് നടന്നിട്ടുള്ള പ്രാര്‍ത്ഥനയ്ക്കും ത്യാഗത്തിനും ഉള്ള ഉത്തരമാണ് ഈ തീരുമാനമെന്നും ലോപ്പസ് കൂട്ടിച്ചേര്‍ത്തു. ഒന്നര വര്‍ഷത്തിലേറെയായി പ്രാര്‍ത്ഥനാ പരിപാടികളില്‍ പങ്കെടുക്കുകയും മാന്‍ഹട്ടന്‍ ക്ലിനിക്കിന് പുറത്ത് സൈഡ്വാക്ക് കൗണ്‍സിലിംഗ് നടത്തുകയും ചെയ്തുവരുന്നവരില്‍ ഒരാളാണ് ലോപ്പസ്.

പതിറ്റാണ്ടുകള്‍ നീണ്ട പ്രാര്‍ത്ഥനയ്ക്ക് ശേഷം ഈ കെട്ടിടം അടച്ചുപൂട്ടുന്നത് പ്രോ-ലൈഫ് പ്രസ്ഥാനത്തിന്റെ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു. മാന്‍ഹട്ടനിലെ പ്ലാന്‍ഡ് പേരന്റ്ഹുഡിന്റെ അടച്ചുപൂട്ടല്‍  പ്രാര്‍ത്ഥനയ്ക്കുള്ള അവിശ്വസനീയമായ ഉത്തരമാണെന്ന് സിസ്റ്റേഴ്‌സ് ഓഫ് ലൈഫ്  പറഞ്ഞു.
2008 മുതല്‍ നടക്കുന്ന ആദ്യ ശനിയാഴ്ചകളിലെ കുര്‍ബാന, ജപമാല റാലി, 2015 മുതല്‍ മാന്‍ഹട്ടനില്‍ നടക്കുന്ന 40 ദിവസത്തെ ഉപവാസപ്രാര്‍ത്ഥന തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുകയും അതില്‍ പങ്കെടുക്കുകയും ചെയ്തവര്‍ക്ക് സന്യാസിനിമാര്‍  നന്ദി പറഞ്ഞു. ‘പ്രാര്‍ത്ഥനയിലൂടെയാണ് മരണത്തിന്റെ സംസ്‌കാരം ജീവന്റെ സംസ്‌കാരമായി മാറുന്നത്. സ്ഥിരവും വിശ്വസ്തവുമായ ഈ പ്രാര്‍ത്ഥനയുടെ ഫലം കാണാനായതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു,’ സന്യാസിനിമാര്‍ കൂട്ടിച്ചേര്‍ത്തു.

കത്തോലിക്ക ഫോട്ടോഗ്രാഫറായ ജെഫ്രി ബ്രൂണോയുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു ‘ഈ അടച്ചുപൂട്ടല്‍ മറ്റൊരു ബിസിനസ് തീരുമാനമായി തോന്നാം. പക്ഷേ, ആ നടപ്പാതകളില്‍ മുട്ടുകുത്തി നിന്ന്, ഹൃദയവേദനയോടെ പ്രാര്‍ത്ഥിച്ചവര്‍ക്ക്, അത് കൂടുതല്‍ അഗാധമായ എന്തോ ഒന്നാണ്- ഒരു അത്ഭുതം – സ്വര്‍ഗം ഭൂമിയെ സ്പര്‍ശിച്ച നിമിഷം, വിശ്വാസികളുടെ എണ്ണമറ്റ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിച്ച നിമിഷം.’  പതിറ്റാണ്ടുകളായി മാന്‍ഹട്ടന്‍ ക്ലിനിക്കിന് പുറത്തുള്ള പ്രോ-ലൈഫ് പ്രാര്‍ത്ഥനാ  ചിത്രങ്ങള്‍ പകര്‍ത്തിയ ബ്രൂണോ, തിരുകുടുംബത്തിന്റെ കാവല്‍ക്കാരനായ  സെന്റ് ജോസഫിന്റെ തിരുനാള്‍ദിനത്തില്‍ തന്നെ വന്ന ഈ പ്രഖ്യാപനം സ്വര്‍ഗത്തിന്റെ അടയാളമാണെന്ന് വിശ്വസിക്കുന്നു. ‘ജീവനുവേണ്ടിയുള്ള യുദ്ധം അവസാനിച്ചിട്ടില്ല; പക്ഷേ, ഇന്ന് ആഘോഷിക്കാന്‍ കാരണമുണ്ട്, കാരണം നമുക്ക് എപ്പോഴും കാണാന്‍ കഴിയാത്ത വിധത്തില്‍ ദൈവം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഇത് നേരിട്ട് വെളിപ്പെടുത്തുന്നു,’ അദ്ദേഹം കുറിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?