Follow Us On

25

August

2019

Sunday

ഫെബ്രുവരി 10: വിശുദ്ധ സ്‌കോളാസ്റ്റിക

ഫെബ്രുവരി 10: വിശുദ്ധ സ്‌കോളാസ്റ്റിക

തന്റെ സഹോദരനായ നർസിയായിലെ വിശുദ്ധ ബെനഡിക്ടിനെ പോലെ യുവത്വത്തിന്റെ ആദ്യകാലങ്ങളിൽ തന്നെ തന്റെ ജീവിതം ദൈവത്തിനായി സമർപ്പിച്ച ഒരു വിശുദ്ധയായിരുന്നു വിശുദ്ധ സ്‌കൊളാസ്റ്റിക്ക. കന്യകയായിരുന്ന സ്‌കൊളാസ്റ്റിക്കയെ കുറിച്ചുള്ള വിവരങ്ങൾ വളരെ പരിമിതമാണ്. ദൈവത്തോടുള്ള സംവാദങ്ങളെ കുറിച്ചുള്ള തന്റെ രണ്ടാമത്തെ ഗ്രന്ഥത്തിൽ (Book of Dialogues – Ch. 33 & 34) വിശുദ്ധ ഗ്രിഗറി മാർപാപ്പാ വിശുദ്ധരായ ഈ സഹോദരീ സഹോദരൻമാരുടെ അവസാന കൂടികാഴ്ചയെക്കുറിച്ച് നമുക്കായി വിവരിച്ചിട്ടുണ്ട്: ”അവന്റെ സഹോദരിയും ചെറുപ്പത്തിൽ തന്നെ ദൈവത്തിനായി സമർപ്പിക്കപ്പെട്ടവളുമായ സ്‌കൊളാസ്റ്റിക്ക, വർഷത്തിലൊരിക്കൽ അവനെ സന്ദർശിക്കാറുണ്ടായിരുന്നു. ഈ അവസരങ്ങളിൽ അവൻ അവളെ കാണുന്നതിനായി ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ളതും ആശ്രമത്തിന്റെ പ്രവേശന കവാടത്തിൽ നിന്നും കുറച്ചകലെയുള്ള ഒരു ഭവനത്തിൽ പോകുമായിരുന്നു. ഈ സന്ദർശനത്തിലും അവൻ തന്റെ കുറച്ച് ശിക്ഷ്യൻമാരുമായി അവളെ കാണുവാനായി പോയി. പകൽ മുഴുവൻ അവർ അവിടെ ഗാനങ്ങളും, ദൈവ സ്തുതികളും, ആത്മീയ ജീവിതത്തെ കുറിച്ചുള്ള ചർച്ചകളുമായി ചിലവഴിച്ചു.

”ഇരുട്ടായി തുടങ്ങിയപ്പോൾ അവർ ഒരുമിച്ചു ഭക്ഷണം കഴിച്ചു. പിന്നീട് ഒരുപാട് വൈകുംവരെ അവരുടെ സംഭാഷണം തുടർന്നു. അതിനുശേഷം വിശുദ്ധയായ ആ കന്യകാ സ്ത്രീ തന്റെ സഹോദരനോടു പറഞ്ഞു ”ഈ രാത്രിയിൽ ദയവായി എന്നെ ഉപേക്ഷിച്ച് പോകരുത് സഹോദരാ, നമുക്ക് നേരം വെളുക്കും വരെ സ്വർഗ്ഗത്തിലെ ആനന്ദത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കാം.” ‘നീ എന്താണ് പറയുന്നത് സഹോദരീ’ അദ്ദേഹം പ്രതിവചിച്ചു. ‘നിനക്കറിയാമോ എനിക്ക് ആശ്രമത്തിൽ നിന്നും അധികനേരം മാറി നിൽക്കുവാൻ കഴിയുകയില്ല.’ ആ സമയം ആകാശം വളരെ തെളിഞ്ഞതായിരുന്നു. ഒരു കാർമേഘം പോലും കാണുവാൻ കഴിയുകയില്ലായിരുന്നു.

തന്റെ സഹോദരന്റെ നിഷേധാത്മകമായ മറുപടി കേട്ട സഹോദരി തന്റെ കൈകൾ മടക്കി മേശയിൽ വെച്ച് അതിന്മേൽ തന്റെ തലവച്ച് കുനിഞ്ഞിരുന്നു തീക്ഷണമായി പ്രാർത്ഥിക്കുവാനാരംഭിച്ചു. അവൾ പിന്നീട് തല ഉയർത്തി നോക്കിയപ്പോൾ പെട്ടെന്ന് തന്നെ ശക്തമായ മിന്നലും അതേ തുടർന്ന് ശക്തമായ ഇടിമുഴക്കവും ഉണ്ടായി. വിശുദ്ധ ബെനഡിക്ടിനും ശിഷ്യൻമാർക്കും വാതിലിനു പുറത്തേക്ക് ഒരടിപോലും വെക്കുവാൻ കഴിയാത്തത്ര ശക്തമായിരുന്നു അത്. തന്റെ പ്രാർത്ഥനക്കിടക്ക് ധാരധാരയായി കണ്ണുനീർ ഒഴിക്കികൊണ്ട് ആ വിശുദ്ധയായ കന്യകാസ്ത്രീ തെളിഞ്ഞ ആകാശത്തിൽ നിന്നും ശക്തിയായി മഴപെയ്യിച്ചു.

അവളുടെ പ്രാർത്ഥന അവസാനിച്ച ഉടനെ ശക്തമായ കൊടുങ്കാറ്റും വീശുവാനാരംഭിച്ചു. വാസ്തവത്തിൽ ഇവ രണ്ടും തികച്ചും ഒരേപോലെയായിരുന്നു, കാരണം അവൾ മേശയിൽ നിന്നും തല ഉയർത്തിയപ്പോൾ ഇതിനോടകം തന്നെ പുറത്ത് ഇടിമുഴങ്ങുന്നുണ്ടായിരുന്നു, അവൾ പ്രാർത്ഥന അവസാനിപ്പിച്ചപ്പോൾ മഴയും ആരംഭിച്ചു. ”തനിക്ക് ഈ സാഹചര്യത്തിൽ ആശ്രമത്തിലേക്ക് മടങ്ങുവാൻ കഴിയുകയില്ല എന്ന് മനസ്സിലാക്കിയ വിശുദ്ധ ബെനഡിക്ട് വളരെ പരുഷമായി അവളോടു പരാതി പറഞ്ഞു ‘ദൈവം നിന്നോടു ക്ഷമിക്കട്ടെ സഹോദരീ. നീ എന്താണീ ചെയ്തത്?” ഇത് കേട്ട വിശുദ്ധ സ്‌കൊളാസ്റ്റിക്ക ഇപ്രകാരം മറുപടി പറഞ്ഞു ”ഞാൻ നിന്നോടു ആവശ്യപ്പെട്ടപ്പോൾ നീ അത് ശ്രവിച്ചില്ല, അതിനാൽ ഞാൻ ദൈവത്തിങ്കലേക്ക് തിരിയുകയും അവൻ എന്റെ പ്രാർത്ഥന കേൾക്കുകയും ചെയ്തു. ഇപ്പോൾ നിനക്ക് സാധിക്കുമെങ്കിൽ, എന്നെ ഇവിടെ വിട്ടിട്ട് നിന്റെ ആശ്രമത്തിലേക്ക് തിരികെ പോയ്‌ക്കോളൂ.”

അത് തീർച്ചയായും അവന് സാധിക്കുകയില്ലായിരുന്നു. അവന് തന്റെ താൽപ്പര്യത്തിനു വിപരീതമായി അവിടെ തുടരുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. രാത്രി മുഴുവൻ അവർ വിശുദ്ധ ചിന്തകളും, ആന്തരിക ജീവിത ചിന്തകളും പരസ്പരം പങ്കുവെച്ചു. അടുത്ത ദിവസം രാവിലെ വിശുദ്ധ സ്‌കൊളാസ്റ്റിക്ക തന്റെ മഠത്തിലേക്കും, വിശുദ്ധ ബെനഡിക്ട് തന്റെ ആശ്രമത്തിലേക്കും തിരികെ പോയി.

മൂന്ന് ദിവസങ്ങൾക്ക് ശേഷം വിശുദ്ധ ബെനഡിക്ട് തന്റെ മുറിയിൽ ആകാശത്തേക്ക് നോക്കി കൊണ്ട് നിൽക്കുമ്പോൾ തന്റെ സഹോദരിയുടെ ആത്മാവ് തന്റെ ശരീരം ഉപേക്ഷിച്ച് ഒരു പ്രാവിന്റെ രൂപത്തിൽ സ്വർഗ്ഗീയ രാജധാനിയിലേക്ക് പ്രവേശിക്കുന്നതായി കണ്ടു. അവളുടെ നിത്യമഹത്വത്തിൽ ആനന്ദഭരിതനായ സഹോദരൻ ഗാനങ്ങളും സ്തുതികളുമായി ദൈവത്തിനു നന്ദി പറഞ്ഞു. തന്റെ സഹോദരിയുടെ മരണത്തെ കുറിച്ച് തന്റെ ശിഷ്യൻമാരെ അറിയിച്ചതിനു ശേഷം വിശുദ്ധ ബെനഡിക്ട് താൻ അവൾക്കായി ഒരുക്കിയ കല്ലറയിൽ അടക്കുവാനായി അവളുടെ മൃതദേഹം കൊണ്ട് വരുവാനായി അവരിൽ കുറച്ച് പേരെ അയച്ചു.

ജീവിതകാലത്ത് തങ്ങളുടെ ആത്മാക്കൾ ദൈവത്തിൽ ഒന്നായിരുന്നത് പോലെ ഈ വിശുദ്ധരായ സഹോദരീ-സഹോദരന്മാരുടെ മൃതദേഹങ്ങൾ ഇപ്പോൾ ഒരേ കല്ലറയിലാണ് അടക്കം ചെയ്തിരിക്കുന്നത്. മോണ്ടെ കാസ്സിനോയിലാണ് വിശുദ്ധ സ്‌കൊളാസ്റ്റിക്കയുടെ കബറിടം സ്ഥിതിചെയ്യുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?