Follow Us On

16

April

2024

Tuesday

നിങ്ങൾക്കറിയാമോ, നിത്യം ഒരു സൈന്യവ്യൂഹമുണ്ട് നമുക്കു ചുറ്റും!

റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ

നിങ്ങൾക്കറിയാമോ, നിത്യം ഒരു സൈന്യവ്യൂഹമുണ്ട് നമുക്കു ചുറ്റും!

കാവൽമാലാഖമാരുടെ തിരുനാൾ ദിനത്തിൽ (ഒക്ടോബർ രണ്ട്),  കാവൽമാലാഖമാരെ കുറിച്ച് കൂടുതൽ അറിവുകൾ പകരുന്നതിനൊപ്പം, കാവൽമാലാഖയുടെ സംരക്ഷണം തേടി അനുനിമിഷം പ്രാർത്ഥിക്കാനും ഓർമിപ്പിക്കുന്നു ലേഖകൻ.

നിത്യതയിൽനിന്ന് നിത്യതയിലേക്കുള്ള പ്രയാണമല്ലേ നമ്മുടെ ജീവിതം. നമുക്ക് പരിചിതമല്ലാത്ത ഒരിടത്തുനിന്ന് ഈ ഭൂമിയിൽ ജനിച്ചുവീണു. മരണത്തോടെ തീരുന്ന ഈലോക യാത്ര വീണ്ടും നിത്യതയിലേക്ക് ചേർത്തു, നമ്മെ. ഇതിനിടയിൽ കാലിടറാതിരിക്കാൻ, ഇടറിയാൽ കരകയറാൻ ഒക്കെ ഏറെ സംവിധാനങ്ങൾ ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിലൊന്നാണ് ഓരോരുത്തനും നൽകപ്പെടുന്ന കാവൽമാലാഖ. നിന്റെ ജനനംമുതൽ നിത്യതയിൽ ചേരുംവരെ നിന്നെ അനുധാവനം ചെയ്യുന്ന ദൈവത്തിന്റെ അംബാസിഡറാണ് ഈ ദൈവദൂതൻ. സ്വർഗവാസികളുടെ അകമ്പടിയോടെയാണ് ഒരാളുടെ ജീവിതമെന്ന് കാവൽമാലാഖയുടെ സംരക്ഷണം പറഞ്ഞുതരും.

കാവൽമാലാഖയെക്കുറിച്ചുള്ള ചിന്തയും പഠനവും ക്രിസ്തുവിന്റെ ആഗമനത്തിന് മുമ്പു തന്നെ ഉണ്ടായിരുന്നു. ബഹുഭൂരിപക്ഷം യഹൂദരും മാലാഖമാരിൽ വിശ്വാസം പുലർത്തിയിരുന്നു. ചിന്തകനായ സോക്രട്ടീസ് മനസാക്ഷിയുടെ ശബ്ദമായാണ് അരൂപികളുടെ ലോകത്തെ വ്യാഖ്യാനിച്ചുപോന്നത്. നീതിബോധവും ദൈവചിന്തയും മനുഷ്യനിൽ ഉണർത്തുന്നത് കാവൽമാലാഖയാണെന്ന് അദ്ദേഹം പഠിപ്പിച്ചുപോന്നു.

എല്ലാവർക്കും കാവൽമാലാഖമാർ ഉണ്ടോ? തീർച്ചയായും. ഈ ഭൂമിയിൽ പിറന്നുവീഴുന്ന സകലർക്കും കാവൽമാലാഖമാർ ഉണ്ടെന്നാണ് സഭ പഠിപ്പിക്കുന്നത്. വിശ്വാസിക്കും അവിശ്വാസിക്കും മതവിശ്വാസ ഭേദമെന്യേ ഇത് നൽകപ്പെടുന്നുണ്ട്. പക്ഷേ, ഈ കാര്യം ഗ്രഹിക്കുന്നതും അതിനനുസൃതം ജീവിക്കുന്നതും വ്യത്യാസപ്പെട്ടിരിക്കും.

എപ്പോഴാണ് ഒരാൾ തന്റെ കാവൽമാലാഖയെ സ്വീകരിക്കുന്നത്? പൊതുവെ ഒരാളുടെ ജനനത്തോടെ എന്നതാണ് വിശ്വാസം. മൂന്നു വിധത്തിൽ ചിന്തിക്കാറുണ്ട്. ചിലർ കരുതുന്നത് അമ്മയുടെ ഉദരത്തിൽ കുഞ്ഞ് രൂപം കൊള്ളുമ്പോഴേ കാവൽമാലാഖയെ നൽകുന്നു എന്നതാണ്. വിശുദ്ധ ആൻസലെം ഇതാണ് പഠിപ്പിക്കുന്നത്.

അതേസമയം, മറ്റുചിലർ ജനനത്തോടെ കാവൽമാലാഖയെ ലഭിക്കുന്നു എന്നു പറയുന്നു. വിശുദ്ധ ജെറോമും വിശുദ്ധ തോമസ് അക്വിനാസും ഈ ഗണത്തിൽപെടുന്നു. വിശുദ്ധ ബേസിലാകട്ടെ മാമോദീസയിലൂടെയാണ് ഇതു ലഭിക്കുക എന്ന പക്ഷക്കാരനാണ്. കാവൽമാലാഖയുടെ പരിരക്ഷണം ആരംഭിക്കുന്ന സമയത്തെക്കുറിച്ച് വ്യത്യസ്ത ധാരണകളുണ്ടെങ്കിലും, ഈ സംരക്ഷണം ആത്മീയയാത്രയിൽ വളരെ പ്രധാനപ്പെട്ടതാണെന്ന് വിശുദ്ധ ഗ്രന്ഥവും സഭാപഠനവും വ്യക്തമാക്കുന്നു.

എന്താണിവ ചെയ്യുന്നത്? ഒരു വിശ്വാസിക്കു ചുറ്റും ഒരു സൈന്യവ്യൂഹത്തെ സൃഷ്ടിക്കുകയാണിവ. വിശ്വാസം പരിരക്ഷിക്കാനും അതിൽ നയിക്കപ്പെടാനും ഓരോ മനുഷ്യന്റെയും കാവൽമാലാഖ അയാളെ സഹായിക്കും. ശരീരമില്ലാത്ത ആത്മീയ ജീവികളാണ് മാലാഖമാർ എന്നുള്ളതുകൊണ്ട്, നഗ്‌നനേത്രങ്ങളിൽ മാലാഖമാരെ കാണില്ല. പക്ഷേ, വിശ്വാസത്തിന്റെ തിളക്കമാർന്ന കണ്ണിൽ ഇവയെ കാണാം. ചിലത് വെളിവാക്കാനും മറ്റു ചിലത് മറച്ചു പിടിക്കാനും കാവൽമാലാഖ ഒരാൾക്ക് തുണയാകും. തിന്മയുടെ കണ്ണിനെ നിനക്കെതിരെ അന്ധമാക്കാനും നിന്റെ കണ്ണിൽ വിശ്വാസത്തിന്റെ കൂടുതൽ വെളിച്ചം പകരാനും കാവൽമാലാഖയ്ക്ക് കഴിയും.

ഏലീഷാ പ്രവാചകനെ വകവരുത്താൻ സിറിയാ രാജാവ് സൈനികരെ അയച്ചു. ഏലീഷാ ഭൃത്യനോട് പറഞ്ഞു: ‘നാം ഭയപ്പെടേണ്ട. അവരെക്കാൾ കൂടുതൽ ആളുകൾ നമ്മുടെ കൂട്ടത്തിലുണ്ട്. ഭൃത്യന് ഒന്നും മനസിലായില്ല. തന്നെയും പ്രവാചകനെയും മാത്രമേ അവൻ കണ്ടുള്ളൂ. ‘കണ്ണടച്ചിരുന്നാൽ പിടികിട്ടില്ല. കണ്ണ് തുറന്നു നോക്കണം,’ എന്ന് പറഞ്ഞ് പ്രവാചകൻ അവന്റെ ഉൾക്കണ്ണ് തുറന്നു. കാര്യം പിടികിട്ടി. ദൈവശുശ്രൂഷകന് ചുറ്റും മാലാഖമാരുടെ സൈന്യവ്യൂഹമുണ്ട് (2 രാജാ. 6:3-23).

ഓരോരുത്തർക്കും ഓരോ കാവൽമാലാഖ എന്നാണ് പൊതുവെ വിശ്വാസമെങ്കിലും ഉന്നത ചുമതല നിർവഹിക്കുന്നവർക്ക് അധികം മാലാഖമാർ നൽകപ്പെടും എന്നും കരുതപ്പെടുന്നു. ശുശ്രൂഷ എളുപ്പമാക്കാനാണിത്. തിന്മയെ അതിജീവിക്കാനും. സങ്കീർത്തകൻ പറയുന്നു: ‘നിന്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടുന്നു തന്റെ ദൂതരോടു കൽപിക്കും,’ (91:10).

പരീക്ഷണ ഘട്ടങ്ങളിലും വെല്ലുവിളികൾ നേരിടുമ്പോഴും എല്ലാം കാവൽമാലാഖയുടെസംരക്ഷണം അവകാശപ്പെടണം. നമ്മെ അനുതപിക്കാൻ സഹായിക്കുന്നതും ഈ മാലാഖതന്നെ. നിരാശയിൽ വീഴാതെ ദൈവത്തിന്റെ വാഗ്ദാനം ഈ മാലാഖ ഓർമപ്പെടുത്തിത്തരും. ഞാൻ ആരെന്ന് മനസിലാക്കാൻ മാലാഖയുടെ സഹായം തേടിയാൽ മതി.

കുഞ്ഞുങ്ങൾ പരീക്ഷയ്ക്ക് ഒരുങ്ങുമ്പോഴും ഇന്റർവ്യൂവിനായി തയാറെടുക്കുമ്പോഴുമെല്ലാം കാവൽമാലാഖയോട് സഹായം യാചിക്കുക. ബുദ്ധിയിൽ തെളിമ തരാനും വസ്തുതകൾ മികവുറ്റ വിധത്തിൽ പങ്കുവയ്ക്കാനും നിങ്ങൾക്കാകും. കാവൽമാലാഖ ഉറങ്ങില്ല, നാം ഉറങ്ങുമ്പോഴും. വിട്ടുപോകില്ല, നാം വിഷമിക്കുമ്പോഴും. മറിച്ച് കണ്ണിമവയ്ക്കാതെ നമുക്കായി കാവലിരിക്കും.

ഭയ കാരണങ്ങൾ വേട്ടയാടുമ്പോഴും നിരാശയിൽ തളരുമ്പോഴും പ്രലോഭനങ്ങളിൽ പെട്ടുപോകുമ്പോഴും നിന്റെ കാവൽമാലാഖയുടെ സഹായം തേടുക. തീർച്ചയായും സഹായം ലഭിക്കും.1608ൽ പോൾ അഞ്ചാമൻ പാപ്പയാണ് ഒക്‌ടോബർ രണ്ടിന് കാവൽമാലാഖയുടെ തിരുനാൾ ആഘോഷിക്കുന്ന പതിവ് ആരംഭിച്ചത്. ഇന്നും അത് ശ്രദ്ധേയമായ തിരുനാളാണ്. നമുക്ക് പ്രാർത്ഥിക്കാം: ‘എന്റെ കാവൽമാലാഖയേ, എന്നെ സംരക്ഷിക്കാനും വഴിനടത്താനും എനിക്ക് കൂട്ടായിരിക്കണമേ.’

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?