Follow Us On

27

July

2024

Saturday

അബ്ദുൾ കലാമിനെ സ്പർശിച്ച വിശുദ്ധ അൽഫോൻസ; കേട്ടിട്ടുണ്ടോ ‘പ്രഥമ പൗരന്റെ’ പ്രചോദനാത്മക സാക്ഷ്യം

ജയസൺ കുന്നേൽ എം.സി.ബി.എസ്

എ.പി.ജെ അബ്ദുൾ കലാമിന്റെ പ്രചോദനാത്മകമായ വാക്കുകളിൽ മനസുടക്കാത്തവർ ഉണ്ടാവില്ല. എന്നാൽ, അദ്ദേഹത്തെ സ്വാധീനിച്ച വിശുദ്ധ അൽഫോൻസാ ലിഖിതത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? വിശുദ്ധയുടെ തിരുനാൾ (ജൂലൈ 28)  ദിനത്തിൽ വായിക്കാം ആ സാക്ഷ്യം.

ഭരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ ജീവിതം ഇന്ത്യൻ പ്രസിഡന്റായിരുന്ന എ.പി.ജെ അബ്ദുൾ കലാമിനെയും സ്വാധീനിച്ചിട്ടുണ്ട്. വിശുദ്ധ അൽഫോൻസ ഡയറിയിൽ കുറിച്ച വാക്കുകളാണ് ഭാരതത്തിന്റെ ‘പ്രഥമ പൗരൻ’ ആയിരുന്ന അദ്ദേഹത്തെ സ്പർശിച്ചത്. ‘വിശുദ്ധ അൽഫോൻസയുടെ ഈ വാക്കുകൾ പാലിച്ചാൽ മാത്രം മതി ലോകം എല്ലാവർക്കും സന്തോഷത്തോടെ താമസിക്കാൻ കഴിയുന്ന ഇടമായി മാറും’ എന്ന അഭിപ്രായത്തോടെ, പ്രസ്തുത കുറിപ്പ് ലോകത്തിനുമുന്നിൽ ഒരിക്കൽ പ്രഘോഷിക്കുകയും ചെയ്തു അദ്ദേഹം.

വിശുദ്ധ അൽഫോൻസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് 2008ൽ ഭരണങ്ങാനത്തു സംഘടിപ്പിച്ച പൊതുസമ്മേനത്തിൽ അദ്ദേഹം നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ:

വിശുദ്ധ അൽഫോൻസയുടെ ഡയറിയിൽ എഴുതിയ ഒരു ചിന്ത എന്നെ വളരെയേറെ സ്വാധീനിച്ചു. അത് നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

‘എന്റെ പ്രവണതകൾക്കനുസരിച്ച് പ്രവർത്തിക്കാനോ സംസാരിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ വീഴുന്ന ഓരോ സമയത്തും ഞാൻ പ്രായശ്ചിതം ചെയ്യും. ആരെയും അവഗണിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കും. ഞാൻ എപ്പോഴും മറ്റുള്ളവരോട് മധുരമായി സംസാരിക്കും. എന്റെ കണ്ണുകളെ കണിശതയോടെ ഞാൻ നിയന്ത്രിക്കും. എന്റെ ഏറ്റവും ചെറിയ തെറ്റുകൾക്കുപോലും ദൈവത്തോട് ഞാൻ മാപ്പ് ചോദിക്കുകയും പ്രായശ്ചിത്തിലൂടെ പരിഹാരം ചെയ്യുകയും ചെയ്യും. എന്റെ സഹനങ്ങൾ എന്തുതന്നെ ആയാലും ഞാൻ ഒരിക്കലും പരാതിപ്പെടില്ല. എന്ത് അപമാനം എൽക്കേണ്ടിവന്നാലും ഈശോയുടെ തിരു ഹൃദയത്തിൽ ഞാൻ അഭയം കണ്ടെത്തും.’

മാനവരാശിക്ക് എത്രയോ ശക്തമായ സന്ദേശമാണ് വിശുദ്ധ അൽഫോൻസ നൽകിയിരിക്കുന്നത്. ഈ സ്വഭാവവിശേഷം നാം പിൻതുടർന്നാൽ മാത്രം മതി ലോകം എല്ലാവർക്കും സന്തോഷത്തോടെ താമസിക്കാൻ കഴിയുന്ന ഇടമായ് മാറും. വിശുദ്ധ അൽഫോൻസയുടെ ജീവിതം ആഴത്തിൽ പഠിച്ചാൽ സഹനങ്ങൾ ദൈവദാനമായി അവൾ സ്വീകരിച്ചെന്നും ലോകത്തെ അവൾ പരിത്യജിച്ചെന്നും നമുക്കു കാണാൻ കഴിയും. അവൾ ആഗ്രഹങ്ങളെ പരിത്യജിച്ചു. മറ്റുള്ളവർ അവളെ ചെറുതാക്കിയപ്പോഴും കുത്തുവാക്കു പറഞ്ഞപ്പോഴും ആ സഹനങ്ങൾ എല്ലാം ഒരു ചെറുപുഞ്ചിരിയോടെ അവൾ സ്വീകരിച്ചു.

ഒരിക്കലും മോശമായി പ്രതികരിക്കാതെ എല്ലായ്‌പ്പോഴും ക്രിയാത്മകമായി പ്രതികരിച്ച്, ശാന്തത നിലർത്തി അവൾ മറ്റുള്ളവരുടെ ഹൃദയം നേടി, അപ്പോഴും ഇപ്പോഴും വരാനുള്ള ഭാവിയിലും. വിവാഹിതരായ ദമ്പതികൾ ഒരു മോതിരം ധരിക്കുന്നു. എന്നാൽ, കന്യാസ്ത്രീകൾ മോതിരം ധരിക്കാറില്ല. എന്നാൽ ഈ കന്യാസ്ത്രീ ഒരു മോതിരം ധരിച്ചിരുന്നു അവൾ പറയുന്നതുപോലെ സഹനമായിരുന്നു അത്. അവൾ സഹിച്ചു. നിശബ്ദമായി അവൾ സഹിച്ചു. സഹനത്തിന്റെ ആഘോഷങ്ങളിൽ അണിയാൻ കഴിയുന്ന ഏറ്റവും നല്ല ആഭരണം നിശബ്ദതയാണന്ന് അവൾ അറിഞ്ഞിരുന്നു.’

ഞാൻ വിശുദ്ധ അൽഫോൻസായുടെ മണ്ണിലായിരിക്കുമ്പോൾ എല്ലാ സഹനങ്ങളെയും പുഞ്ചിരിയോടെ സ്വീകരിച്ച വിശുദ്ധ അൽഫോൻസയുടെ ഗാനം എന്റെ ചെവികളിൽ മുഴങ്ങുന്നു. ആ ഗാനം ഇപ്രകാരമാണ്: ‘എനിക്കു എന്തു ദാനം ചെയ്യാൻ കഴിയും. ദാനം ചെയ്യുന്നതിൽ ഞാൻ ക്രിസ്തുവിനെ കാണുന്നു.’

ഈ സന്ദർഭത്തിൽ ദാനത്തെക്കുറിച്ചുള്ള ഒരു കവിത ഉണർത്തിയ ചിന്തകൂടി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു: ‘ഓ എന്റെ സഹപൗരന്മാരെ, നൽകുന്നതിൽ നിങ്ങൾ ആത്മാവിലും ശരീരത്തിലും സന്തോഷം സ്വീകരിക്കുന്നു. നിങ്ങൾക്ക് നൽകാനായി എല്ലാമുണ്ട്. നിങ്ങൾക്കു അറിവുണ്ടെങ്കിൽ അതു പങ്കുവെക്കുക, നിങ്ങൾക്കു വിഭവങ്ങൾ ഉണ്ടെങ്കിൽ അവ ആവശ്യക്കാരുമായി പങ്കുവെക്കുക. സഹനങ്ങളുടെ വേദന മാറ്റാനും ദുഃഖ ഹൃദയങ്ങളെ സന്തോഷിപ്പിക്കാനും നിങ്ങളുടെ മനസും ഹൃദയവും ഉപയോഗിക്കുക. നൽകുന്നതിൽ നിങ്ങൾ സന്തോഷം സ്വീകരിക്കുന്നു. സർവശക്തൻ നിങ്ങളുടെ എല്ലാ പ്രവർത്തികളെയും അനുഗ്രഹിക്കട്ടെ.’

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?