Follow Us On

25

April

2024

Thursday

അൽഫോൻസാമ്മയും ഞാനും തമ്മിൽ…

റോയി അഗസ്റ്റിൻ, മസ്‌കറ്റ്

അൽഫോൻസാമ്മയും ഞാനും തമ്മിൽ…

ഒരു പാട് സഹനങ്ങളിലൂടെ കടന്നുപോയിട്ടും ജീവിതത്തിലുടനീളം വിശുദ്ധ അൽഫോൻസാമ്മ കൈവെടിയാതിരുന്ന സ്വർഗോന്മുഖമായ പ്രസന്നത ആരെയും വിസ്മയിപ്പിക്കും. ഇനിയും എത്രകാലം, എത്ര കാതം നടന്നാലാണ് നമുക്കതിനാവുക എന്ന് ധ്യാനിക്കാൻ പ്രേരിപ്പിക്കുകയാണ് വിശുദ്ധയുടെ തിരുനാളിൽ (ജൂലൈ 28) ലേഖകൻ.

കല്ലും മുള്ളും നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ തനിയെ നടന്നവരാണ് വിശുദ്ധർ. ബലവാന്മാർക്കു മാത്രം തള്ളിത്തുറന്നകത്തു കേറാവുന്ന ഇടമാണ് സ്വർഗരാജ്യമെന്നവർ പറഞ്ഞു തരികയും ചെയ്യുന്നുണ്ട്. നിരന്തര ജാഗ്രതയും പൂർണമായ ഉപേക്ഷയും സഹനവും അലച്ചിലും എല്ലാറ്റിനുമുപരി ക്രിസ്തുവിനോടുള്ള ഗാഢമായ സ്‌നേഹവും അവരെ നിരന്തരം മുന്നോട്ടു നയിക്കുന്നു. പൂവിന്റെ നൈർമല്യമുണ്ടായിരുന്ന ക്രിസ്തുവിനെപ്പോലും വെറുതെ വിടാതിരുന്ന ലോകത്തിന്റെ ആസുരതകൾക്കുമീതേ സ്‌നേഹത്തിന്റെ പാദുകമണിഞ്ഞ് തീർത്തും സൗമ്യമായി നടന്നു നീങ്ങുക ഒട്ടും എളുപ്പമല്ല, പ്രത്യേകിച്ച് ഇക്കാലത്ത്.

പരിപൂർണതയുടെ അവസാന വാക്കായ യേശുവിന്റെ വ്യക്തിത്വത്തിലെ ഏതെങ്കിലുമൊരു സവിശേഷത എടുത്തനുകരിക്കാൻ ശ്രമിച്ചവരൊക്കെ വിശുദ്ധരാണ്. അത്തരത്തിൽ വിശകലനം ചെയ്യുമ്പോൾ സഹനത്തിന്റെ നെരിപ്പോടു താണ്ടി കാൽവരിയിലെ കുരിശിനോടു താദാത്മ്യം പ്രാപിച്ചവളായിരുന്നു അൽഫോൻസാമ്മ. നമ്മുടെ തൊട്ടു മുൻതലമുറയിൽ ജീവിച്ച അവൾ ചവിട്ടി നിന്നത് നാം കാൽവെച്ച അതേ മണ്ണിൽത്തന്നെ. മഠത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിശുദ്ധിയുടെ ഉന്നത ഗിരികളിലൂടെ സഞ്ചരിക്കുകയായിരുന്നു വെറും 37 വർഷം മാത്രം ജീവിച്ച ഈ സന്യാസിനി.

ആ കൊച്ചുജീവിതം ഒരുപാടു കാര്യങ്ങൾ എന്നെ പഠിപ്പിക്കുന്നുണ്ട്. ഒരു സാധാരണ മനുഷ്യൻ വീട്ടിലോ സന്യാസത്തിന്റെ ആവൃതിക്കുള്ളിലോ ഒക്കെ കടന്നുപോകുവാൻ ഇടയുള്ള അനുഭവങ്ങളിലൂടൊക്കെത്തന്നെയാണ് ഈ സന്യാസിനിയും കടന്നു പോയിട്ടുള്ളത്. എന്നിട്ടും അൾത്താരയിൽ വണങ്ങപ്പെടാൻ മാത്രം യോഗ്യത എങ്ങിനെയവൾക്കുണ്ടായി? ആ സാധാരണ അനുഭവങ്ങളെയൊക്കെ വേറിട്ടൊരു കാഴ്ചയിൽ സ്‌നാനം ചെയ്യിച്ചവൾ അഗ്‌നിശുദ്ധി നേടിയെടുത്തു. അതാണവളുടെ യോഗ്യത!

നിഗൂഢാനന്ദമെന്ന് ആത്മീയതയെ വിശേഷിപ്പിക്കാറുണ്ട്. പ്രണയം പോലെയാണത്. പ്രണയിക്കുന്നവർക്കിടയിലെ ആരുമറിയാത്ത തീവ്രസ്‌നേഹമാണല്ലോ അവരുടെ കണ്ണുകളിലെ തിളക്കത്തിനു കാരണം. മാത്രമല്ല, പ്രണയിക്കുന്നവർക്ക് ലോകത്തിലെ മറ്റേതു കാര്യവും, മറ്റേതു വ്യക്തിയും അതിനു താഴെ മാത്രം വരുന്ന കാര്യങ്ങളാണ്.ക്രിസ്തുവിനോട് അങ്ങനെയൊരു പ്രണയത്തിൽപ്പെട്ടു പോയൊരാളായി അൽഫോൻസാമ്മയെ കാണക്കാക്കാം. ഒരുതരം ഉന്മാദത്തോളമെത്തുന്ന സ്‌നേഹം.

കുഞ്ഞായിരിക്കുമ്പോൾ തന്നെ ക്രിസ്തുവിന്റെ സ്‌നേഹത്താൽ വശീകരിക്കപ്പെട്ട അവൾ കോൺവെന്റിൽ ചേരുന്നതിനു മുമ്പു തന്നെ ഒരു മിസ്റ്റിക്കിന്റെ മാനസീക തലത്തിൽ എത്തിച്ചേർന്നിരുന്നു. സന്യാസിനി ആയതിനുശേഷം അതു വളർന്ന് വളർന്ന് സഹനമെന്നാൽ സ്‌നേഹമെന്ന് വ്യാഖ്യാനിക്കാൻ കഴിയുന്നടുത്തോളമെത്തി.

അതികഠിനമായ വേദനയുടെ നാളുകളിൽ, ഉറങ്ങാൻ പോലുമാകാതെ കിടക്കുമ്പോൾ നീ എന്തു ചെയ്യുകയാണ് എന്നു ചോദിച്ച മെത്രാനോട് അവൾ പറയുന്നത് ഞാൻ സ്‌നേഹിക്കുകയാണ് എന്നാണല്ലോ! അത്രയ്ക്കഗാധമായിരുന്നു ക്രിസ്തുവുമായി അവൾക്കുണ്ടായിരുന്ന സൗഹൃദം. ആത്മസുഹൃത്തിനു വേണ്ടിയോ അയാൾക്കൊപ്പമോ ചെയ്യുന്ന ഒരു കാര്യവും നമ്മെ ഭാരപ്പെടുത്താറില്ലല്ലോ.

സാധാരണ ജീവിതാനുഭവങ്ങളെ അസാധാരണമായ തെളിമയോടും സ്‌നേഹത്തോടുംകൂടി സ്വീകരിച്ചു എന്നുള്ളതാണല്ലോ അൽഫോൻസാമ്മയും നമ്മളും തമ്മിലുളള വ്യത്യാസം. ജീവിത പശ്ചാത്തലം വെച്ചു നോക്കിയാൽ അൽഫോൻസാമ്മ എങ്ങനെ ഇത്രയും നന്മയുള്ള ഒരാളായി എന്ന് നമ്മൾ അത്ഭുതപ്പെട്ടേക്കാം. ജനിച്ച് 37-ാം ദിവസം അമ്മ നഷ്ടപ്പെട്ടവൾ, മുലപ്പാൽ കുടിക്കാൻ പോലും ഭാഗ്യമില്ലാതെ പോയവൾ അമ്മയുടെ ചേച്ചിയുടെ വീട്ടിലേക്ക് മാറ്റപ്പെടുകയാണ്.അതോടെ പിതൃവാത്സല്യവും അവൾക്ക ന്യമായി.

മാത്രമല്ല വളർത്തമ്മയുടെ കർശന ശിഷണത്തിനും അവൾക്കു വിധേയയാകേണ്ടി വന്നു. മനഃശാസ്ത്ര നിഗമനമനുസരിച്ച് കാര്യമായ വ്യക്തിത്വ വൈകല്യങ്ങൾ ഉണ്ടാകാനിടയുള്ള എല്ലാ സാഹചര്യങ്ങളിലൂടെയും അവൾ കടന്നുപോയിട്ടുണ്ടെന്നു തീർച്ച. എന്നിട്ടും അനിതരസാധാരണമായ പ്രസന്നതയും ശാന്തതയും അവളിൽ കളിയാടിയിരുന്നതിന്റെ കാരണം അവൾ ജനിച്ചത് ദൈവത്തിന്റെ കൈയൊപ്പോടുകൂടി ആയിരുന്നതുകൊണ്ടാണെന്നുറപ്പ്.

സന്യാസഭവനത്തിലും കാര്യങ്ങൾ സുഖപ്രദമായിരുന്നില്ല. ദൈവികമായൊരു വെളിച്ചം ഉള്ളിലില്ലാത്ത ആരും തകർന്നു പോകാവുന്നത്ര തെറ്റിദ്ധാരണകളിലൂടെയും വിമർശനങ്ങളിലൂടെയും അവൾക്ക് കടന്നു പോകേണ്ടതായി വന്നിട്ടുണ്ട്. പക്ഷേ, ദൈവസ്‌നേഹത്താൽ കീഴടക്കപ്പെട്ട അവൾ ഒരാരോപണത്തിനും വിശദീകരണം നൽകാനോ നിഷ്‌കളങ്കത തെളിയിക്കാനോ ഒരുമ്പെട്ടില്ല. തന്റെ നെഗറ്റീവ് അനുഭവങ്ങളെയൊക്കെ ഒരു ചെറു പുഞ്ചിരിയിലൊളിപ്പിച്ചു വെച്ചു അവൾ. കുരിശിലെ യേശുവായിരുന്നു അവളുടെ റഫറൻസ് ഗ്രന്ഥം. ഏതു സങ്കടക്കടലും പുഞ്ചിരിയോടെ നീന്തിക്കടക്കാൻ കുരിശും അതിലെ ക്രിസ്തുവും അവളെ ബലപ്പെടുത്തി.

എപ്പോഴും ദൈവസ്‌നേഹത്തിന്റെ സുഖശീതളിമയിലായിരുന്നതുകൊണ്ടാണ് അവൾക്കിങ്ങനെയൊക്കെ ജീവിക്കാൻ പറ്റിയിരുന്നതെന്നൊന്നും ഇതു വായിക്കുമ്പോൾ തെറ്റിദ്ധരിച്ചേക്കരുത്. ഗുരുതരമായ ആത്മീയ പ്രതിസന്ധികളിലൂടെ അവൾ കടന്നു പോയിട്ടുണ്ട്. ഒരിക്കൽ കള്ളനെ കണ്ടുപേടിച്ച് മനസ്സിന്റെ സമനില തന്നെ നഷ്ടപ്പെട്ടു. ദൈവത്തെ ഏറെ സ്‌നേഹിച്ചിട്ടും, അവിടുത്തെ ഒന്നോർക്കാൻ പോലുമാകാത്ത വിധം ആത്മീയ അന്ധകാരത്തിലും ആയിട്ടുണ്ടവൾ. ശാരീരിക സഹനങ്ങളെക്കാൾ അവളെ ഇത്തരം അനുഭവങ്ങൾ ഏറെ വേദനിപ്പിച്ചു.

പെട്ടെന്നൊരു ദിവസം കൊണ്ടല്ല അൽഫോൻസ വിശുദ്ധിയുടെ കൊടുമുടിയിലെത്തിയത്. ഒരിക്കലും അവസാനിക്കാത്ത പ്രാർത്ഥനയും അധ്വാനവും അതിന്റെ പിന്നിലുണ്ടായിരുന്നു. പ്രതികൂലാനുഭവങ്ങൾ ആദ്യമൊക്കെ അവളെ വല്ലാതെ ഭാരപ്പെടുത്തിയിട്ടുമുണ്ട്. പിന്നെപ്പിന്നെ ഒന്നുമവളുടെ പ്രസന്നതയെ നശിപ്പിക്കാതിരിക്കാൻ മാത്രം ശാന്തമായി സ്വീകരിക്കാൻ അവൾ പഠിച്ചു. ജീവിതത്തിൽ ഒരാൾ നേരിടുന്ന അനുഭവങ്ങളല്ല, അവയെ എങ്ങനെ സ്വീകരിക്കുന്നുവെന്നതാണ് അയാളുടെ മഹത്വം നിർണയിക്കുന്നതെന്ന് അൽഫോൻസാമ്മ നമുക്ക് പറഞ്ഞു തരുന്നുണ്ട്.

ഒരു പാട് സഹനങ്ങളിലൂടെ കടന്നുപോയിട്ടും ജീവിതത്തിലുടനീളം അൽഫോൻസാമ്മ കൈവെടിയാതിരുന്ന പ്രസന്നത എന്നെ വിസ്മയിപ്പിക്കുന്നു. അവളിപ്പോൾ എനിക്ക് ചേച്ചിയോ അമ്മയോ ആണ്. എന്നിട്ടും ഒരു ചെറിയ പ്രതിസന്ധിയുടെ മുമ്പിൽ വല്ലാതെ തളരുകയും ഭാരപ്പെടുകയും ചെയ്യുന്നതോർത്ത് ലജ്ജ തോന്നുന്നു. ഇനിയും എത്രകാലം, എത്ര കാതം നടന്നാലാണെനിക്കതിനാവുക? ഞാനിനിയും ഒരുപാടു വില കൊടുക്കേണ്ടിയിരിക്കുന്നു- സ്‌നേഹത്തിന്റെ, കരുണയുടെ, അലച്ചിലിന്റെ, സഹനത്തിന്റെ- അവിടുത്തെ കണ്ടെത്താൻ!

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?