Follow Us On

21

January

2025

Tuesday

മുഖ്യദൂതന്മാർ മൂന്ന്; അറിയാമോ അഞ്ച് കാര്യങ്ങൾ?

ഫാ. ജയ്‌സൺ കുന്നേൽ MCBS

മുഖ്യദൂതന്മാരായ മിഖായേൽ, ഗബ്രിയേൽ, റഫായേൽ മാലാഖമാരുടെ തിരുനാൾ (സെപ്തം 29) കത്തോലിക്കാ സഭ ആഘോഷിക്കുമ്പോൾ, ദൈവത്തിന്റെ നിഗൂഢ സൃഷ്ടികളായ മുഖ്യദൂതന്മാരെക്കുറിച്ച് ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ പങ്കുവെക്കുന്നു ലേഖകൻ.

ബൈബിളിൽ പേര് എടുത്ത് പരാമർശിക്കുന്ന മൂന്നു മുഖ്യദൂതന്മാരാണ് മിഖായേൽ, ഗബ്രിയേൽ, റഫായേൽ മാലാഖമാർ. റോമിൽ ബസിലിക്കാ സ്ഥാപിച്ചതിന്റെ ഓർമയിൽ എ.ഡി 530 ലാണ് മാലാഖമാരുടെ തിരുനാൾ ആരംഭിച്ചത്. ആരംഭകാലത്ത് വിശുദ്ധ മിഖായേലിന്റെ പേര് മാത്രമേ പരാമർശിച്ചിരുന്നുള്ളൂ. പിന്നീട് കത്തോലിക്കാ സഭയിൽ വളരെ വിശുദ്ധമായ ദിനങ്ങളിലൊന്നായി ഈ തിരുനാൾ മാറി.

തിരുനാളിന്റെ ഉത്ഭവത്തിന്റെ കാരണങ്ങൾ എന്തുമാകട്ടെ, എന്ത് കാരണത്താലാണ് സഭയുടെ ആരാധനക്രമത്തിൽ ഒരു ദിവസം മുഴുവൻ മുഖ്യദൂതന്മാർക്കായി മാറ്റി വെച്ചിരിക്കുന്നത്? ആരാണ് മുഖ്യദൂതന്മാർ? അവർക്ക് നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ കഴിയുമോ? അവർക്ക് ഇപ്പോഴും അസ്ഥിത്വമുണ്ടോ? ദൈവത്തിന്റെ നിഗൂഢമായ സൃഷ്ടികളായ മുഖ്യദൂതന്മാരെക്കുറിച്ച് നാം അറിയേണ്ട അഞ്ച് കാര്യങ്ങൾ പങ്കുവെക്കുകയാണിവിടെ.

1. സ്ഥാനക്രമത്തിൽ രണ്ടാം സ്ഥാനത്തുള്ള മാലാഖമാർ

പരമ്പരാഗതമായി മാലാഖമാരെ ഒമ്പത് വൃന്ദങ്ങളായി തിരിച്ചിരിക്കുന്നു. വിശുദ്ധ ഗ്രന്ഥമാണ് ഇതിന് അടിസ്ഥാനം. മഹാനായ വിശുദ്ധ ഗ്രിഗറി ഒരു ദൈവവചന പ്രഭാഷണത്തിൽ മാലാഖമാരുടെ ഒമ്പത് ഗണത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.

‘വിശുദ്ധ ഗ്രന്ഥ അടിസ്ഥാനത്തിൽ ഒമ്പതു ഗണം മാലാഖമാരാണ് ഉള്ളത് :1)ദൈവദൂതൻമാർ, 2) മുഖ്യദൂതൻമാർ, 3) പ്രാഥമികന്മാർ, 4) ബലവാന്മാർ 5) തത്വകന്മാർ, 6)അധികാരികൾ, 7) ഭദ്രാസനന്മാർ, 8) ക്രോവേന്മാർ, 9) സ്രാപ്പേൻമാർ,’ (HOM. 34)

2. മനുഷ്യരോട് പ്രധാനപ്പെട്ട സന്ദേശങ്ങൾ പങ്കുവെക്കാൻ നിയോഗിക്കപ്പെട്ടവർ

വിശുദ്ധ മിഖായേൽ മാലാഖയാണ് വെളിപാടു പുസ്തകമെഴുതാൻ യോഹന്നാൻ ശ്ലീഹായ്ക്ക് ദൈവീക പ്രചോദനം നൽകിയത് എന്നു വിശ്വസിക്കുന്നു. തിന്മയിൽനിന്ന് സഭയെ സംരക്ഷിക്കുന്ന ഉത്തരവാദിത്വം മിഖായേൽ ദൂതനാണ്. ദൈവീക സിംഹാസനത്ത നിഷേധിച്ച ലൂസിഫറിനെ സ്വർഗത്തിൽനിന്ന് പുറത്താക്കിയതിൽ മിഖായേൽ മാലാഖയ്ക്ക് സുപ്രധാന പങ്കുണ്ട്.

ഗബ്രിയേൽ മാലാഖയെക്കുറിച്ച് ആദ്യം പരാമർശിക്കുന്നത് ദാനിയേലിന്റെ പുസ്തകത്തിലാണ്. ദാനിയൽ പ്രവാചകന് തന്റെ ദൗത്യം നിർവഹിക്കാൻ ഗബ്രിയേൽ മാലാഖ സഹായിക്കുന്നു. പിന്നീട് പുതിയ നിയമത്തിൽ സഖറിയായിക്കും പരിശുദ്ധ കന്യകാമറിയത്തിനും ഗബ്രിയേൽ മാലാഖ പ്രത്യക്ഷപ്പെടുകയും വൈദീകസന്ദേശങ്ങൾ കൈമാറുകയും ചെയ്യുന്നു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ സന്ദേശം (ക്രിസ്തുവിന്റെ മനുഷ്യവതാരം) കൈമാറാൻ ഭാഗ്യം ലഭിച്ച മാലാഖയാണ് ഗബ്രിയേൽ.

തോബിത്തിന്റെ പുസ്തകത്തിലാണ് റഫായേൽ മാലാഖയെ നാം കാണുക. തോബിത്തിനെ സുഖപ്പെടുത്താനും സാറയിൽനിന്ന് പിശാചിനെ ബഹിഷ്‌ക്കരിക്കാനും റഫായേൽ ദൂതൻ സഹായിക്കുന്നു. കൊച്ചു തോബിയാസിന് ജീവിതത്തിന്റെ നിർണായക ഘട്ടങ്ങളിൽ നിർദേശങ്ങൾ നൽകാനും സഹായിക്കാനും റഫായേൽ മാലാഖ കൂട്ടിനുണ്ട്.

3) മുഖ്യദൂതന്മാർ അരൂപികളാണ്

മാലാഖമാർ പൂർണമായും അരൂപികളാണ്. ഭൗതീകമായി ഒന്നും അവർക്ക് സ്വന്തമായില്ല. ചില അവസരങ്ങളിൽ മനുഷ്യനെപ്പോലെ കാണപ്പെടുന്നെങ്കിലും അത് അവരുടെ മുഖഭാവത്തിൽ മാത്രമാണ്.

ക്രിസ്ത്യൻ ഫിലോസഫിയും ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട ഗ്രന്ഥ കർത്താക്കളിൽ പ്രമുഖനായ ഡോ. പീറ്റർ ക്രീഫ്റ്റ് രചിച്ച ‘മാലാഖമാരും പിശാചുക്കളും (Angels and Demons) എന്ന ഗ്രന്ഥത്തിൽ മനോഹരമായ ഒരു വിവരണം തരുന്നുണ്ട്.

‘നമ്മെപ്പോലെ ശരീരം മാലാഖമാർക്ക് ഇല്ലാത്തതിനാൽ അവർക്ക് ഈ ലോകത്ത് താമസിക്കാനോ ചലിക്കാനോ സ്ഥലം ആവശ്യമില്ല. ഇലക്ട്രോൺ ക്വാണ്ടം ലീപ്‌സ് (quantum leaps) എന്ന ചലനത്തിനോട്, മാലാഖമാരുടെ ചലനത്തെ ഏറ്റവും അനുയോജ്യമായി നമുക്ക് ഉപമിക്കാം. മാലാഖമാർ നൈമിഷികമായി ഒരു സ്ഥലത്തുനിന്ന് മറ്റോരു സ്ഥലത്തേക്ക് സ്ഥലത്തിന്റെയോ സമയത്തിന്റെയോ സഹായമില്ലാതെ ചരിക്കുന്നു.’

മറുവശത്ത് അവർക്ക് ഭൗതീകമായ ശരീരമില്ലെങ്കിലും ഭൗതീക ലോകത്തിൽ സ്വാധീനം ചെലുത്താൻ കഴിയും. ദൈവത്തെപ്പോലെ പൂർണ അരൂപിയായ അവർക്ക് മനശക്തിയും ബുദ്ധിവൈഭവവും ഉപയോഗിച്ച് ഭൗതീക വസ്തുക്കളെ മാറ്റാനും ബാഹ്യമായി മനുഷ്യപ്രകൃതി അണിയാനും സാധിക്കും. മാലാഖമാരുടെ ചിറകുകളും വാളും അവരുടെ ഈ ലോകത്തിലുള്ള വിളിയും ദൗത്യവും സന്ദേശങ്ങളുമായി ബന്ധപ്പെട്ട കേവലം കലാപരമായ ചിത്രീകരണങ്ങൾ മാത്രമാണ്.

4. തിന്മയിൽനിന്ന് നമ്മെ സംരക്ഷിക്കുന്നവർ

ലൂസിഫറിനെയും അവന്റെ അനുയായികളും സ്വർഗത്തിൽനിന്ന് പുറത്താക്കാൻ മിഖായേലിനും സ്വർഗീയ സൈന്യത്തിനും കഴിഞ്ഞെങ്കിൽ, മുഖ്യദൂതന്മാർക്ക് ഈ ലോകത്തെ പീഡിപ്പിക്കുന്ന പൈശാചിക ശക്തികളിൽനിന്നും അവയുടെ സ്വാധീനവലയത്തിൽനിന്നും മനുഷ്യവംശത്തെ തീർച്ചയായും സംരക്ഷിക്കാൻ സാധിക്കും.

‘മുഖ്യദൂതനായ വിശുദ്ധ മിഖായലേ, സ്വർഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഇരുളടഞ്ഞ ഈ ലോകത്തിലെ ഉന്നത ശക്തികളോടും അധികാരങ്ങളോടും ഭരണകർത്താക്കളോടും ഉപരിതലത്തിലെ ദുരാത്മാക്കളോടുള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കണമേ…’ എന്ന പ്രാർത്ഥനാ നമുക്ക് ശക്തമായ ഒരു പരിചയാണ്.

5. നിത്യതയോളം നിലനിൽക്കുന്നവർ

കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥം 55 നമ്പറിൽ എന്താണ് മാലാഖമാർ എന്നു പറയുന്നുണ്ട്: ‘മാലാഖമാർ ദൈവത്തിന്റെ സൃഷ്ടികളാണ്. അവർ തികച്ചും അതിഭൗതിക സൃഷ്ടികളാണ്. അവർക്കു ധാരാണശക്തിയും ഇച്ഛാശക്തിയുമുണ്ട്. അവർക്ക് ശരീരമില്ല. അവർ സ്ഥിരം ദൈവസാന്നിധ്യത്തിൽ ജീവിക്കുന്നു. ദൈവത്തിന്റെ ഇഷ്ടം മനുഷ്യരെ അറിയിക്കുന്നു. ദൈവത്തിൽനിന്നുള്ള സംരക്ഷണം മനുഷ്യർക്ക് നൽകുകയും ചെയ്യുന്നു.’

ദൈവം മാലാഖമാരെ ലോകാരംഭത്തിൽത്തന്നെ അനശ്വര അരൂപികളായാണ് സൃഷ്ടിച്ചത്. അതിനാൽ മാലാഖമാരുടെ അസ്തിത്വം നിത്യതയോളം നീണ്ടുനിൽക്കും. നാം ഒരു പക്ഷേ അവരെ കാണുകയാ കേൾക്കുകയോ അവരുടെ സാന്നിധ്യം അനുഭവിക്കുകയോ ചെയ്‌തെന്ന് വരില്ല. എന്നാലും നമ്മുടെ കൺമുന്നിൽ അവരുണ്ട്. ചില അവസരങ്ങളിൽ അവർ നമ്മുടെ കൂടെയുണ്ടെന്ന് നമ്മെ അറിയിക്കും. നാം അറിയാതെതന്നെ ആപത്തുകളിൽനിന്ന് നമ്മെ സംരക്ഷിക്കുക എന്ന ദൗത്യമാണ് മുഖ്യദൂതന്മാരുടേത്.

കുട്ടികളോട് മാലാഖമാർക് വലിയ സ്‌നേഹമാണ്. കാരണം, കുട്ടികൾ മാലാഖമാരെ പൂർണമായി സ്‌നേഹിക്കുകയും യാതൊരു മടിയുംകൂടാതെ അവരെ ആശ്രയിക്കുകയും ചെയ്യും. ശിശുസഹജമായ ലാളിത്യമാണ് മലാഖമാരുടെ സാന്നിധ്യം അനുഭവിച്ചറിയാനുള്ള കുറുക്കുവഴി. ‘സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ, സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല.’ (മത്താ: 18:3).

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?