Follow Us On

21

January

2025

Tuesday

കാർലോ അക്യുറ്റിസ്‌ ക്രിസ്തുവിലേക്ക് നയിച്ചവരിൽ ഭാരതീയനും! ആനന്ദനിർവൃതിയിൽ രാജേഷ് മോഹൂർ

സൈബർ അപ്പോസ്തൽ ഓഫ് യൂക്കരിസ്റ്റ് എന്ന വിശേഷണത്തോടെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെ കാർലോ അക്യുറ്റിസിന്റെ തിരുനാൾ ദിനത്തിൽ പരിചയപ്പെടാം, കാർലോയുടെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ക്രിസ്തുവിശ്വാസം സ്വീകരിച്ച രാജേഷ് മോഹൂർ എന്ന ഭാരതീയതനെ.

സച്ചിൻ എട്ടിയിൽ

‘സൈബർ അപ്പോസ്തൽ ഓഫ് യൂക്കരിസ്റ്റ്’ എന്ന വിശേഷണത്തോടെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെ കാർലോ അക്യുറ്റിസിന്റെ തിരുനാൾ ദിനമാണ് ഇന്ന്.
ജീവിതകാലത്തും മരണശേഷവും നിരവധി പേരാണ് കാർലോയുടെ വിശുദ്ധ ജീവിതത്തിൽനിന്ന് പ്രചോദനം സ്വീകരിച്ച് ക്രിസ്തുവിശ്വാസം പുൽകിയത്. ആ നിരയിൽ തങ്കലിപികളിൽ പേര് രേഖപ്പെടുത്തേണ്ട ഒരാളുണ്ട്, അക്രൈസ്തവനായിരുന്ന രാജേഷ് മോഹൂർ എന്ന ഭാരതീയൻ.

രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയായ രാജേഷ് 25 വയസുള്ളപ്പോഴാണ് ഇറ്റലിയിലെത്തിയത്. ജോലി അന്വേഷണത്തിനിടെ കാർലോയുടെ പിതാവ് ആൻേ്രഡ അക്യുറ്റിസിനെ പരിചയപ്പെട്ടതോടെയാണ് കാർലോയുടെ വീട്ടിലെ ജോലിക്കാരനായി മാറിയത്. ഏവരെയുമായും ചങ്ങാതം കൂടുന്ന പ്രകൃതക്കാരനായ കാർലോ രാജേഷിന്റെയും കണ്ണിലുണ്ണിയായി. ആലംബഹീനരായവരോട് കാർലോ കാണിച്ച സഹാനുഭൂതിയാണ് രാജേഷിനെ ഏറെ ആകർഷിച്ചത്.

അവർക്ക് ഭക്ഷണം നൽകുന്നതിലും മറ്റ് സഹായങ്ങൾ എത്തിക്കുന്നതിലും വലിയ ആനന്ദമാണ് കുഞ്ഞ് കാർലോ പ്രകടിപ്പിച്ചിരുന്നത്. ഇതെല്ലാം രാജേഷിന്റെ ചിന്താഗതികളെ സ്വാധീനിച്ചു. കാർലോയുടെ ജീവിതത്തിലൂടെ ക്രിസ്തുവിനെയും തിരുസഭയെയും ആഴത്തിൽ അറിഞ്ഞ രാജേഷ് ക്രിസ്തുവിനെ നാഥനും രക്ഷകനുമായി സ്വീകരിക്കുകയായിരുന്നു. ആഴമായ വിശ്വാസം, ദാനധർമം, പരിശുദ്ധി എന്നിവയാൽ കാർലോ തന്നെ അത്ഭുതപ്പെടുത്തിയെന്നും രാജേഷ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ക്രിസ്തുവിനോട് കൂടുതൽ അടുത്താൽ ജീവിതത്തിൽ ആനന്ദം ലഭിക്കുമെന്ന കാർലോയുടെ വാക്കുകളാണ് ക്രിസ്തീയ വിശ്വാസവുമായ് തന്നെ അടുപ്പിച്ചതെന്നും രാജേഷ് മോഹൂർ പങ്കുവെക്കുന്നു. സമ്പത്തും സൗന്ദര്യവുമെല്ലാം ഉണ്ടായിട്ടും മറ്റ് കൗമാരക്കാരിൽനിന്ന് വ്യത്യസ്തനായി കാർലോ ജീവിക്കുന്നത് കണ്ടപ്പോൾ അവനിൽ അസാധാരണമായ എന്തോ ഉണ്ടെന്ന് തോന്നിയിരുന്നവെന്നും രാജേഷ് പറയുന്നു.

ഒരിക്കലും പണം ദുർവ്യയം ചെയ്യാത്ത കാർലോ, ആവശ്യക്കാരെ സഹായിക്കുന്നതിലും ശ്രദ്ധാലുവായിരുന്നു. ‘ഒരിക്കൽ, ദൈവാലയത്തിൽ പോകുംവഴിയാണ് വീടില്ലാത്തതിനാൽ നിരത്തുവക്കിൽ ഉറങ്ങുന്ന ഒരാളെ കാർലോ കണ്ടത്. താൻ സൂക്ഷിച്ചുവെച്ചിരുന്ന പണം ഉപയോഗിച്ച് കാർലോ ഒരു സ്ലീപിംഗ് ബാഗ് അയാൾക്ക് വാങ്ങിക്കൊടുത്തു,’ പരസ്‌നേഹ പ്രവൃത്തികളിലൊന്ന് രാജേഷ് പങ്കുവെച്ചു. ദരിദ്രരായവർക്ക് ഭക്ഷണം നൽകുന്ന കപ്പൂച്ചിൻ വൈദികരെയും കാർലോ സഹായിച്ചിരുന്നു.

ഇതെല്ലാം അത്ഭുതത്തോടെയാണ് രാജേഷ് നോക്കിക്കണ്ടത്. കാർലോയുടെ ജീവിതം അടുത്തുനിന്നു കണ്ട രാജേഷ് കുടുംബസമേതം മിലാനിലാണ് ഇപ്പോൾ താമസം. തന്നെ കത്തോലിക്കാസഭ എന്ന സത്യവിശ്വാസത്തിലേക്ക് നയിച്ച കുഞ്ഞുകൂട്ടുകാരൻ വാഴ്ത്തപ്പെട്ട പദവിയിലെത്തുന്നതിന്റെ ആനന്ദത്തിലാണ് രാജേഷും കുടുംബവും. നാമകരണ നടപടികൾക്ക് നേതൃത്വം കൊടുക്കുന്ന ‘കാർലോ അക്യുറ്റിസ് അസോസിയേഷനു’മായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വ്യാപൃതനുമാണ് രാജേഷ് ഇപ്പോൾ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?