Follow Us On

15

November

2024

Friday

‘ദൈവം കൈകളിലെടുത്ത’ വിശുദ്ധ ഇഗ്‌നാത്തിയോസും ത്രൈശുദ്ധ കീർത്തനവും!

‘പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനെ, പരിശുദ്ധനായ അമർത്യനേ’ എന്ന പ്രാർത്ഥനയുമായി ബന്ധപ്പെട്ട സഭാപാരമ്പര്യം മനസിലാക്കാം, ‘ത്രൈശുദ്ധ കീർത്തനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസ്തുത പ്രാർത്ഥന രചിച്ച വിശുദ്ധ ഇഗ്‌നാത്തിയോസിന്റെ തിരുനാളിന്റെ (ഒക്‌ടോബർ 17) പശ്ചാത്തലത്തിൽ.

ജൂഡ്‌സൺ കൊച്ചുപറമ്പൻ

സഭാപിതാക്കന്മാരിൽ വളരെയേറെ ശ്രദ്ധേയനാണ് വിശുദ്ധ ഇഗ്‌നാത്തിയോസ്. ശിശുക്കളെ തന്റെ അടുത്തേക്ക് വിടാൻ ഈശോ നിർദേശിക്കുന്ന സുവിശേഷ ഭാഗത്തിൽ, ഈശോ കൈകളിലെടുത്ത ശിശു വിശുദ്ധ ഇഗ്‌നാത്തിയോസ് ആണെന്നാണ് പാരമ്പര്യം. അതിനാൽ ‘ദൈവം സംവഹിച്ചവൻ’, ‘ദൈവം കരങ്ങളിലെടുത്തവൻ’ എന്നീ വിശേഷണങ്ങളും വിശുദ്ധ ഇഗ്‌നാത്തിയോസിനുണ്ട്. കൂടാതെ ‘അഗ്‌നിമയൻ’ എന്നൊരു വിശേഷണവുമുണ്ട്. കർത്താവിന്റെ മരണശേഷം ശ്ലീഹന്മാരുടെ പ്രബോധനത്തിൽ ആകൃഷ്ടനായ ഇഗ്‌നാത്തിയോസ് ശ്ലീഹന്മാരിൽനിന്ന് വിശ്വാസം സ്വീകരിച്ചു. പിന്നീട് അന്ത്യോക്യായുടെ മെത്രാനായി അഭിഷിക്തനായി. ട്രോജൻ ചക്രവർത്തിയുടെ കാലത്തെ മതമർദ്ധനങ്ങളിൽ വിശുദ്ധ ഇഗ്‌നാത്തിയോസ് രക്തസാക്ഷിത്വം വരിച്ചു.

അന്ത്യോക്യായിൽനിന്ന് പിടികൂടിയ ഇഗ്‌നാത്തിയോസിനെ കര, കടൽ മാർഗങ്ങളിലൂടെ യാത്രചെയ്യിച്ചാണ് റോമിൽ എത്തിച്ചത്. മാസങ്ങൾ നീണ്ട യാത്രയിൽ പല സ്ഥലങ്ങളിലും വളരെനാൾ തങ്ങിയാണ് റോമിലെത്തിയത്. റോമൻ പൗരനായ ഇഗ്‌നാത്തിയോസിൽ സമ്മർദം ചെലുത്തി കർത്താവിനെ തള്ളി പറയിക്കാനുള്ള ശ്രമമായിരുന്നു റോമിലേക്കുള്ള മാസങ്ങൾ നീണ്ടയാത്ര. എന്നാൽ, യാത്രയ്ക്കിടെ എത്തിയ സ്ഥലങ്ങളിലെല്ലാം വിശുദ്ധ ഇഗ്‌നാത്തിയോസ് ക്രൈസ്തവ സമൂഹങ്ങളെ കാണുകയും വിശ്വാസത്തിൽ ഉറപ്പിക്കുകയും ചെയ്തു.

ഞാൻ ദൈവത്തിന്റെ കൈയിലെ വിലയേറിയ ഗോതമ്പാണെന്നും, വന്യമൃഗങ്ങളുടെ പല്ലിന്റെ ഇടയിലൂടെ ഈ ഗോതമ്പ് ചവച്ചരയ്ക്കപ്പെട്ട് അങ്ങനെ ഞാൻ കർത്താവിന്റെ മേശയിലെ ശുദ്ധതയുള്ള അപ്പമാകുമെന്നുമുള്ള ഇഗ്‌നാത്തിയോസിന്റെ വാക്കുകൾ അന്വർത്ഥമായി. റോമിലെ കോളോസിയത്തിൽവെച്ച് വന്യമൃഗങ്ങൾക്ക് ഇരയായി ഇഗ്‌നാത്തിയോസ് സ്വർഗം പൂകി. മരണം വരിക്കാനുള്ള തന്റെ റോമൻ യാത്രയിൽ ഇഗ്‌നാത്തിയോസ് ഏഴ് ലേഖനങ്ങൾ എഴുതി. അതിൽ ആറെണ്ണം സഭകൾക്കും (സ്മിർണാ, റോം, എഫേസൂസ്, ഫിലാഡൽഫിയ, മഗ്‌നീഷ്യ, ട്രാലിയ) ഒരെണ്ണം പിന്നീട് സ്മിർണായിലെ മെത്രാനും തന്റെ സുഹൃത്തും യോഹന്നാൻ ശ്ലീഹായുടെ ശിഷ്യനുമായ വിശുദ്ധ പൊളിക്കാർപ്പിനുമാണ്. സഭാവിജ്ഞാനീയം, സന്മാർഗം, കൂദാശകൾ, മെത്രാൻ സ്ഥാനം എന്നിവയാണ് ഈ കത്തുകളിലെ ഉള്ളടക്കം

ഇഗ്‌നാത്തിയോസ് ആരാധനാക്രമത്തിൽ

ത്രൈശുദ്ധ കീർത്തനം എന്നറിയപ്പെടുന്ന ‘പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനെ, പരിശുദ്ധനായ അമർത്യനേ ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ’ എന്ന പ്രാർത്ഥനയുടെ രചയിതാവ് വിശുദ്ധ ഇഗ്‌നാത്തിയോസാണെന്ന് പാരമ്പര്യം. ഈ പ്രാർത്ഥനയുടെ ചരിത്രത്തെകുറുച്ച് രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട്. അതിൽ ഒന്ന്, വിശുദ്ധ ഇഗ്‌നാത്തിയോസിനുണ്ടായ ഒരു വെളിപാടുമായി ബന്ധപ്പെട്ടാണ്. അതിപ്രകാരമാണ്:

ഒരിക്കൽ ഇഗ്‌നാത്തിയോസ് പ്രാർത്ഥനയിലായിരുന്നപ്പോൾ കർത്താവിന്റെ കുരിശുമരണം ദർശനമായി കണ്ടു. കർത്താവിന്റെ മരണസമയത്ത് ഒരുകൂട്ടം മാലാഖമാർ കുരിശിനുചുറ്റും പ്രത്യക്ഷപ്പെട്ട് പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനെ എന്ന് പാടി. കുരിശിൽനിന്ന് ഈശോയുടെ ശരീരം താഴെ ഇറക്കാൻ വന്ന നിക്കദേമൂസും അരിമത്യാക്കാരൻ യൗസേഫും ഈ സംഭവം കണ്ട് പരിഭ്രാന്തരായി. പിന്നീട് ഇവർ രണ്ടുപേരും ചേർന്ന് പാടി, മരണമില്ലാത്തവനെ നീ പരിശുദ്ധനാകുന്നു. ദർശനത്തിൽ കണ്ട ഈ സംഭവത്തെ പിന്നീട് വിശുദ്ധ ഇഗ്‌നാത്തിയോസ് ഒരു പ്രാർത്ഥനയുടെ രൂപത്തിൽ സഭയിൽ അവതരിപ്പിച്ചു.

തുർക്കിയിൽ ഉണ്ടായ ദിവസങ്ങൾ നീണ്ടുനിന്ന ഒരു ഭൂചലവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ സംഭവം. ഭൂചലത്തിൽനിന്ന് രക്ഷനേടാൻ ഒരു പുരോഹിതൻ ദൈവാലയത്തിലേക്ക് പ്രവേശിച്ചപ്പോൾ, ബലിപീഠത്തിന്റെ ഒരു വശത്തായി ഒരു മാലാഖയെ അദ്ദേഹം ദർശനത്തിൽ കണ്ടു. പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനെ, പരിശുദ്ധനായ അമർത്യനേ എന്ന് ഉച്ചത്തിൽ മാലാഖ പാടുന്നതായും കണ്ടു. ഈ ദർശനത്തിന് സാക്ഷിയായ വൈദികൻ ദൈവാലയത്തിന് പുറത്തെത്തി ഈ പ്രാർത്ഥന പാടി സ്തുതിച്ചപ്പോൾ ഭൂചനം നിന്നെന്നും പറയപ്പെടുന്നു.

ഇതേ പ്രാർത്ഥനനായാണ് പരിപാവനാം സർവേശാ എന്ന രീതിയിൽ സീറോ മലബാർ കുർബാനയിലും ദൈവമേ നീ പരിശുദ്ധനാകുന്നു എന്ന് അന്ത്യോക്യൻ കുർബാനയിലും ദുഃഖവെള്ളിയാഴ്ച ലത്തീൻ സഭയിലും ചൊല്ലുന്നത്. കരുണ കൊന്തയിലും ദൈവകരുണയെപ്രതി ഈ പ്രാർത്ഥന ചൊല്ലുന്നുണ്ട്. യാമപ്രാർത്ഥനകളിൽ ഒഴിവാക്കാനാവാത്ത സ്ഥാനമാണ് ത്രൈശുദ്ധ കീർത്തനത്തിനുള്ളത്. അന്ത്യോഖ്യാ സഭയുടെ വീരപുത്രനായ ഈ പിതാവിനോടുള്ള ബഹുമാനാർത്ഥം അന്ത്യോഖ്യായുടെ സുറിയാനി പാത്രിയാർക്കീസുമാർ അവരുടെ സ്ഥാനപ്പേരായി മാർ ഇഗ്‌നാത്തിയോസ് എന്നാണ് ചേർക്കുക. അന്ത്യോഖ്യാ കത്തോലിക്കാ പാത്രിയാർക്കീസും യാക്കോബായ പാത്രിയാർക്കീസും ഇന്നും അറിയപ്പെടുന്നത് ഇഗ്‌നാത്തിയോസ് എന്നാണ്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?