Follow Us On

21

November

2024

Thursday

അമലോത്ഭവ നാഥ

ഫാ. മാത്യു ആലുംമൂട്ടിൽ

ദൈവമാതാവിന്റെ അമലോത്ഭവ തിരുനാൾ (ഡിസംബർ 08) ആഘോഷിക്കുമ്പോൾ ഓരോ വിശ്വാസിയും തിരിച്ചറിയണം, രക്ഷാകര കർമത്തിൽ പരിശുദ്ധ അമ്മയ്ക്ക് ദൈവം നൽകിയിരിക്കുന്ന പ്രമുഖസ്ഥാനം.

ആനന്ദത്തിന്റെ മഹോത്സവമാണ് ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവ തിരുനാൾ. പരിശുദ്ധാത്മാവിന്റെ നിറചൈതന്യം മനുഷ്യരൂപമെടുത്ത് മണ്ണിൽ അവതരിക്കാൻ ദൈവം തിരുമനസായ രക്ഷാപദ്ധതിയുടെ മുന്നൊരുക്കമായിരുന്നല്ലോ മറിയത്തിന്റെ അമലോത്ഭവം. അതോടെ, രക്ഷകനെ കാംക്ഷിച്ചുള്ള യുഗങ്ങളുടെ നെടുവീർപ്പാർന്ന കാത്തിരിപ്പിന് തിരശ്ശീല വീഴുകയും രക്ഷകന്റെ വരവിന് വസന്തം കുറിച്ച് കാലസമ്പൂർണ്ണതയുടെ രംഗകർട്ടൻ ഉയരുകയും ചെയ്തു.

മറിയത്തിന്റെ അമലോത്ഭവത്തെക്കുറിച്ച് വിശുദ്ധ ലിഖിതങ്ങളിൽ തെളിവുകൾ തേടി അലയുന്നവരുണ്ട്. മംഗള വാർത്തയിൽ മറിയത്തോടുള്ള ഗബ്രിയേൽ മാലാഖയുടെ അഭിസംബോധനയിൽത്തന്നെ പ്രസ്തുത തെളിവ് അന്തർലീനമായിരിക്കുന്നു എന്നതാണ് വാസ്തവം. ‘ദൈവകൃപ നിറഞ്ഞവളേ’ എന്നാണല്ലോ അഭിസംബോധന. സാധാരണയായ യഹൂദരുടെ സംബോധനാരീതി ഹെബ്രായ ഭാഷയിൽ ‘ഷാലോം’ എന്നാണ്. ‘സമാധാനം നിന്നോടുകൂടെ’എന്നർത്ഥം. എന്നാൽ ‘കൈറേ’ എന്ന ഗ്രീക്ക് പദംകൊണ്ടാണ് ദൈവദൂതൻ മറിയത്തെ അഭിസംബോധന ചെയ്യുന്നത്.

‘സ്വസ്തി’ എന്ന പദംകൊണ്ടാണ് ‘കൈറേ’യെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ‘ആനന്ദിച്ചാലും’ എന്നതാണ് ‘കൈറേ’യുടെ കൂടുതൽ അർത്ഥഭംഗിയുള്ള പരിഭാഷ. വലിയ ആനന്ദത്തിന്റെ സദ്വാർത്തയാണ് ദൈവദൂതൻ ദൈവത്തിൽനിന്ന് കൊണ്ടുവന്നത്. ഹർഷോന്മാദത്തോടെയാണ് അത് മറിയത്തെ അറിയിച്ചതും. കാരണം, അതോടുകൂടി പുതിയനിയമ സദ്വാർത്തയുടെ- സുവിശേഷാനന്ദത്തിന്റെ- ആരംഭം കുറിക്കുകയാണ്. മറിയമാകട്ടെ, അത് അപ്പോൾ തന്നെ തിരിച്ചറിഞ്ഞു എന്നതാണ് അവളുടെ കൃപാവരം.

മറിയം അനന്യമായ കൃപകളാലും വരദാനങ്ങളാലും അമലോത്ഭവയാണ്. ദൈവപുത്രന് വസിക്കാൻ തിരഞ്ഞെടുക്കപ്പെട്ട അതിശ്രേഷ്ഠവ്യക്തി എന്ന നിലയിൽ അവൾ അമലോത്ഭവയാണ്. പുത്രൻ തമ്പുരാന്റെ അമ്മയാകാൻ നിയോഗിക്കപ്പെട്ട അതുല്യദൗത്യം വഴി അവൾ അമലോത്ഭവയാണ്. മാലാഖയുടെ അഭിസംബോധനയിൽ മറിയം, ‘കൃപ നിറഞ്ഞവൾ’ ആണല്ലോ. അവളിൽ കൃപ നിറഞ്ഞത് അവളുടെ ഉത്ഭവത്തിന്റെ ആദ്യനിമിഷം തന്നെയാണ്. അതിനാൽ അവൾ അമലോത്ഭവയാണ്.

മറിച്ച്, അവൾ ഉത്ഭവപാപത്തിലാണ് ജനിച്ചിരുന്നതെങ്കിൽ, തന്റെ അടിമയായി ഉത്ഭവപാപത്തിൽ പിറന്ന ഒരു സാധാരണ സ്ത്രീയിൽനിന്നാണ് യേശു ജനിച്ചതെന്ന് സാത്താന് പിൽക്കാലത്ത് വമ്പു പറയാൻ അവസരം കിട്ടുമായിരുന്നു. ‘തന്റെ സന്തതി സാത്താന്റെയും അവന്റെ സന്തതികളുടെയും തല തകർക്കുമെന്ന്,’ (ഉൽ 3:15) സൃഷ്ടിയുടെ സമാരംഭത്തിൽ പ്രവചിക്കപ്പെട്ട ദൗത്യനിർവഹണത്തിന് ദൈവം തിരഞ്ഞെടുത്ത മറിയത്തിന് ഉത്ഭവപാപത്തിൽ ജനിച്ച് സാത്താന് വിധേയയാകാൻ സാധിക്കുമായിരിന്നില്ലല്ലോ?

ഉത്ഭവപാപത്തിൽ ഉരുവായ ഒരാളിൽനിന്ന് പരമപരിശുദ്ധ ദൈവപുത്രൻ ജന്മമെടുക്കുക എന്നത് അചിന്തനീയവും അനുചിതവും അസംഭ്യവമായ വൈരുദ്ധ്യവുമാണ്. മാത്രമല്ല, മണ്ണിൽനിന്ന് മെനഞ്ഞെടുത്ത ആദവും ഹവ്വായും ദൈവനിശ്വസനത്താൽ അവിടുത്തെ ആത്മാവിനെ നേരിട്ട് സ്വീകരിച്ച് ഉത്ഭവപാപം കൂടാതെ സൃഷ്ടിക്കപ്പെട്ടവരാണ്. പക്ഷേ, പിന്നീട് അനുസരണക്കേടു കാട്ടി പാപശിക്ഷ ഏറ്റുവാങ്ങിയ ഹവ്വായെക്കാൾ ഉത്കൃഷ്ഠയാണ് രണ്ടാം ഹവ്വായായ മറിയം. അതിനാൽ അവൾ ഉത്ഭവപാപത്തിന് ഉപരിയസ്തിത്വം, അമലോത്ഭവാസ്ഥ ഉള്ളവളായിരിക്കണമല്ലോ.

സായംസന്ധ്യകളിൽ തേടി വന്നിരുന്ന ദൈവത്തിന്റെ സാന്നിധ്യ, സ്വരങ്ങളിൽനിന്ന് പാപശേഷം ഓടിയൊളിച്ചവളാണ് ഹവ്വായെങ്കിൽ ദൈവസന്നിധിയിലെ സ്വർഗസ്വരവുമായി വന്ന ഗബ്രിയേൽ മാലാഖയ്ക്ക്, ‘ഇതാ ഞാൻ കർത്താവിന്റെ ദാസി, നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ’ എന്ന സമ്മോഹനമായ സമ്മതഗീതം പാടിയവളാണ് മറിയം. അവളുടെ ഔന്നത്യവും ദൗത്യവും സംബന്ധിച്ച് അമലോത്ഭവയായി സൃഷ്ടിക്കപ്പെടുക എന്നത് യഥാക്രമം അനുയോജ്യവും അനുപേക്ഷണീയവുമായിരുന്നു. മനുഷ്യവർഗത്തിന് ക്രിസ്തു നേടിയ രക്ഷയുടെ കൃപ, മറിയത്തിന് അവളുടെ ഉത്ഭവസമയം തന്നെ നൽകിയതിനാൽ ഏതൊരു സൃഷ്ടിയേയുംപോലെ രക്ഷിക്കപ്പെട്ടവളാണ് മറിയവും.

മധ്യകാലഘട്ടത്തിലെ ദൈവശാസ്ത്രജ്ഞരുടെ ഒരു സംഘം പ്രസ്താവിച്ചത് ശ്രദ്ധേയമാണ്: ‘വനത്തിലെ ഒഴുക്കുള്ള പുഴ കടക്കുന്നവന് രണ്ട് തരത്തിൽ സഹായം കിട്ടാം. മുങ്ങിപ്പോകാതെ രക്ഷിക്കുന്ന കരം; മുങ്ങിത്താണശേഷം രക്ഷിക്കുന്ന അതേ കരം. ഒന്നാമത്തേത് ഉത്ഭവപാപത്തിൽനിന്ന് മറിയത്തെ രക്ഷിക്കുന്നതിനു തുല്യമാണ്; രണ്ടാമത്തേത് ഉത്ഭവപാപത്തിൽ ജനിച്ചവർ ജ്ഞാനസ്‌നാനം വഴി രക്ഷിക്കപ്പെടുന്നതിനും തുല്യവും.’ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ പ്രസ്താവിച്ചത് ഇപ്രകാരമാണ്: ‘രക്ഷകനായ ക്രിസ്തുവിന്റെ കൃപ മറിയത്തിൽ മുൻകൂട്ടി പ്രവർത്തിച്ചു. ഉത്ഭവപാപത്തിൽനിന്നും എല്ലാവിധ പാപങ്ങളിൽനിന്നും അത് അവളെ സംരക്ഷിച്ചു. അവൾ ഒൻപതുമാസക്കാലം യേശു വസിക്കുന്ന വിശുദ്ധ സക്രാരിയും യേശുവിന് യോഗ്യമായ വാസസ്ഥാനവുമായി വർത്തിച്ചു.’

സഭ വിട്ടുപോയ മാർട്ടിൻ ലൂഥറും മറിയത്തിന്റെ അമലോത്ഭവ സത്യത്തിന്റെ വക്താവായിരുന്നു. അദ്ദേഹം എഴുതി: ‘മറിയത്തിന്റെ ഉത്ഭവം, ഉത്ഭവപാപം കൂടാതെ സംഭവിച്ചു. ജീവന്റെ ആദ്യനിമിഷം മുതൽ അവൾ വിശുദ്ധയായി ജീവിച്ചു തുടങ്ങി. സത്യത്തിൽ, അമലോത്ഭവം എന്ന സത്യം വിശ്വാസികളുടെ ഹൃദയത്തിലാണ് ആദ്യം സ്ഥിരപ്രതിഷ്ഠ നേടിയത്. ഏഴാം നൂറ്റാണ്ടോടുകൂടി പൗരസ്ത്യ സഭകൾ മറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആഘോഷിച്ചു തുടങ്ങി. പിന്നീട് പാശ്ചാത്യസഭകളും അതിൽ അണിചേർന്നു. 12ാം നൂറ്റാണ്ടോടുകൂടി സ്‌പെയിൻ, ഫ്രാൻസ്, ഇറ്റലി, പോർച്ചുഗൽ, ജർമനി എന്നീ രാജ്യങ്ങൾ വഴി പ്രചാരം സിദ്ധിച്ചു.

ആദ്യ നൂറ്റാണ്ടുകളിൽ തന്നെ സമാരംഭിച്ച്, മനുഷ്യഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച്, പൗരസ്ത്യപാശ്ചാത്യ സഭകളിൽ സ്ഥിരപ്രതിഷ്ഠ നേടിയ അമലോത്ഭവ സത്യത്തെയാണ് 1854 ൽ ഒൻപതാം പീയൂസ് പാപ്പ ശ്രദ്ധേയമായ പ്രഖ്യാപനം വഴി വിശ്വാസസത്യമായി വിളംബരം ചെയ്തത്: ‘അനന്യമായ ദൈവകൃപയാലും സർവശക്തനായ ദൈവത്തിന്റെ ആനുകൂല്യത്താലും മനുഷ്യവർഗത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ യോഗ്യതകളാലും ഏറ്റവും പരിശുദ്ധയായ കന്യകമറിയം അവളുടെ ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതൽ ഉത്ഭവപാപത്തിന്റെ എല്ലാ മാലിന്യങ്ങളിൽ നിന്നും പരിരക്ഷിക്കപ്പെട്ടു.’

സഭയുടെ ജീവധാരയിൽ സുവർണ്ണ രേഖയായി മാറിയ ഈ കൃപാവചസുകൾക്ക് കന്യകമറിയം നേരിട്ട് സ്വർഗത്തിന്റെ സാക്ഷ്യം നൽകി എന്നത് വിസ്മയഭരിതം തന്നെ! വിശ്വാസപ്രഖ്യാപനത്തിന് കേവലം നാലു വർഷശേഷം ലൂർദിൽ പ്രത്യക്ഷപ്പെട്ട സ്വർഗതേജസിയായ സ്ത്രീരത്‌നത്തോട് സ്വയം വെളിപ്പെടുത്താൻ ബർത്തദീത്താ അഭ്യർത്ഥിച്ചപ്പോൾ സുന്ദരരൂപിണി കൂപ്പിയ കരവുമായി സ്‌നേഹോദാരം വെളിപ്പെടുത്തിയത്, ‘ഞാൻ അമലോത്ഭവയായ മറിയമാണ്’ എന്നത്രെ!

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?