Follow Us On

03

May

2024

Friday

ലോക യുവജനസംഗമത്തിൽ പാപ്പയുടെ ആലിംഗനം ലഭിച്ച ഒൻപതു വയസുകാരൻ ഇന്ന് വൈദീക വിദ്യാർത്ഥി!

ലോക യുവജനസംഗമത്തിൽ പാപ്പയുടെ ആലിംഗനം ലഭിച്ച ഒൻപതു വയസുകാരൻ  ഇന്ന് വൈദീക വിദ്യാർത്ഥി!

റിയോ ഡി ജനീറോ: ഒൻപതു വയസുകാരന്റെ ആഗ്രഹം, ഫ്രാൻസിസ് പാപ്പയുടെ പ്രാർത്ഥനാശംസകൾ, ദൈവത്തിന്റെ തീരുമാനം ബ്രസീലിയൻ സ്വദേശിയായ നഥാൻ ഡി ബ്രിട്ടോ എന്ന യുവാവിന്റെ സെമിനാരി പ്രവേശനത്തെ അപ്രകാരം വിശേഷിപ്പിക്കാം. നഥാൻ ഡി ബ്രിട്ടോ എന്ന പേര് ഒരുപക്ഷേ, ആർക്കും ഓർമയുണ്ടാവില്ല. എന്നാൽ, 2013ലെ ലോകയുവജന സംഗമത്തിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയ ഫ്രാൻസിസ് പാപ്പയുടെ അരികിലേക്ക് ഓടിയെത്തി, വൈദീകനാകണമെന്ന തന്റെ ആഗ്രഹം വെളിപ്പെടുത്തിയ ആ കുഞ്ഞിനെ ആർക്ക് മറക്കാനാകും?

ആ ഒൻപതു വയസുകാരൻതന്നെ ഇപ്പോഴത്തെ സെമിനാരിക്കാരൻ നഥാൻ ഡി ബ്രിട്ടോ! വികാര നിർഭരനായി പാപ്പയുടെ ആശ്ലേഷം ഏറ്റുവാങ്ങുന്ന നഥാന്റെ ചിത്രവും അവന്റെ ആഗ്രഹത്തിന് പാപ്പ പ്രാർത്ഥനാശംസകൾ നേർന്നതും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു ആ ദിനങ്ങളിൽ. വീണ്ടും ഒരു ലോക യുവജന സംഗമത്തിന് കത്തോലിക്കാ സഭ തയാറെടുപ്പുകൾ പൂർത്തിയാക്കുമ്പോൾ, നഥാന്റെ പൗരോഹിത്യ ദൈവവിളി സ്വീകരണത്തെ കുറിച്ചുള്ള വാർത്ത കത്തോലിക്കാ മാധ്യമങ്ങളിൽ വീണ്ടും ഇടംപിടിക്കുകയാണ്.

റിയോ ഡി ജനീറോയിലെ നിരത്തുവക്കിൽ തിങ്ങിനിറഞ്ഞ ജനസാഗരത്തെ ആശീർവദിച്ച് പാപ്പാമൊബീലിൽ ഫ്രാൻസിസ് പാപ്പ കടന്നുപോകുമ്പോഴായിരുന്നു അപ്രതീക്ഷിതമെന്നോണം കുഞ്ഞു നഥാൻ പാപ്പാമൊബീലിന് അരികിലേക്ക് ഓടിയെത്തിയത്. അവന്റെ ആഗ്രഹം മനസിലാക്കി സുരക്ഷാസംഘത്തിലൊരാൾ അവനെ പാപ്പയ്ക്കരികിലേക്ക് എടുത്തുയർത്തി. പാപ്പയെ കാണാനും പാപ്പയുടെ ആശ്ലേഷം അനുഭവിക്കാനും സാധിച്ചതിന്റെ വികാരനിർഭരമായ ആ നിമിഷത്തിൽ, തന്റെ ആഗ്രഹം അവൻ പാപ്പയെ അറിയിച്ചു:

‘പാപ്പാ, എനിക്ക് ക്രിസ്തുവിന്റെ പുരോഹിതനാകണം.’ ‘ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിക്കാം, നീ എനിക്കുവേണ്ടിയും പ്രാർത്ഥിക്കണം,’ എന്ന മറുപടിയോടെ പാപ്പ അവനെ വാരിപ്പുണരുമ്പോൾ, സന്തോഷംകൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞുകവിഞ്ഞിരുന്നു. 2013ലെ ലോക യുവജനസംഗമ വേദിയിൽനിന്നുള്ള അതിമനോഹരവും വികാരനിർഭരവുമായ കാഴ്ചയായിരുന്നു ആ ചിത്രം. ‘ഇന്നു മുതൽ നിന്റെ ദൈവവിളി സജ്ജീകരിക്കപ്പെടുന്നു,’ എന്ന വാക്കുകളോടെയാണ് പാപ്പ അവനെ യാത്രയാക്കിയത്.

ഏഴ് വർഷത്തിനുശേഷം, ആ പ്രാർത്ഥനയ്ക്കുള്ള ഉത്തരമെന്നോണം 2020ൽ നഥാൻ ‘ഓർഡർ ഓഫ് ഫ്രയേഴ്‌സ് മൈനർ’ സന്യാസ സഭയിൽ വൈദീകാർത്ഥിയായി ചേർന്നു. കാംപോ ഗ്രാൻഡ അതിരൂപതാ സെമിനാരിയിൽ പരിശീലനം നടത്തുകയാണ് ഇപ്പോൾ. ‘ദൈവഹിതപ്രകാരം പൗരോഹിത്യത്തിലേക്ക് വിളിക്കപ്പെട്ട ഒരു വ്യക്തി എന്ന നിലയിൽ ആ ജ്വാല ജ്വലിപ്പിക്കുക എന്നത് എന്റെ കടമയാണ്. അതേസയമം, ഫ്രാൻസിസ് പാപ്പയുമായുള്ള കൂടിക്കാഴ്ച, ദൈവവിളിയിൽ ഉറച്ചുനിൽക്കാൻ സഹായിക്കുന്ന തീപ്പൊരിതന്നെയാണ്. അതേക്കുറിച്ചുള്ള ഓർമകൾ എല്ലായ്‌പ്പോഴും സന്തോഷമുളവാക്കുന്ന കാര്യമാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?