വാഷിംഗ്ടൺ ഡി.സി: ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അണിചേരുന്ന ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ റാലി സെപ്തംബർ 30ന്. പീഡിത ക്രൈസ്തവർക്കായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ ‘ഫോർ ദ മാർട്ടിയേഴ്സി’ന്റെ ആഭിമുഖ്യത്തിൽ വാഷിംഗ്ടൺ ഡി.സിയിൽ സംഘടിപ്പിക്കുന്ന ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ൽ ആയിരങ്ങൾ അണിചേരും. ഇത് നാലാം വർഷമാണ് ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ സംഘടിപ്പിക്കപ്പെടുന്നത്.
തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി.സി ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ന് തുടർച്ചയായി മൂന്നാം
തവണയും വേദിയാകുന്നു എന്നതും സവിശേഷതയാണ്. നാഷണൽ മാളിൽ ഉച്ചതിരിഞ്ഞ് 3.00ന് റാലിക്ക് തുടക്കമാകും. തുടർന്ന് 4.00ന് കാപ്പിറ്റോളിലേക്ക് മാർച്ച് ചെയ്യും. മാർച്ചിനുശേഷം പീഡിത ക്രൈസ്തവർക്കായി വിശേഷാൽ രാത്രി ജാഗരവും ക്രമീകരിച്ചിട്ടുണ്ട്.
ക്രൈസ്തവർക്കു നേരെയുള്ള മതപീഡനം ലോക ശ്രദ്ധയിൽ കൊണ്ടുവരിക എന്നതും റാലിയുടെ പ്രധാന ലക്ഷ്യമാണ്. 2020ലാണ് ഇദംപ്രഥമായി ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സ്’ സംഘടിപ്പിക്കപ്പെട്ടത്. കാലിഫോർണിയയിലെ ലോംഗ് ബീച്ചായിരുന്നു പ്രഥമ വേദി. മുൻവർഷങ്ങളിലേതുപോലെ ദ കാത്തലിക് കണക്റ്റ് ഫൗണ്ടേഷൻ, ഓപ്പൺഡോഴ്സ് യു.എസ്.എ, ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ്, ലിബർട്ടി സർവകലാശാലയിലെ ഫ്രീഡം സെന്റർ, സ്റ്റുഡന്റ്സ് ഫോർ ലൈഫ് തുടങ്ങിയ സംഘടനകളുടെ പിന്തുണയും മാർച്ചിനുണണ്ടാകും.
ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളെന്ന നിലയിൽ മതപീഡനങ്ങൾ നേരിടുന്ന സഹോദരങ്ങളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് ആളുകൾ ചുവന്ന വസ്ത്രങ്ങളണിഞ്ഞ് റാലിയിൽ പങ്കെടുക്കുന്നതും ‘മാർച്ച് ഫോർ മാർട്ടിയേഴ്‌സി’ന്റെ സവിശേഷതയാണ്. ‘ഫോർ ദ മാർട്ടിയേഴ്സ്’ സ്ഥാപക പ്രസിഡന്റ് ഗിയാ ചാക്കോണിന് പുറമേ, പ്രമുഖ ക്രിസ്ത്യൻ സംഘടനകളുടെ നേതൃനിരയിലുള്ള പ്രമുഖരും റാലിയെ അഭിസംബോധന ചെയ്യും. മനുഷ്യാവകാശ പ്രവർത്തക കൂടിയായ തന്റെ മുത്തശ്ശിക്കൊപ്പം ഈജിപ്തിലേക്ക് നടത്തിയ യാത്രയാണ് ‘ഫോർ ദ മാർട്ടേഴ്‌സ്’ എന്ന സംഘടന രൂപീകരിക്കാൻ ഗിയാ ചാക്കോണിന് പ്രചോദനമായത്.
Leave a Comment
Your email address will not be published. Required fields are marked with *