Follow Us On

13

May

2024

Monday

ലോകയുവജന സംഗമത്തിന് തടവുകാരുടെ സമ്മാനം; 150 കുമ്പസാരക്കൂടുകൾ ഒരുങ്ങുന്നു ജയിലിൽ

ലോകയുവജന സംഗമത്തിന് തടവുകാരുടെ സമ്മാനം; 150 കുമ്പസാരക്കൂടുകൾ ഒരുങ്ങുന്നു ജയിലിൽ

ലിസ്ബൺ: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമം 2023ന്റെ (വേൾഡ് യൂത്ത് ഡേ) വേദിയിൽ സ്ഥാപിക്കാനുള്ള കുമ്പസാര കൂടുകൾ ഒരുക്കി തടവുകാർ. പോർച്ചുഗലിലെ കോയിംബ്ര, പാക്കോസ് ഡി ഫെരേര, പോർട്ടോ എന്നീ ജയിലുകളിലെ തടവുകാർ ചേർന്ന് 150ൽപ്പരം കുമ്പസാരക്കൂടുകളാണ് ഒരുക്കുന്നത്. ഇതുസംബന്ധിച്ച കരാറിൽ പോർച്ചുഗലിലെ ജയിൽ വകുപ്പുമായി ഇക്കഴിഞ്ഞ ദിവസം വേൾഡ് യൂത്ത് ഡേ ഫൗണ്ടേഷൻ ഒപ്പുവെക്കുകയായിരുന്നു.

ഓരോ ജയിൽ യൂണിറ്റും 50 കുമ്പസാരക്കൂടുകളാണ് നിർമിക്കുക. പുനരുപയോഗിക്കാവുന്ന വസ്തുക്കൾ കൊണ്ടാണ് നിർമാണം. പോർച്ചുഗീസ് വീടുകളുടെ രൂപസാദൃശ്യത്തോടെ നിർമിക്കുന്ന കൂടുകൾ യൂത്ത് ഡേയുടെ വോളണ്ടിയേഴ്‌സാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. മേൽക്കൂരയും വലതു പാർശ്വഭിത്തിയും കൂടിച്ചേരുമ്പോൾ രൂപപ്പെടുന്ന കുരിശടയാളവും ശ്രദ്ധേയമാണ്.

പേപ്പൽ പതാകയെ അനുസ്മരിപ്പിക്കുംവിധം മഞ്ഞ, വെള്ള നിറങ്ങളുടെ ബോർഡറുമുണ്ട്. കൂടാതെ ലോക യുവജന സംഗമത്തിന്റെ ലോഗോയും ഉൾപ്പെടുത്തിയിട്ടുണ്ട്. കാരുണ്യോദ്യാനം (പാർക്ക് ഡോ പെർഡോ) എന്ന പേരിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന വേദിയിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ലക്ഷകണക്കിന് യുവജനങ്ങൾക്ക് കുമ്പസാരിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. വിവിധ ഭാഷകളിൽ കുമ്പസാരിക്കാൻ സൗകര്യം ഉണ്ടാകും.

ആത്മീയ വിശുദ്ധിക്ക് വഴിയൊരുക്കുന്ന അനുരജ്ഞന കൂദാശയ്ക്കായി കുമ്പസാരക്കൂടുകൾ നിർമിക്കുമ്പോൾ തങ്ങൾക്കും ആത്മീയവിശുദ്ധിയും സ്വാതന്ത്ര്യവും അനുഭവിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ജയിൽപ്പുള്ളികൾ. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് ലിസ്ബണിൽ ലോക യുവജനസംഗമം അരങ്ങേറുന്നത്. വൈദികരോടൊപ്പം ഫ്രാൻസിസ് പാപ്പയും കാരുണ്യോദ്യാനത്തിലെത്തി അനുരഞ്ജനത്തിന്റെ കൂദാശ പരികർമം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?