Follow Us On

23

December

2024

Monday

ഭക്ഷിക്കാൻ കൊടുക്കുവിൻ

'നിങ്ങൾ ഇന്നനുഭവിക്കുന്ന വിശപ്പ് എന്താണെന്ന് കണ്ടെത്തൂ. എന്നിട്ട്, രക്ഷകനിൽനിന്ന് വാങ്ങി ഭക്ഷിച്ച് തൃപ്തരാകൂ. ശേഷം മതി, ഇനിയുള്ള യാത്ര.'- ബെനഡിക്ട് പതിനാറാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ- 12

ഭക്ഷിക്കാൻ കൊടുക്കുവിൻ

‘നിങ്ങൾതന്നെ അവർക്കും ഭക്ഷിക്കാൻ കൊടുക്കുവിൻ (മത്തായി 14:16). ക്രിസ്തു അവരുടെ ഭൗതിക വിശപ്പിനെ ശ്രദ്ധിച്ചു. എന്നാൽ, വിശപ്പ് ഭൗതികതലത്തിൽ മാത്രമല്ല എന്നും അവൻ കണ്ടു. മനുഷ്യന് മറ്റേറെ സവിശേഷതകളുണ്ട്. അപ്പം മുറിച്ച് വിളമ്പാൻ ഏൽപ്പിച്ചത് ശിഷ്യരെയാണ്. ഇനിമുതൽ മനുഷ്യന്റെ വിശപ്പകറ്റാൻ ശിഷ്യർ നിലകൊള്ളണം. ദിവ്യകാരുണ്യത്തിൽ അപരന്റെ വിശപ്പകറ്റാനുള്ള അനുകമ്പ നിറഞ്ഞ പ്രവൃത്തികൾ ഉൾചേർന്നിട്ടുണ്ട്. വിശക്കുന്നവരെ പറഞ്ഞുവിടാൻ ശിഷ്യർ തിടുക്കം കൂട്ടുമ്പോൾ അവർക്കു ഭക്ഷിക്കാൻ നിങ്ങൾതന്നെ എന്തെങ്കിലും കൊടുക്കുവിൻ എന്നു പറയുന്ന യേശുവിന്റെ വാക്കുകൾ ഗൗരവത്തിലെടുക്കണം.’

(ബെനഡിക്ട് പതിനാറാമൻ പാപ്പ, ജനറൽ ഓഡിയൻസ്, 19 ഒക്ടോബർ 2016)

വിശക്കുന്ന മനുഷ്യരാണ് വഴിയോരത്ത് വീണുപോകുന്നത്. സന്ധ്യമയങ്ങുവോളം വചനം കേട്ട മനുഷ്യരെ പറഞ്ഞുവിടാനുള്ള തിടുക്കത്തിലായിരുന്നു ശിഷ്യർ. എന്നിട്ടുവേണം അവർക്കെന്തെങ്കിലും ഭക്ഷിക്കാൻ. യേശുവാകട്ടെ വിശപ്പോടെ വിജനദേശത്ത് മനുഷ്യരെ ഉപേക്ഷിക്കാൻ തയാറുമല്ല. കാരണം, വിശക്കുന്നവർ വഴിയരികെ വീഴാനിടയുണ്ട്.

എന്തിന്റെയും വിശപ്പാകാം ഒരാൾക്കുള്ളത്. ഉദരത്തിന്റെ മാത്രമല്ല. സ്നേഹത്തിന്റെ, അംഗീകാരത്തിന്റെ, സാമീപ്യത്തിന്റെ എന്നു തുടങ്ങി നിങ്ങളനുഭവിക്കുന്ന ഏതു നെഞ്ചുരുക്കവും വിശപ്പാണ്. വിശപ്പകറ്റിയില്ലെങ്കിൽ യാത്രയ്ക്കിടെ ഏതു പ്രലോഭനത്തിലും നിങ്ങൾ വീണുപോകും. കാരണം, വിശപ്പിന് പരിഹാരം ഭോജനമേയുള്ളൂ. പ്രലോഭനങ്ങളുടെ കല്ലിൽ തട്ടി തന്റെ പ്രിയർ മരിച്ചു വീഴരുതെന്ന് ഉറപ്പിക്കുന്ന രക്ഷകന്റെ ആജ്ഞാവചനമാണ്, ‘നിങ്ങൾതന്നെ അവർക്കു ഭക്ഷിക്കാൻ കൊടുക്കുവിൻ’ എന്നത്.

നമ്മുടെ പരിസരങ്ങളിൽ ആരെങ്കിലുമൊക്കെ ജീവിതത്തിന്റെ വഴിയരികിൽ വീണുപോയെന്നറിയുമ്പോൾ, എന്റെ പിഴ എന്നു നാം പറയണം. കാരണം, അയാൾ വിശപ്പനുഭവിക്കുന്ന മനുഷ്യനായിരുന്നു. ഭക്ഷണം നൽകാതെ പറഞ്ഞുവിട്ടതുകൊണ്ടാണ് അയാൾ വീണു പോയത്. നമ്മുടെ മുമ്പിൽ ആരും വീണുപോകരുത്, വിശപ്പുമൂലം. നിങ്ങൾ ഇന്നനുഭവിക്കുന്ന വിശപ്പ് എന്താണെന്ന് കണ്ടെത്തൂ. എന്നിട്ട്, രക്ഷകനിൽനിന്ന് വാങ്ങി ഭക്ഷിച്ച് തൃപ്തരാകൂ. ശേഷം മതി, ഇനിയുള്ള യാത്ര.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?