Follow Us On

23

December

2024

Monday

മെൽബൺ രൂപത ഒരുങ്ങി, മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്; ശാലോം ടി.വിയിൽ തത്‌സമയം

പോൾ സെബാസ്റ്റ്യൻ

മെൽബൺ രൂപത ഒരുങ്ങി, മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്;  ശാലോം ടി.വിയിൽ തത്‌സമയം

മെൽബൺ രൂപത ഒരുങ്ങി, മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്; ശാലോം ടി.വിയിൽ തത്‌സമയം പോൾ സെബാസ്റ്റ്യൻ മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ഇടയനായി മാർ ജോൺ പനന്തോട്ടത്തിൽ സി.എം.ഐ മേയ് 31ന് അഭിഷിക്തനാകും. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കുന്ന തിരുക്കർമങ്ങൾ ശാലോം ടി.വി തത്‌സമയം സംപ്രേഷണം ചെയ്യും. മെൽബണിന് സമീപമുള്ള ക്യാമ്പെൽഫീൽഡ് ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ് കൽദായ കാത്തലിക് ദൈവാലയത്തിൽ ഓസ്‌ട്രേലിയൻ സമയം (AEST) വൈകീട്ട് 5.00നാണ് (12.30 PM IST/ 8.00 AM BST/ 3.00 AM ET) മെത്രാഭിഷേക തിരുക്കർമങ്ങൾ.

ബിഷപ്പ് മാർ ബോസ്‌ക്കോ പുത്തൂർ, യൂറോപ്പിലെ സീറോ മലബാർ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, താമരശേരി ബിഷപ്പ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ, രാജ്‌കോട്ട് ബിഷപ്പ് മാർ ജോസ് ചിറ്റൂപ്പറമ്പിൽ, ഷംഷബാദ് രൂപതാ സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ ഉൾപ്പെടെ ഓഷ്യാനിയയിലെ വിവിധ രൂപതകളിൽനിന്നുള്ള 30 ബിഷപ്പുമാരും മെൽബൺ രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരാകും.

മാർ പനന്തോട്ടത്തിലിനെ ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള ഫ്രാൻസിസ് പാപ്പയുടെ ഉത്തരവ് ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ്പ് ചാൾസ് ബാൽവോ വായിക്കും. ബ്രിസ്‌ബേൻ ആർച്ച്ബിഷപ്പ് മാർക്ക് കോൾറ്രിഡ്ജ് വചന സന്ദേശം നൽകും. മെൽബൺ വികാരി ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി ആർച്ച് ഡീക്കനായിരിക്കും. മെത്രാഭിഷേകം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി രൂപതാ നേതൃത്വം അറിയിച്ചു. ഫാ. ജോയിസ് കോലംകുഴിയിൽ സി.എം. ഐ യുടെ നേതൃത്വത്തിലുള്ള 75 അംഗ ക്വയർ സംഘമാണ് ഗാന ശുശ്രൂഷ നയിക്കുന്നത്.

തിരുക്കർമങ്ങൾക്കുശേഷം, മാർ ബോസ്‌ക്കോ പുത്തൂരിന് നന്ദി അർപ്പിക്കാനും മാർ പനന്തോട്ടത്തിലിന് ആശംസ നേരാനുമായി സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖർ സന്നിഹിതരായിരിക്കും. 75 വയസ് പൂർത്തിയായിനെ തുടർന്ന് കാനോനിക നിയമപ്രകാരം മാർ പുത്തൂർ വിരമിച്ച ഒഴിവിലാണ് മാർ പനന്തോട്ടത്തിലിനെ പുതിയ ഇടയനായി പാപ്പ നിയമിച്ചത്. സീറോ മലബാർ സഭാംഗങ്ങളുടെ അജപാലനശുശ്രൂഷയ്ക്കായി 2013ലാണ് മെൽബൺ സെന്റ് തോമസ് രൂപത സ്ഥാപിതമായത്. 2021ൽ മെൽബൺ രൂപതയുടെ അതിർത്തി ന്യൂസിലാൻഡിലേക്കും ഇതര ഓഷ്യാനിയൻ രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു.

തലശേരി അതിരൂപതയിലെ പേരാവൂർ ഇടവകയിൽ പരേതരായ ജോസഫിന്റെയും ത്രേസ്യായുടെയും മകനായി 1966 മെയ് 31നാണ് ജനനം. സി.എംഐ സമൂഹത്തിന്റെ കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസിൽ ചേർന്ന അദ്ദേഹം ബെംഗളുരു ധർമാരാം കോളേജിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പൂർത്തിയാക്കി 1997 ഡിസംബർ 28ന് തിരുപ്പട്ടം സ്വീകരിച്ചു. സി.എം.ഐ സഭയുടെ കോഴിക്കോട് പ്രോവിൻസിന്റെ പ്രോവിൻഷ്യാൾ സുപ്പീരിയറായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം അമേരിക്കയിലും ഓസ്‌ട്രേലിയയിലും വൈദീക ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്.

തിരുക്കർമങ്ങൾ ശാലോം ടി.വിയിൽ തത്സമയം സംപ്രേഷണം ചെയ്യുന്നതിനൊപ്പം ‘ശാലോം മീഡിയ ഓസ്‌ട്രേലിയ’യുടെ ഫേസ്ബുക്ക് പേജിലും (facebook.com/shalommediaaustralia)  ‘മൈ ശാലോം’ യൂടൂബ് ചാനലിലും (youtube.com/@myShalom) തത്സമയം കാണാൻ സൗകര്യം ഒരുക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?