Follow Us On

31

October

2024

Thursday

അഞ്ച് വർഷം ഏഴ് വൈദീകർ! യു.എസിലെ സീറോ മലബാർ  സഭാസമൂഹം അഭിമാന നിറവിൽ; ഡീക്കൻ ജോർജിന്റെ തിരുപ്പട്ടം ജൂൺ 3ന്

അഞ്ച് വർഷം ഏഴ് വൈദീകർ! യു.എസിലെ സീറോ മലബാർ  സഭാസമൂഹം അഭിമാന  നിറവിൽ; ഡീക്കൻ ജോർജിന്റെ തിരുപ്പട്ടം ജൂൺ 3ന്

തിരുപ്പട്ട സ്വീകരണം ശാലോം ടി.വിയിൽ തത്സമയം

ചിക്കാഗോ: ബെൽവുഡ് മാർത്തോമാ ശ്ലീഹാ കത്തീഡ്രൽ ഇടവകാംഗമായ ഡീക്കൻ ജോർജ് സഖറിയാസ് പാറയിലിന്റെ തിരുപ്പട്ട സ്വീകരണത്തിലൂടെ ഏഴാമത്തെ വൈദീകനെ സ്വീകരിക്കാനൊരുങ്ങി അമേരിക്കയിലെ സീറോ മലബാർ സഭാസമൂഹം. കുറഞ്ഞ നാളുകൾക്കിടയിൽ, കൃത്യമായി പറഞ്ഞാൽ 2018മുതലുള്ള അഞ്ച് വർഷത്തിനിടയിൽ ഏഴ് നവവൈദീകരെ സഭയ്ക്ക് സമ്മാനിക്കാൻ സാധിച്ചതിന്റെ അഭിമാന നിറവിലുമാണ്, ഭാരതത്തിന് വെളിയിലെ പ്രഥമ സീറോ മലബാർ രൂപതയായ ചിക്കാഗോ സെന്റ് തോമസ് രൂപത.

ഈ ഏഴു പേരും അമേരിക്കൻ  മലയാളികളുടെ പുതുതലമുറയിൽ നിന്നുള്ളവരാണെന്നതും ശ്രദ്ധേയം. രൂപതാംഗങ്ങളായ ഏഴ് പേർ സെമിനാരി പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും ഈ വർഷം രണ്ടുപേർകൂടി സെമിനാരി പ്രവേശനത്തിനുള്ള തയാറെടുപ്പിലാണെന്നും അറിയുമ്പോൾ, ചിക്കാഗോ സീറോ മലബാർ രൂപതയ്ക്ക് പുതിയൊരു വിശേഷണംകൂടി സമ്മാനിക്കാം- പ്രവാസ മലയാളി സഭയിലെ ദൈവവിളി വയൽ!

കത്തീഡ്രലിൽനിന്ന് ആദ്യമായി വൈദീക ശുശ്രൂഷയിലേക്ക് അഭിഷിക്തനാകുന്ന ഡീക്കൻ പാറയിലിന്റെ തിരുപ്പട്ട സ്വീകണത്തിന് വേദിയാകുന്നതും കത്തീഡ്രൽ ദൈവാലയം തന്നെയാകും. ജൂൺ മൂന്ന് രാവിലെ 9.30ന് (CT) ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാർമികത്വത്തിലാണ് തിരുക്കർമങ്ങൾ. ബിഷപ്പ് എമരിത്തൂസ് മാർ ജേക്കബ് അങ്ങാടിയത്ത്, സത്‌നാ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് കൊടകല്ലിൽ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ശുശ്രൂഷകൾ.

ചാൻസിലർ ഫാ. ജോർജ് ദാനവേലിൽ, പ്രോട്ടോ സെഞ്ചെല്ലൂസ് മോൺ. തോമസ് മുളവനാൽ, സെഞ്ചെല്ലൂസ് മോൺ. തോമസ് കടുകപ്പിള്ളിൽ, പ്രൊക്യുരേറ്റർ ഫോ. കുര്യൻ നെടുവേലിചാലുങ്കൽ എന്നിവർ സഹകാർമികരാരും. വൊക്കേഷൻ ഡയറക്ടർ ഫാ. പോൾ ചാലിശേരി ആർച്ച്ഡീക്കനായിരിക്കും. തിരുപ്പട്ട സ്വീകരണത്തെ തുടർന്ന് നവവൈദീകൻ അർപ്പിക്കുന്ന പ്രഥമ ദിവ്യബലിയിൽ, ചിക്കാഗോ രൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിച്ച ആറ് പേർ സഹകാർമികത്വം വഹിക്കുന്നതും ശ്രദ്ധേയമാകും. തിരുക്കർമങ്ങൾക്കുശേഷം മാർ ജേക്കബ് അങ്ങാടിയത്ത് അനുമോദന സന്ദേശം നൽകും.

കോഴിക്കോടുനിന്ന് യു.എസിലേക്ക് കുടിയേറിയ പാറയിൽ സഖറിയ- ബെറ്റി ദമ്പതികളുടെ മകനാണ് ഡീക്കൻ ജോർജ്. ചിക്കാഗോയിലായിരുന്നു ജനനം. കുട്ടിക്കാലം മുതൽതന്നെ വിശ്വാസജീവിതത്തിന് പ്രാധാന്യം നൽകിയ ജോർജ് 12-ാം ക്ലാസ് പഠനത്തിനുശേഷമാണ് ദൈവഹിതം തിരിച്ചറിഞ്ഞ് ചിക്കാഗോയിലെ സെന്റ് ജോസഫ് കോളജ് സെമിനാരിയിൽ പ്രവേശിതനായത്. ഫാ. വിനോദ് മഠത്തിപ്പറമ്പിൽ വൊക്കേഷൻ ഡയറക്ടർ ആയിരിക്കുമ്പോഴായിരുന്നു സെമിനാരി പ്രവേശനം. ലെയോള യൂണിവേഴ്സിറ്റി, ചിക്കാഗോ മണ്ടെലെയിൻ സെമിനാരി എന്നിവിടങ്ങളിൽ പരിശീലനം പൂർത്തിയാക്കി 2022 ൽ ഡീക്കൻ പട്ടം സ്വീകരിച്ചു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും ഷംഷബാദ് രൂപതയിലുമായിരുന്നു റീജൻസി. ജോസഫ് പാറയിൽ, ജോനാ പാറയിൽ എന്നിവരാണ് സഹോദരങ്ങൾ.

ആറു പതിറ്റാണ്ട് പിന്നിടുന്ന യു.എസിലെ സീറോ മലബാർ കുടിയേറ്റത്തിന്റെയും രണ്ട് പതിറ്റാണ്ട് പിന്നിട്ട ചിക്കാഗോ സീറോ മലബാർ രൂപതയുടെയും നാൾവഴി ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് 2018ലാണ് ഫാ. കെവിൻ മുണ്ടയ്ക്കൽ, ഫാ. രാജീവ് വലിയവീട്ടിൽ എന്നിവരിലൂടെ രൂപതയക്ക് ആദ്യമായി വൈദീകരെ ലഭിച്ചത്. ഫാ. മെൽവിൻ പോൾ (2020 മേയ്), ഫാ. തോമസ് പുളിക്കൽ (2020 ജൂൺ), ഫാ. ജോബി ജോസഫ് (2021 മേയ്), ഫാ. ജോയൽ പയസ് (2022 മേയ്) എന്നിവരാണ് രൂപതയിൽനിന്നുള്ള മറ്റ് വൈദീകർ.

നവവൈദീകനെ സ്വീകരിക്കാൻ ഒരുങ്ങുന്ന ചിക്കാഗോ കത്തീഡ്രൽ ഇടവകസമൂഹം, വികാരി ഫാ. തോമസ് കടുകപ്പിള്ളിൽ, സഹവികാരി ഫാ. ജോബി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. പൗരോഹിത്യ സ്വീകരണ തിരുക്കർമങ്ങൾ ‘ശാലോം അമേരിക്ക’ ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും. കൂടാതെ, ശാലോം മീഡിയയുടെ ഫേസ്ബുക്ക്, യൂ ട്യൂബ് ചാനൽ എന്നിവിടങ്ങളിലും ലഭ്യമാകും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?