ന്യൂയോർക്ക്: വിശുദ്ധ പാദ്രേ പിയോയുടെ സ്വാധീനത്താൽ താൻ കത്തോലിക്കാ വിശ്വാസം സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കുകയാണെന്ന് വെളിപ്പെടുത്തി ഹോളിവുഡിലെ വിഖ്യാത താരം ഷിയ ലബോഫ്. പാദ്രേ പിയോയുടെ ജീവിതത്തെ ഇതിവൃത്തമാക്കി റിലീസ് ചെയ്യപ്പെട്ട ‘പാദ്രേ പിയോ’ സിനിമയിൽ വിശുദ്ധന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് ജനഹൃദയം കീഴടക്കുന്നതിനിടെയാണ് ലബോഫിന്റെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. സിനിമിയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രമുഖ മാധ്യമമായ ‘ചർച്ച് പോപ്പിന്’ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നതിന്റെ ഭാഗമായ വിശ്വാസ പരിശീലന ക്ലാസിൽ (റൈറ്റ് ഓഫ് ക്രിസ്റ്റ്യൻ ഇനിസേഷ്യൻ ഓഫ് അഡൽട്ട് ആർ.സി.ഐ.എ) താൻ പങ്കെടുക്കുന്നുണ്ടെന്നും അടുത്തവർഷത്തോടെ മാമ്മോദീസാ സ്വീകരിച്ച് സഭയിൽ അംഗത്വം സ്വീകരിക്കാനാകുമെന്ന പ്രത്യാശയും അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചു. പാശ്ചാത്യനാടുകളിൽ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നതിൽ സുപ്രധാനമാണ് ‘ആർ.സി.ഐ.എ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വിശ്വാസ പരിശീലന ക്ലാസുകളിലെ പങ്കാളിത്തം.
വിശുദ്ധ പാദ്രേ പിയോയുടെ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തന്നെ യേശുക്രിസ്തുവിലേക്കും കത്തോലിക്കാ സഭയിലേക്കും നയിച്ചു എന്ന ഷിയ ലബോഫിന്റെ വെളിപ്പെടുത്തൽ നാളുകൾക്കുമുമ്പ് വലിയ വാർത്തയായിരുന്നു. യു.എസിലെ ബിഷപ്പ് റോബർട് ബാരൺ നയിക്കുന്ന ‘വേഡ് ഓൺ ഫയർ കാത്തലിക് മിനിസ്ട്രി’ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രസ്തുത സാക്ഷ്യം അദ്ദേഹം പങ്കുവെച്ചത്. അതുകൊണ്ടുതന്നെ ബിഷപ്പ് റോബർട്ട് ബാരണിൽനിന്ന് സ്ഥൈര്യലേപനം സ്വീകരിക്കണമെന്ന ആഗ്രഹവും അദ്ദേഹം അഭിമുഖത്തിൽ പ്രകടിപ്പിച്ചിട്ടുണ്ട്.
വിശുദ്ധന്റെ കാഥാപാത്രത്തെ ഉൾകൊള്ളുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജീവിതം അടുത്തറിയാൻ ഫ്രാൻസിസ്‌ക്കൻ കപ്പൂച്ചിൻ സന്യാസിമാരുടെ ആശ്രമത്തിൽ താമസിച്ച കാലയളവിലാണ് കത്തോലിക്കാ വിശ്വാസം സ്വീകരിക്കണമെന്ന ആഗ്രഹം ഷിയ ലബോഫിൽ സൃഷ്ടിച്ചത്. എന്നാൽ പാദ്രേ പിയോയുള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ തീരുമാനിച്ചത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല, മറിച്ച് തന്റെ കരിയറിന് നേട്ടമുണ്ടാക്കാൻ വേണ്ടി മാത്രമായിരുന്നുവെന്ന് ലബോഫ് വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് വിശുദ്ധന്റെ ജീവിതം കൂടുതൽ അടുത്തറിഞ്ഞപ്പോൾ അദ്ദേഹം കത്തോലിക്കാ വിശ്വാസത്തിലേക്ക് ആകർഷണീയനാകുകയായിരുന്നു.
‘ജപമാല, പരിശുദ്ധ കുർബാന, കുമ്പസാരം, പരമ്പരാഗത ലത്തീൻ കുർബാനയോടുള്ള ഇഷ്ടം, അമ്മയുമായി അനുരഞ്ജനത്തിലൂടെ താൻ അനുഭവിച്ച സമാധാനം എന്നിവയെല്ലാം തന്നെ ഈ വിശ്വാസത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. കൂടാതെ സിനിമക്കുവേണ്ടി പ്രവർത്തിച്ച മറ്റെല്ലാവരും ഉത്തമ വിശ്വാസികളായിരുന്നു. അവരുടെ ജീവിതത്തിന്റെ ക്രമവും ജീവിതശൈലിയിലെ വഴിതെറ്റുന്ന സ്വഭാവത്തിൽനിന്ന് വളരെ എളുപ്പത്തിൽ രക്ഷപ്പെടുന്നതുമെല്ലാം എന്നെ ഏറെ സ്വാധീനിച്ചു.’
സിനിമയുടെ ചിത്രീകരണനാളുകളിലുടനീളം വലിയ സംരക്ഷണം അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. പാദ്രേ പിയോ താമസച്ചിരുന്നു യഥാർത്ഥ സ്ഥലങ്ങളിൽ ചിത്രീകരണം നടത്തിയപ്പോൾ, അദ്ദേഹത്തിന്റെ വിശ്വാസത്തെ കൂടുതൽ പഠിക്കുകയും ആചരിക്കുകയും ചെയ്തു. അങ്ങനെ പൂർണമായും വളരെ എളുപ്പത്തിൽ തന്റെ വഴി കണ്ടെത്തുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *