Follow Us On

17

May

2024

Friday

അക്രമിയുടെ വെടിയേറ്റ് അരയ്ക്കു താഴെ ചലനശേഷി നഷ്ടമായ സീസർ ഗലൻ ഇനി വൈദികൻ

അക്രമിയുടെ വെടിയേറ്റ് അരയ്ക്കു താഴെ ചലനശേഷി നഷ്ടമായ സീസർ ഗലൻ ഇനി വൈദികൻ

ലോസ് ആഞ്ചലസ്: അക്രമിയുടെ വെടിയേറ്റ് അരയ്ക്കുതാഴെ ചലനശേഷി നഷ്ടമായ യു.എസ് സ്വദേശി ഇനി ക്രിസ്തുവിന്റെ പുരോഹിതൻ. കാലിഫോർണിയയിലെ ലോസ് ആഞ്ചലസ് അതിരൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിച്ച സീസർ ഗലനാണ് ആ നവവൈദീകൻ. ‘ഫ്രയേഴ്‌സ് ഓഫ് ദ സിക്ക് പുവർ ഓഫ് ലോസ് ആഞ്ചലസ്’ എന്ന സന്യാസസഭയിൽ സന്യാസവ്രതം സ്വീകരിച്ച് ശുശ്രൂഷ ചെയ്തിരുന്ന ബ്രദർ സീസർ ജൂൺ ആദ്യവാരമാണ് ലോസ് ആഞ്ചലസ് ആർച്ച്ബിഷപ്പ് ഹൊസെ ഗോമസിൽനിന്ന് തിരുപ്പട്ടം സ്വീകരിച്ചത്.

ആക്രമിയുടെ വെടിയുണ്ടയേൽപ്പിച്ച മുറിവിനാൽ ജീവിതം ചക്രക്കസേരയിലേക്ക് ചുരുക്കേണ്ടിവന്നെങ്കിലും തന്നെക്കുറിച്ചുള്ള ദൈവഹിതം തിരിച്ചറിഞ്ഞതിന്റെ ആനന്ദത്തിലാണ് 50 വയസുകാരനായ ഫാ. സീസർ. ഇരുപത്തിരണ്ട് വർഷംമുമ്പ്, കൃത്യമായി പറഞ്ഞാൽ 2001 ഏപ്രിൽ മൂന്നിന് തെരുവിൽ വെച്ചുണ്ടായ ഒരു ആക്രമണമാണ് ആരോഗ്യദൃഢഗാത്രനായിരുന്ന സീസറിന്റെ ജീവിതം കീഴ്‌മേൽ മറിച്ചത്. എട്ടു മക്കളുള്ള കത്തോലിക്കാ കുടുംബത്തിലെ ആറാമനായിരുന്ന സീസർ കുട്ടിക്കാലം മുതൽ വിശ്വാസകാര്യങ്ങളിൽ തൽപ്പരനായിരുന്നു. പിതാവായിരുന്നു അതിന് മാതൃക.

ചെറുപ്രായത്തിൽന്നെ വെയർഹൗസിൽ ജോലി ചെയ്യാൻ ആരംഭിച്ച സെസാർ, ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുംമുമ്പേ ഒരു കാറും സ്വന്തമാക്കി. അല്ലലില്ലാതെ ജീവിതം മുന്നോട്ടുപോകവേയാണ് അപ്രതീക്ഷിതമെന്നോണം ആ ദുരന്തം സംഭവിച്ചത്. 2001 ഏപ്രിൽ മൂന്ന്, ജോലിക്കുശേഷം തന്റെ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടുകയായിരുന്നു സീസർ. തന്റെ സഹോദരനായ ഹെക്ടറും ആയിടയ്ക്ക് ജയിൽ മോചിതനായ മറ്റൊരു യുവാവും അക്കൂട്ടത്തിലുണ്ടായിരുന്നു.

അയാളും ഹെക്ടറും തമ്മിൽ എന്തോ കാര്യത്തിന് പെട്ടെന്നൊരു വാക്കേറ്റമുണ്ടായി. വഴക്ക് മുറുകവേ സീസറിൽനിന്ന് കാറിന്റെ താക്കോലും വാങ്ങി ഹെക്ടർ അവിടംവിട്ടു. പ്രശ്‌നം തീർന്നല്ലോ എന്ന് കരുതിയിരിക്കുമ്പോഴാണ് റോഡരികിൽനിന്ന് വെടിയൊച്ച കേട്ടത്. അവിടേക്ക് കുതിച്ചെത്തുമ്പോഴേക്കും, തന്റെ സഹോദരനുനേരെ വെടിയുതിർത്ത ആക്രമിയുമായി സീസർ കൂട്ടിയിടിച്ച് നിലത്തു വീണു.

അയാളുടെ കൈയിൽനിന്ന് തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടയിൽ രണ്ട് തവണകൂടി വെടിശബ്ദം കേട്ടതേ സീസറിന് ഓർമയുള്ളൂ. ചനലശേഷി നഷ്ടപ്പെട്ട തെരുവിൽ കിടക്കുമ്പോഴും, തന്റെ കാതുകളിൽ ഒരു ശബ്ദം വ്യക്തമായി കേട്ടു എന്നാണ് സീസറിന്റെ സാക്ഷ്യം. ‘ഭയപ്പെടരുത്, ഞാനെപ്പോഴും നിന്റെ കൂടെയുണ്ടാവും.’ രണ്ട് ദിവസത്തിനുശേഷം ഓർമ വീണ്ടെടുക്കുമ്പോൾ ലിൻവുഡിലെ സെന്റ് ഫ്രാൻസിസ് മെഡിക്കൽ സെന്ററിലാണ്. വെടിയുണ്ടകളിൽ ഒന്ന് തോളിൽ തറച്ചപ്പോൾ മറ്റൊന്ന് സുഷുമ്‌നാ നാടിയിൽ ക്ഷതമുണ്ടാക്കി.

അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെടുമെന്ന ചിന്തയേക്കാൾ അലട്ടിയത് സഹോദരനെ കാണാൻ സാധിക്കാത്തതായിരുന്നു. തൊട്ടടുത്ത മുറിയിൽ ജീവനും മരണത്തിനുമിടയിലെ സഞ്ചാരത്തിലായിരുന്നു സഹോദരൻ അപ്പോൾ. ആശുപത്രിയിലെ ചാപ്ലൈൻ ബ്രദർ റിച്ചാർഡ് ഹൈർബ് മരണാസന്നനായ സഹോദരന്റെ മുറിയിലേക്ക് സീസർറിനെ കൊണ്ടുപോയി. ‘ഇത് അവസാനമല്ലെന്ന് ഉറക്കെ പറയാൻ എനിക്കായില്ലെങ്കിലും അക്കാര്യം ഞാൻ അവനോട് പറഞ്ഞു. ഒരിക്കൽ എന്റെ കണ്ണുകൾ അടയും, അത് തുറക്കുമ്പോൾ അവിടെ നീയും ഉണ്ടാകുമെന്ന് എനിക്കറിയാം, എന്നെ സ്വീകരിക്കാൻ നീ അവിടെയുണ്ടാകും,’ സഹോദരനോട് ഒടുവിൽ പറഞ്ഞ വാക്കുകൾ സീസർ ഓർത്തെടുത്തു.

സഹോദരന്റെ മരണശേഷമാണ് സീസറിന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാവുന്നത്. ‘കീഴടങ്ങൽ’ എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. ആശുപത്രിവാസത്തിനിടെ ബ്രദർ റിച്ചാർഡ് ഹൈർബുമായുള്ള സൗഹൃദം വളർന്നു. അദ്ദേഹം അംഗമായിരിക്കുന്ന ‘ഫ്രയേഴ്‌സ് ഓഫ് ദ സിക്ക് പുവർ ഓഫ് ലോസ് ആഞ്ചലസ്’ സന്യാസസമൂഹത്തെ കുറിച്ച് സീസർ അറിഞ്ഞത് അദ്ദേഹത്തിൽനിന്നാണ്. തന്നെ ചികിത്‌സിച്ച ആശുപത്രിയിൽ ശുശ്രൂഷ ചെയ്യാൻ 2015ൽ അദ്ദേഹവും പ്രസ്തുത സഭയിൽ സന്യാസവ്രതം സ്വീകരിക്കുകയായിരുന്നു.

രണ്ട് വർഷത്തിനുശേഷമാണ് തന്നെക്കുറിച്ചുള്ള ദൈവഹിതം പൗരോഹിത്യമാണെന്ന് തിരിച്ചറിഞ്ഞ് സീസർ സെമിനാരിയിൽ പ്രവേശിതനായത്. ലോസ് ആഞ്ചലസ് അതിരൂപതയ്ക്കായി തിരുപ്പട്ടം സ്വീകരിച്ചെങ്കിലും സന്യാസവ്രത വാഗ്ദാനം നടത്തിയതിനാൽ അദ്ദേഹത്തിന് രണ്ട് ദൗത്യങ്ങളാണ് സഭാ നേതൃത്വം ഏൽപ്പിച്ചിരിക്കുന്നത്. ജീവിത നിയോഗം തിരിച്ചറിയാൻ സഹായിച്ച അതേ ആശുപത്രിയിലെ ചാപ്ലൈൻ ശുശ്രൂഷയാണ് അതിലൊന്ന്, ഡൗണിയിലെ സെന്റ് റെയ്മണ്ട് ദൈവാലയത്തിലെ അജപാലന ശുശ്രൂഷയാണ് മറ്റൊന്ന്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?