മിസിസിപ്പി: മനുഷ്യജീവന് നൽകേണ്ട മഹത്വം ലോകത്തോട് വിളിച്ചുപറയാൻ ഒരു മാസംതന്നെ നീക്കിവെച്ച് യു.എസ് സംസ്ഥാനമായ മിസിസിപ്പി. ഈ ജൂൺ ‘ജീവന്റെ മഹത്വം’ പ്രഘോഷിക്കാനുള്ള മാസമായി ആചരിക്കാനുള്ള സുപ്രധാന തീരുമാനം കഴിഞ്ഞ ദിവസം മിസിസിപ്പി ഗവർണർ ടേറ്റ് റീവ്സ് പ്രഖ്യാപിക്കുകയായിരുന്നു. മിസിസിപ്പി സംസ്ഥാനം ഇത് രണ്ടാം തവണയാണ് ജൂണിൽ ജീവന്റെ മാസാചരണം പ്രഖ്യാപിക്കുന്നത്.
ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിയ 1973ലെ കുപ്രസിദ്ധമായ ‘റോ വേഴ്സസ് വേഡ്’ വിധി യു.എസ് സുപ്രീം കോടതി തിരുത്തിക്കുറിച്ച 2022 ജൂണിലും, സമാനമായ പ്രഖ്യാപനം അദ്ദേഹം നടത്തിയിരുന്നു. കുപ്രസിദ്ധ വിധി തിരുത്താൻ കാരണമായ ‘ഡോബ്‌സ് വേഴ്‌സസ് ജാക്‌സൺ’ കേസ് ഫയൽ ചെയ്തതും മിസിസിപ്പിയാണെന്നതും ശ്രദ്ധേയം.
‘അമേരിക്കക്കാരെന്ന നിലയിൽ നാം വിലമതിക്കുന്ന മൂല്യങ്ങളും സ്വാതന്ത്ര്യങ്ങളും ജീവന്റെ വിശുദ്ധിയോടുള്ള നമ്മുടെ അടിസ്ഥാന പ്രതിബദ്ധതയിലൂന്നിയാണ് നിലകൊള്ളുന്നത്,’ 1984ൽ ജീവന്റെ മഹത്വം പ്രഘോഷിക്കാനുള്ള ദേശീയ ദിനാചരണം പ്രഖ്യാപിച്ചുകൊണ്ട് മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ നടത്തിയ സുപ്രസിദ്ധമായ പ്രോ ലൈഫ് പ്രസ്താവന ഉദ്ധരിച്ചാണ് ഗവർണർ റീവ്‌സ് പ്രഖ്യാപനത്തിൽ ഒപ്പ് രേഖപ്പെടുത്തിയത്.
ഇതുമായി ബന്ധപ്പെട്ട് നമുക്കു മുന്നിലുള്ള ദൗത്യത്തിലേക്ക് ഇപ്പോൾതന്നെ ശ്രദ്ധയൂന്നണമെന്ന് സംസ്ഥാന ജനതയെ ഓർമിപ്പിച്ചതിനൊപ്പം, കരുണാദ്രമായ നയങ്ങളിലൂടെ അമ്മമാരെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രഖ്യാപനത്തിൽ ഒപ്പുവെക്കുമ്പോൾ, കുടുംബ മൂല്യങ്ങളും ബൈബിൾ മൂല്യങ്ങളും സമൂഹത്തിൽ പ്രഘോഷിക്കുന്നതിൽ വ്യാപൃതരായ ‘അമേരിക്കൻ ഫാമിലി അസോസിയേഷ’ന്റെ പോളിസി ആൻഡ് ലെജിസ്റ്റ്‌ലേറ്റീവ് അഫയേഴ്‌സ് ഡയറക്ടർ ഡോ. ജെയിംസൺ ടെയ്‌ലറും സന്നിഹിതനായിരുന്നു.
ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാണെന്നും ഗർഭച്ഛിദ്രത്തിന് നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നുമുള്ള 1973ലെ ‘റോ വേഴ്സസ് വേഡ്’ വിധി 2022 ജൂൺ 24നാണ് സുപ്രീം കോടതി തിരുത്തിയെഴുതിയത്. ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഫെഡറൽ സർക്കാരിൽനിന്ന് സംസ്ഥാന ഭരണകൂടങ്ങൾക്ക് നൽകപ്പെടുന്നു എന്നതാണ് ‘ഡോബ്‌സ് വേഴ്‌സസ് ജാക്‌സൺ’ വിധിയുടെ അന്തസത്ത.
പതിനഞ്ച് ആഴ്ചകൾക്കു ശേഷമുള്ള ഗർഭച്ഛിദ്രങ്ങൾ നിരോധിച്ചുകൊണ്ട് 2018ൽ മിസിസിപ്പി പാസാക്കിയ നിയമം ലോവർ കോടതി തടഞ്ഞതോടെയാണ് ‘ഡോബ്‌സ് വേഴ്‌സസ് ജാക്‌സൺ’ കേസിന്റെ ആരംഭം. ലോവർ കോടതിയിൽ പരാജയപ്പെട്ടെങ്കിലും അതിനെതിരെ മിസിസിപ്പിക്കുവേണ്ടി സംസ്ഥാന ആരോഗ്യവിഭാഗം തലവൻ ഡോബ്‌സ്, ഗർഭച്ഛിദ്ര അനുകൂലികളായ ‘ജാക്‌സൺ വുമൺസ് ഹെൽത്ത് ഓർഗനൈസേഷ’നെ എതിർക്കക്ഷികളാക്കി സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *