Follow Us On

18

May

2024

Saturday

പരിശുദ്ധ കുർബാന പരമപ്രധാനം, ദിവ്യകാരുണ്യ കോൺഗ്രസ് യു.എസ് സഭയുടെ ചരിത്രത്തിൽ നിർണായകമാകും: ഫ്രാൻസിസ് പാപ്പ

പരിശുദ്ധ കുർബാന പരമപ്രധാനം, ദിവ്യകാരുണ്യ കോൺഗ്രസ് യു.എസ് സഭയുടെ ചരിത്രത്തിൽ നിർണായകമാകും: ഫ്രാൻസിസ് പാപ്പ

വാഷിംഗ്ടൺ ഡി.സി: ‘നാഷണൽ യൂക്കരിസ്റ്റിക് റിവൈവലി’ന്റെ ഭാഗമായി അമേരിക്കയിലെ കത്തോലിക്കാ സഭ സംഘടിപ്പിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് അമേരിക്കയിലെ സഭയുടെ ചരിത്രത്തിൽ നിർണായകമാകുമെന്ന് ഫ്രാൻസിസ് പാപ്പ. ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സംഘാടക സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രാർത്ഥനാശംസകൾ പാപ്പ കൈമാറിയത്. ‘യൂക്കരിസ്റ്റിക് റിവൈവലി’ന് സമാപനം കുറിച്ച് 2024 ജൂലൈ 17 21 തീയതികളിൽ ഇന്താനോപ്പോളീസിൽ സമ്മേളിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ ഉപയോഗിക്കാനുള്ള വലിയ അരുളിക്ക ആശീർവദിച്ച് നൽകുകയും ചെയ്തു പാപ്പ.

‘മനുഷ്യഹൃദയത്തിന്റെ വിശപ്പിനുള്ള ദൈവത്തിന്റെ പ്രതികരണമാണ് പരിശുദ്ധ കുർബാന. എന്തെന്നാൽ നമ്മുടെ ജീവിതയാത്രയിൽ നമ്മെ പോഷിപ്പിക്കാനും ആശ്വസിപ്പിക്കാനും നിലനിർത്താനും ദിവ്യകാരുണ്യത്തിലൂടെ ക്രിസ്തു തന്നെ നമ്മുടെ ഇടയിലുണ്ട്. കർത്താവിന്റെ സാന്നിധ്യത്തെയും സ്‌നേഹത്തെയും തിരിച്ചറിയുന്ന യാഥാർത്ഥ്യമാണ് ദിവ്യബലി. മാത്രമല്ല, സഭാജീവിതത്തിൽ ദിവ്യകാരുണ്യ ആരാധനയുടെ പ്രാധാന്യവും വളരെ വലുതാണ്. നിശബ്ദതമായി ആ ആരാധനയുടെ അന്തസത്ത നാം കണ്ടെത്തണം,’ പാപ്പ ഉദ്‌ബോധിപ്പിച്ചു.

പരിശുദ്ധ കുർബാനയിൽ, നമുക്കുവേണ്ടി എല്ലാം നൽകിയവനെ, നമുക്ക് ജീവനേകാൻ സ്വജീവൻ നൽകിയവനെ, അവസാനം വരെ നമ്മെ സ്‌നേഹിച്ചവനെ നാം കണ്ടുമുട്ടുന്നു. അതിനാൽ, കർത്താവിന്റെ മഹത്തായ ദാനത്തെക്കുറിച്ചുള്ള അത്ഭുതവും വിസ്മയവും പുതിയതായി കണ്ടെത്താനും പരിശുദ്ധ കുർബാനയിലും വ്യക്തിപരമായും അവനോടൊപ്പം സമയം ചെലവഴിക്കാനും ദിവ്യകാരുണ്യ കോൺഗ്രസ് രാജ്യമെമ്പാടുമുള്ള കത്തോലിക്കരെ പ്രചോദിപ്പിക്കും. അതുവഴി കർത്താവായ യേശുവിന്റെ മിഷനറി ശിഷ്യന്മാരാകാൻ കൂടുതൽ തീക്ഷ്ണതയോടെ തങ്ങളെത്തന്നെ സമർപ്പിക്കാൻ വിശ്വാസികൾ പ്രചോദിതരാകട്ടെയന്നും പാപ്പ ആശംസിച്ചു.

ക്രിസ്തീയ ജീവിതത്തിന്റെ പരമപ്രധാന കേന്ദ്രമായ പരിശുദ്ധ കുർബാനയിലുള്ള വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും പുനരുജ്ജീവനത്തിന് സംഭാവന നൽകാനുള്ള കമ്മിറ്റിയുടെ ശ്രമങ്ങളെ പാപ്പ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. വിശുദ്ധ കുർബാനയിൽ കൂദാശ ചെയ്യപ്പെടുന്ന അപ്പത്തിലും വീഞ്ഞിലും ക്രിസ്തുസാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കുന്ന അമേരിക്കക്കാരുടെ എണ്ണം മൂന്നിൽ ഒന്നുമാത്രമാണെന്ന് വ്യക്തമാക്കുന്ന സർവേഫലം ‘പ്യൂ റിസർച്ച്’ നാളുകൾക്കുമുമ്പ് പുറത്തുവിട്ടിരുന്നു. ഇതിന്റെ ഗൗരവം ഉൾക്കൊണ്ട് അമേരിക്കയിലെ കത്തോലിക്കാ സഭ 2022ൽ സമാരംഭിച്ച മൂന്നു വർഷത്തെ കർമപദ്ധതിയാണ് നാഷണൽ യൂക്കരിസ്റ്റിക്ക് റിവൈവൽ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?