Follow Us On

11

January

2025

Saturday

മണിപ്പൂരി ജനതയ്ക്കായുള്ള പ്രാർത്ഥനാ ആഹ്വാനത്തോടെ  ശാലോം ഫെസ്റ്റിവെലിന് ബോസ്റ്റണിൽ തുടക്കം

മണിപ്പൂരി ജനതയ്ക്കായുള്ള പ്രാർത്ഥനാ ആഹ്വാനത്തോടെ  ശാലോം ഫെസ്റ്റിവെലിന് ബോസ്റ്റണിൽ തുടക്കം

മസാച്ചുസൈറ്റ്‌സ്: കലാപകലുഷിതമായ മണിപ്പൂരിനും അവിടത്തെ ജനതയ്ക്കുംവേണ്ടി പ്രാർത്ഥിക്കാൻ നാം ഓരോരുത്തരും കടപ്പെട്ടവരാണെന്ന ഓർമപ്പെടുത്തലോടെ ശാലോം ഫെസ്റ്റിവെൽ 2023ന് അമേരിക്കൻ നഗരമായ ബോസ്റ്റണിൽ തുടക്കമായി. സെന്റ് ജോസഫ് പാരിഷ് സെന്ററിൽ ബോസ്റ്റണിലെ ശാലോം ഫെസ്റ്റിവെൽ ഉദ്ഘാടനം ചെയ്യവേയാണ് മണിപ്പൂരിൽ സമാധാനം സാജാതമാകാൻവേണ്ടിയുള്ള പ്രാർത്ഥനകൾ ശക്തമാക്കാൻ ചിക്കാഗോ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്തത്.

‘ക്രിസ്തുവിശ്വാസികൾ എന്ന നിലയിൽ മണിപ്പൂരിലെ സംഭവങ്ങൾ വെറുതെ കണ്ടുനിൽക്കാനോ കേട്ടുനിൽക്കാനോ സാധിക്കില്ല. ഈശോയുടെ മൗതീക ശരീരത്തിലെ അംഗങ്ങൾ എന്ന നിലയിൽ നമ്മുടെ വിശ്വാസം പരസ്പ്പരം ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിലെ ഒരു ഭാഗം വേദനിക്കുമ്പോൾ എല്ലാ ഭാഗങ്ങളും വേദനിക്കുകയാണെന്ന പൗലോസ് അപ്പസ്‌തോലന്റെ വാക്കുകൾ വിസ്മരിക്കരുത്. പ്രതിസന്ധിയുടെ ഈ നിമിഷത്തിൽ നമുക്ക് അവിടുത്തെ സഹോദരങ്ങളെ പ്രത്യേകം സ്മരിക്കാം, അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാം, അവർക്കായി പ്രാർത്ഥിക്കാം,’ ‘ശാലോം മീഡിയ യു.എസ്.എ’യുടെ രക്ഷാധികാരികൂടിയായ മാർ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്തു.

വിശ്വാസ നവീകരണം ലക്ഷ്യം വെച്ച് രൂപം കൊടുത്ത ‘യൂക്കരിസ്റ്റിക് റിവൈവൽ’ പദ്ധതിയിലൂടെ അമേരിക്കയിലെ സഭ സഞ്ചരിക്കുന്ന ഈ കാലയളവിൽതന്നെ ആത്മനവീകരണത്തിനായി ശാലോം ഫെസ്റ്റിവെലിൽ പങ്കെടുക്കാനെത്തിയവരെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ‘ഒരുമിച്ച് പ്രാർത്ഥിക്കാനും ധ്യാനിക്കാനും പങ്കുവെക്കാനും ആരാധിക്കാനുമുള്ള ഈ അവസരം നമ്മെ പന്തക്കുസ്താ അനുഭവത്തിലേക്ക് നയിക്കും. അതിലൂടെ സ്വയം നവീകരിക്കപ്പെടാനും നാം സ്പർശിക്കുന്ന മേഖലകളിൽ അതിന്റേതായ മാറ്റങ്ങൾ കൊണ്ടുവരാനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും.’

മസാച്ചുസൈറ്റ്‌സിലെ ബോസ്റ്റൺ ഉൾപ്പെടെ ഇത്തവണ നാല് നഗരങ്ങളാണ് യു.എസിൽ ശാലോം ഫെസ്റ്റിവെലിന് വേദിയാകുന്നത്. കാലിഫോർണിയയിലെ സാൻ ഫെർണാണ്ടോ, സ്‌റ്റോക്ടൻ, ഒറിഗണിലെ പോർട്ട്‌ലാൻഡ് എന്നിവിടങ്ങളാണ് മറ്റ് നഗരങ്ങൾ. ജൂലൈ എഴ് മുതൽ ഒൻപതുവരെയുള്ള സാൻ ഫെർണാണ്ടോയിലെ ഫെസ്റ്റിവെലിന് സെന്റ് അൽഫോൻസാ ദൈവാലയമാണ് വേദി. ജൂലൈ 14 മുതൽ 16വരെയാണ് സ്‌റ്റോക്ടണിലെ ഫെസ്റ്റിവെൽ. ജൂലൈ 21 മുതൽ 23വരെ പോർട്‌ലാൻഡിൽ നടക്കുന്ന ഫെസ്റ്റിവെലിന് പാർക്‌സ് ആൻഡ് റിക്രിയേഷൻ ഹിൽസ്‌ബോറോ കമ്മ്യൂണിറ്റി സീനിയർ സെന്റർ വേദിയാകും.

‘വരുവിൻ കർത്താവിന്റെ പ്രവൃത്തികൾ കാണുവിൻ,’ (സങ്കീ. 46:8) എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. മുതിർന്നവർക്ക് മലയാളത്തിലും യുവജനങ്ങൾക്കും കുട്ടികൾക്കും ഇംഗ്ലീഷിലുമാണ് ശുശ്രൂഷകൾ ഒരുക്കിയിരിക്കുന്നത്. ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ, ശാലോം വേൾഡ് സ്പിരിച്വൽ ഡയറക്ടർ ഫാ. ജിൽറ്റോ ജോർജ് സി.എം.ഐ, ശാലോം വേൾഡ് പ്രോഗ്രാം മാനേജർ ഡോ. ബേസിൽ കുര്യാക്കോസ് എന്നിവരാണ് മുതിർന്നവരുടെ സെഷനുകൾ നയിക്കുക.

അമേരിക്കയിലെ പ്രമുഖമായ ‘ദമാസ്‌ക്കസ് മിനിസ്ട്രി’ മിഡിൽ ആൻഡ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നയിക്കുന്ന സെഷൻ ഫെസ്റ്റിവെലിന്റെ സവിശേഷതയാണ്. കൂടാതെ കുട്ടികൾക്കായി പ്രത്യേകം ക്രമീകരിക്കുന്ന സെഷനുകളും ഒരിക്കിയിട്ടുണ്ട്. പ്രമുഖ കാത്തലിക് മിനിസ്ട്രികളായ ‘അനോയിന്റിംഗ് ഫയർ കാത്തലിക്ക് യൂത്ത് മിനിസ്ട്രി’, ‘എയ്ഞ്ചൽസ് ആർമി’ എന്നിവരാണ് പ്രസ്തുത സെഷനുകൾ നയിക്കുക.

കൂടുതൽ വിവരങ്ങൾ അറിയാനും രജിസ്‌ട്രേഷനും സന്ദർശിക്കുക shalommedia.org/festival/

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?