മനാഗ്വേ: കത്തോലിക്കാ സഭയ്‌ക്കെതിരായ ആക്രമണം തുടരുന്ന നിക്കാരഗ്വയിൽ ഒർട്ടേഗാ ഭരണകൂടം കന്യാസ്ത്രീമഠത്തിൽ അതിക്രമിച്ചു കയറി കന്യാസ്ത്രീകളെ പുറത്താക്കിയെന്നും വസ്തുവകകൾ പിടിച്ചെടുത്തെന്നും റിപ്പോർട്ടുകൾ. ‘സിസ്റ്റേഴ്‌സ് ഓഫ് ദ പുവർ ഫ്രറ്റേണിറ്റി ഓഫ് ജീസസ് ക്രൈസ്റ്റ്’ എന്ന സന്യാസിനി സമൂഹത്തിലെ അംഗങ്ങളെ കഴിഞ്ഞ ദിവസമാണ് നിക്കരാഗ്വൻ പൊലീസ് കന്യാസ്ത്രീമഠത്തിൽ അതിക്രമിച്ചു കയറി പുറത്താക്കിയത്.
അഭിഭാഷകയും അന്വേഷകയുമായ മാർത്ത പട്രീഷ്യ മൊലിന തന്റെ സോഷ്യൽ മീഡിയാ പേജിലൂടെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കോൺവെന്റിൽ പൊലീസ് അതിക്രമിച്ചു കയറുകയും സ്വത്തുവകകൾ കണ്ടുകെട്ടി കന്യാസ്ത്രീകളെ തട്ടികൊണ്ടുപോകുകയും ചെയ്തുവെന്ന് അവർ ട്വിറ്ററിൽ കുറിക്കുകയായിരുന്നു. നിക്കരാഗ്വൻ മാധ്യമമായ ‘ആർട്ടിക്കിൾ 66’ന്റെ റിപ്പോർട്ടുകൾ പ്രകാരം, ആഭ്യന്തര മന്ത്രാലയം മുഖേനയാണ് ഭരണകൂടം നടപടി സ്വീകരിച്ചിരിക്കുന്നത്.
സഭയുടെ ഏറ്റവും പുതിയ സാമ്പത്തിക സ്ഥിതി വിവരക്കണക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ബാധ്യതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും ആരോപിച്ചാണ് ഇത്തരത്തിലൊരു നടപടി. പിടിച്ചെടുത്ത സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടുകെട്ടുന്നത് അറ്റോർണി ജനറലിന്റെ ഉത്തരവാദിത്വമാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
എന്നാൽ, കന്യാസ്ത്രീകൾക്കെതിരെ സ്വീകരിച്ച നടപടി ഏകപക്ഷീയവും ഇപ്പോൾ അവർ ഇവരുടെ ആസ്തികൾ കണ്ടുകെട്ടുന്നത് അക്രമവുമാണെന്ന് മാർത്ത പട്രീഷ്യ ആരോപിച്ചു. ‘നിക്കരാഗ്വേ, എ പെർസിക്യൂട്ടഡ് ചർച്ച്?’ എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ് മാർത്താ പട്രീഷ്യ. സ്വത്തുവകകൾ പിടിച്ചെടുക്കുന്നത് രാജ്യത്തെ ഭരണഘടനാ പ്രകാരം നിയമവിരുദ്ധമാണ്. എന്നാൽ 1980കളിലെതുപോലെ ഏകാധിപത്യ സർക്കാരിന്റെ കീഴിൽ ഈ പ്രവണത സർവ്വസാധാരണമായി മാറിയിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
‘ദ സിസ്റ്റേഴ്‌സ് ഓഫ് ദി പൂവർ ഫ്രറ്റേർണിറ്റി ഓഫ് ജീസസ് ക്രൈസ്റ്റി’ലെ അംഗങ്ങൾ 2016 ലാണ് ബ്രസീലിൽ നിന്ന് നിക്കരാഗ്വയിൽ മിഷൺ ദൗത്യം ആരംഭിച്ചത്. കോസ്റ്ററിക്ക, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളിലും അവരുടെ സാന്നിധ്യമുണ്ട്. ഇവരുടെ നിയമപരമായ പ്രവർത്തന അവകാശം നിക്കാരാഗ്വൻ ഭരണകൂടം റദ്ദാക്കിയതിനാൽ പുറത്താക്കപ്പെട്ട കന്യാസ്ത്രീകൾ അയൽ രാജ്യമായ എൽ സാൽവഡോറിലേക്കാണ് പോയിരിക്കുന്നത്. ഇനി അവിടെ പാവങ്ങളുടെ ഇടയിൽ സേവനം ചെയ്യാനാണ് ഇവരുടെ പദ്ധതി.
Leave a Comment
Your email address will not be published. Required fields are marked with *