വാഷിംഗ്ടൺ ഡി.സി: രാജ്യത്തിന്റെ പരമ്പരാഗത കുടുംബ, വിശ്വാസ മൂല്യങ്ങളിലേക്ക് സ്വയം സമർപ്പിക്കാൻ ജനങ്ങൾക്ക് പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെ ‘ഫിഡിലിറ്റി മാസാചരണം പ്രഖ്യാപിക്കാൻ യു.എസ് കോൺഗ്രസിൽ ബിൽ അവതരണം. യു.എസ് ജനപ്രതിനിധി സഭാംഗം അലക്‌സ് മൂണിയാണ് പ്രസ്തുത ബില്ലിന്റെ അവതാരകൻ. രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളായ വിശ്വാസം, കുടുംബം, ദേശസ്‌നേഹം എന്നിവയ്ക്കായി സ്വയം സമർപ്പിക്കുന്നതിലൂടെ യു.എസ് ജനത ഒരൊറ്റ ജനതയാകുമെന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് പ്രസ്തുത ബിൽ അദ്ദേഹം അവതരിപ്പിച്ചത്.
വിശ്വാസം, കുടുംബം, ദേശസ്‌നേഹം എന്നീ മൂല്യങ്ങളിലുള്ള കൂട്ടായ്മയെ ആശ്രയിച്ചാണ് ഒരു രാജ്യമെന്ന നിലയിലുള്ള നമ്മുടെ നിലനിൽപ്പ്. എല്ലാ മതവിശ്വാസങ്ങളിലുമുള്ള അമേരിക്കക്കാർക്ക് നമ്മുടെ അടിസ്ഥാന മൂല്യങ്ങൾ പുനഃസ്ഥാപിക്കാനും പുനർനിർമിക്കാനും ഒത്തുചേരാൻ കഴിയുന്ന ഒരു മാസം ആചരിക്കേണ്ടത് അനിവാര്യമാണെന്നും മൂണി വ്യക്തമാക്കി. ജൂൺ അടിസ്ഥാന മൂല്യങ്ങൾക്കുവേണ്ടി മാറ്റിവെക്കാമെന്ന യാഥാസ്ഥിതിക ക്രിസ്ത്യൻ തത്ത്വചിന്തകനും പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. റോബർട്ട് പി. ജോർജിന്റെ ആശയമാണ് ഇക്കാര്യത്തിൽ പ്രചോദനമായത്.
കഴിഞ്ഞ 25 വർഷമായി അമേരിക്കൻ ജനതയ്ക്കിടയിൽ പരമ്പരാഗത മൂല്യങ്ങളുടെയും ധാർമിക അടിത്തറയുടെയും കുറവ് സൂചിപ്പിച്ചുകൊണ്ട് ‘വാൾ സ്ട്രീറ്റ് ജേണൽ’ പ്രസിദ്ധീകരിച്ച സർവേഫലത്തെ തുടർന്നാണ് പ്രൊഫസർ ഇക്കാര്യം നിർദേശിച്ചത്. ക്രിസ്ത്യൻ വിശ്വാസം, സമൂഹത്തോടും ദേശത്തോടുമുള്ള സ്‌നേഹം, കഠിനാധ്വാനത്തിന്റെയും കുടുംബത്തിന്റെയും മൂല്യം എന്നിവയുടെ പ്രാധാന്യത്തിലുണ്ടാകുന്ന ഇടിവിനെക്കുറിച്ചുള്ള ആശങ്കകൾ താൻ ഉൾപ്പെടെയുള്ള നിരവധി കോൺഗ്രസ് അംഗങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെന്നും മൂണി പറഞ്ഞു.
‘ഒൻപതു വർഷമായി ജനപ്രതിനിധി സഭാംഗമാണ് ഞാൻ. കോളജ് സ്‌പോർട്‌സിൽ പുരുഷന്മാർ സ്ത്രീകളുടെ ഇനങ്ങളിൽ മത്‌സരിക്കുന്നതും സ്ത്രീകളുടെ കിരീടസാധ്യതകൾ തട്ടിയെടുക്കുന്നതും ഉൾപ്പെടെയുള്ള അനാരോഗ്യകരമായ കാര്യങ്ങളിൽ ഇക്കാലയളവിലെല്ലാം കാണാനായിട്ടുണ്ട്. ഇത്തരം സംസ്‌ക്കാര ശുന്യമായ അജണ്ടകൾ അനിയന്ത്രിതമാണിപ്പോൾ. നമുക്ക് വേണ്ടത് ഇത്തരം വിഡ്ഢിത്തമല്ല. മറിച്ച് വിശ്വാസത്തിലേക്കും കുടുംബത്തിലേക്കും പരമ്പരാഗത മൂല്യങ്ങളിലേക്കുമുള്ള തിരിച്ചുവരവാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *