Follow Us On

21

November

2024

Thursday

സ്വർഗത്തിൽനിന്ന് ലോക യുവജന സംഗമത്തിൽ പങ്കെടുക്കുന്ന ബ്രദർ പാബ്ലോ!

റോയ് അഗസ്റ്റിൻ

സ്വർഗത്തിൽനിന്ന് ലോക യുവജന സംഗമത്തിൽ പങ്കെടുക്കുന്ന ബ്രദർ പാബ്ലോ!

”ഒരു പക്ഷെ പാപ്പ ലിസ്ബണിലെ യുവജനങ്ങളെ ആശീർവദിക്കുമ്പോൾ ഞാൻ ഈ ലോകത്തിൽ ഉണ്ടാകുമോ എന്നറിയില്ല. ചിലപ്പോൾ ഞാൻ ദൈവത്തിന്റെ അടുത്തായിരിക്കും. എന്നാൽ ഒരു കാര്യം ഞാൻ അങ്ങയോട് പറയാൻ ആഗ്രഹിക്കുന്നു: ഞാൻ ദൈവത്തോടൊപ്പമിരുന്നു അങ്ങേക്കൊരു ഷേക്ക് ഹാൻഡ് തരും!” ലിസ്ബണിൽ കേട്ട സാക്ഷ്യങ്ങളുടെ കൂട്ടത്തിൽ നീറ്റലായി ശേഷിക്കും രക്താർബുദ ബാധിതനായി ഈയിടെ മരണമടഞ്ഞ ബ്രദർ പാബ്ലോയുടെ കത്തിലെ ഉള്ളടക്കം!

വത്തിക്കാനിൽനിന്ന് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലേക്കുള്ള യാത്രാമധ്യേയാണ് സ്പാനിഷ് പത്ര പ്രവർത്തകയായ ഇവ ഫെർണാഡെസ് ആ കത്ത് ഫ്രാൻസിസ് പാപ്പക്ക് കൈമാറിയത്. ആ കത്ത് കൈപ്പറ്റുമ്പോൾ അത് തന്റെ ഉള്ളുലക്കുന്ന ഒന്നായിരിക്കുമെന്ന് പാപ്പ കരുതിയിരിക്കില്ല. ഒരു പക്ഷെ ലിസ്ബണിൽ കേട്ട എല്ലാ സാക്ഷ്യങ്ങളെക്കാളും നെഞ്ചിൽ ഒരു നീറ്റലായി ആ കത്തിലെ ഉള്ളടക്കം!

ബ്രദർ പാബ്ലോ എന്ന കർമലീത്താ സന്യാസി തന്റെ അസ്ഥികളെ ബാധിച്ച മാരകമായ കാൻസർ രോഗത്തിന്റെ മൂർധന്യാവസ്ഥയിൽ എഴുതിയ കത്ത് വായിക്കുന്നവരുടെ കണ്ണ് നനയിക്കാതിരിക്കില്ല. 22 വയസാണ് പാബ്ലോക്ക്. അതിനിടയിൽ അനുഭവിച്ചത് ഒരായുസിൽ മുഴുവൻ അനുഭവിക്കാനുള്ള വേദനയത്രയും.

അദ്ദേഹം എഴുതുകയാണ്: ‘ഒരു പക്ഷെ പാപ്പ ലിസ്ബണിലെ യുവജനങ്ങളെ ആശീർവദിക്കുമ്പോൾ ഞാൻ ഈ ലോകത്തിൽ ഉണ്ടാകുമോ എന്നറിയില്ല. ചിലപ്പോൾ ഞാൻ ദൈവത്തിന്റെ അടുത്തായിരിക്കും. എന്നാൽ ഒരു കാര്യം ഞാൻ അങ്ങയോട് പറയാൻ ആഗ്രഹിക്കുന്നു: ഞാൻ ദൈവത്തോടൊപ്പമിരുന്നു അങ്ങേക്കൊരു ഷേക്ക് ഹാൻഡ് തരും!’

തന്റെ വിശ്വാസ ജീവിതത്തെ കുറിച്ച് ഒരു ചെറുപ്പക്കാരന്റെ സംശയമേതുമില്ലാതുള്ള എത്ര മനോഹരമായ പ്രഖ്യാപനം. തന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കും ദൈവത്തിനൊരു പദ്ധതി ഉണ്ടെന്ന് സംശയരഹിതമായി പറയുന്ന പാബ്ലോ രോഗത്തിലൂടെ തന്നെ വിശുദ്ധീകരിച്ച ദൈവത്തിന്റെ സ്‌നേഹത്തെ വാഴ്ത്തുന്നുണ്ട്. ഈ രോഗക്കിടക്കയിൽ താൻ കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട കാര്യത്തെ കുറിച്ച് പാബ്ലോ പറയുന്നത് ഇപ്രകാരമാണ്:

”സഹനങ്ങളുടെ മൂർദ്ധന്യാവസ്ഥയിൽ തന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു രോഗമായിരുന്നില്ല, മറിച്ച് യേശു മാത്രമായിരുന്നു. എന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും എന്റെ സഹോദരങ്ങളോടും ഞാൻ പറഞ്ഞിട്ടുള്ളതുപോലെ ഈ രോഗത്തിലൂടെ ഞാൻ എന്റെ ദൈവത്തെ കണ്ടെത്തി. ഈ രോഗം എന്റെ മരണത്തിൽ അവസാനിക്കുകയാണെങ്കിൽ ഞാൻ അവിടുത്തെ അടുത്തേക്ക് പോകും, അവിടെ അവിടുത്തേക്ക് ഞാൻ നന്ദി പറയുന്നതിനൊപ്പം ഈ യുവജന സംഗമത്തിൽ അങ്ങയോടൊത്ത് ദൈവത്തെ ആരാധിക്കുന്ന എല്ലാവരിലേക്കും ദൈവസ്‌നേഹത്തിന്റെ അഗ്‌നി ചൊരിയപ്പെടുകയും അങ്ങനെ ലോകം മുഴുവനുമുള്ള യുവജനങ്ങൾ എനിക്കേറ്റം പ്രിയപ്പെട്ട എന്റെ യേശുവിനെ കണ്ടെത്തട്ടെ!”

2001 ൽ ജനിച്ച പാബ്ലോക്ക് 16 വയസ്സുള്ളപ്പോഴാണ് കാൻസർ ബാധിക്കുന്നത്. കടുത്ത വേദനയുടെയും പരീക്ഷണങ്ങളുടെയും കാലത്തും സന്യാസ ജീവിതത്തിലേക്കുള്ള ദൈവത്തിന്റെ ക്ഷണം തിരിച്ചറിയാൻ അവനു കഴിഞ്ഞു. ജീവിതം മുഴുവൻ യുവജനങ്ങളുടെ മാനസാന്തരത്തിനും യേശുവിലൂടെ വെളിപ്പെട്ട ദൈവസ്‌നേഹം അവർ തിരിച്ചറിയുന്നതിനും സഭകളുടെ ഐക്യത്തിനും വേണ്ടിയായിരുന്നു ജൂലായ് 15ന് മരണമടയുന്നതുവരെ പാബ്ലോയുടെ പ്രാത്ഥനകൾ മുഴുവനും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?