Follow Us On

22

December

2024

Sunday

ഫാത്തിമാ മാതാവിന്റെ സന്നിധിയിൽ യുവജനങ്ങൾക്കൊപ്പം ജപമാല അർപ്പിച്ച്  ഫ്രാൻസിസ് പാപ്പ

ഫാത്തിമാ മാതാവിന്റെ സന്നിധിയിൽ യുവജനങ്ങൾക്കൊപ്പം ജപമാല അർപ്പിച്ച്  ഫ്രാൻസിസ് പാപ്പ

ലിസ്ബൺ: ഫാത്തിമാ മാതാവിന്റെ തിരുസന്നിധിയിൽ യുവജനങ്ങൾക്കൊപ്പം ജപമാല ചൊല്ലി ലോകത്തിനും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി വികാരനിർഭരനായി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. യുക്രൈൻ ഉൾപ്പെടെ യുദ്ധക്കെടുതിയിലായ സകല രാജ്യങ്ങൾക്കുംവേണ്ടി ദൈവമാതാവിന്റെ മാധ്യസ്ഥം തേടാൻ വേണ്ടിക്കൂടിയായിരുന്നു പാപ്പയുടെ ഫാത്തിമാ സന്ദർശനം. ലോക യുവജന സംഗമത്തിന്റെ അഞ്ചാം ദിനമായ ഇന്നാണ് (ഓഗസ്റ്റ് 05) പാപ്പ ഫാത്തിമാ ബസിലിക്കയിൽ എത്തിയത്. ദൈവമാതാവിന് സമ്മാനിക്കാൻ സ്വർണത്തിൽ നിർമിച്ച കൊന്തയും പാപ്പ കൊണ്ടുവന്നിരുന്നു.

രണ്ട് ലക്ഷത്തിൽപ്പരം പേർ സന്നിഹിതരായിരുന്ന ഫാത്തിമയിലെ ജപമാല അർപ്പണത്തിനായി രോഗികളും ജയിൽപുള്ളികളും ഉൾപ്പെടുന്ന 100 യുവജനങ്ങളെയും പ്രത്യേകം തിരഞ്ഞെടുത്തിരുന്നു. പോർച്ചുഗീസ് ഭാഷയിൽ ചൊല്ലിയ ജപമാലയുടെ ആദ്യ രഹസ്യം സമർപ്പിച്ചത് ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്കു വേണ്ടിയായിരുന്നു. രണ്ടാം രഹസ്യം സ്പാനിഷ് ഭാഷയിലായിരുന്നു. ലോക യുവജന സംഗമത്തിൽ പങ്കെടുക്കുന്നവർക്കുവേണ്ടിയാണ് രണ്ടാം രഹസ്യം സമർപ്പിച്ചത്.

ഭിന്നശേഷിക്കാരിയായ യുവതിയാണ് ഇറ്റാലിയൻ ഭാഷയിൽ അർപ്പിച്ച മൂന്നാം രഹസ്യത്തിന് നേതൃത്വം നൽകിയത്. ഇംഗ്ലീഷ്, ജർമൻ ഭാഷകളിൽ ചൊല്ലിയ നാലാം രഹസ്യത്തിന്റെ നിയോഗം ലോക സമാധാനമായിരുന്നു. പോളിഷ്, ഫ്രഞ്ച് ഭാഷകളിലാണ് അഞ്ചാം രഹസ്യം ചൊല്ലിയത്. ലോക സമാധാനം, ജനങ്ങളുടെ മാനസാന്തരം, പാപ്പയുടെ നിയോഗങ്ങൾ എന്നിവ സമർപ്പിച്ച് മൂന്ന് തവണ ‘ആവേ മരിയ’ എന്നാരംഭിക്കുന്ന മരിയൻ സ്തുതി ഗീതം ആലപിച്ചുകൊണ്ടാണ് ജപമാല സമാപിപ്പിച്ചത്.

ലോക യുവജനസംഗമവേദിയായ ലിസ്ബണിൽനിന്ന് ഏകദേശം 75 മൈൽ അകലെയുള്ള ഫാത്തിമയിലേക്ക് ഹെലികോപ്റ്റർ മാർഗമാണ് പാപ്പ എത്തിയത്. പാപ്പാമൊബീലിൽ ബസിലിക്കയിലേക്ക് ആഗതനാകുന്നതിനിടെ പല സ്ഥലങ്ങളിലും വാഹനം നിറുത്തി പാപ്പ കുഞ്ഞുങ്ങളെ ആശീർവദിച്ചു. ഇത് രണ്ടാം തവണയാണ് ഫ്രാൻസിസ് പാപ്പ ഫാത്തിമാ ബസിലിക്കയിലെത്തിയത്. ഫാത്തിമയിൽ മരിയൻ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദിയാഘോഷിച്ച 2017 മേയിലായിരുന്നു പ്രഥമ സന്ദർശനം. സ്വർണത്തിൽ നിർമിച്ച റോസാ പൂക്കൾ അന്ന് പാപ്പ സമ്മാനിച്ചിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?