പാപ്പമാർ കിരീടധാരണം നടത്തിയിട്ടുള്ള കന്യാമറിയത്തിന്റെ നൂറു കണക്കിന് ചിത്രങ്ങളും തിരുരൂപങ്ങളും ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉണ്ടെങ്കിലും കിഴക്കൻ പോളണ്ടിലെ കോഡാനിലുള്ള ഐക്യത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന കന്യാമറിയത്തിന്റെ തിരുസ്വരൂപത്തിന് പറയാനുള്ളത് അല്പം വ്യത്യസ്ഥവുമായൊരു ചരിത്രമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് പോളണ്ടിലെ പ്രഭുക്കന്മാരിൽ ഒരാൾ പാപ്പയിൽ നിന്ന് മോഷ്ടിച്ച ഈ ചിത്രം ഇപ്പോൾ, യുദ്ധത്തിന്റെ ഭീഷണിയിലായിരിക്കുന്ന ഒരു പ്രദേശത്ത് ഐക്യത്തിന്റെ പ്രതീകമാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് കോഡൻ മാതാവിനെ ‘ഐക്യത്തിന്റെ മാതാവ്’ എന്ന് വിളിച്ചത്.
കോഡൻ മാതാവിന്റെ കഥ അപ്പോസ്തലന്മാരുടെ കാലഘട്ടത്തിൽനിന്നാരംഭിക്കുന്നു. യേശുവിന്റെ മരണശേഷം പരിശുദ്ധ അമ്മയുടെ പ്രതിമ മരത്തിൽ കൊത്തിയെടുത്തത് വിശുദ്ധ ലൂക്കയാണെന്നതാണ് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നത്. സഭയുടെ ആദ്യ നൂറ്റാണ്ടുകളിൽ, ഈ രൂപം കോൺസ്റ്റാന്റിനോപ്പിളിലായിരുന്നു സൂക്ഷിക്കപ്പെട്ടിരുന്നത്. അവിടെവച്ചാണ് പാപ്പയുടെ പ്രതിനിധിയായിരുന്ന ബെനഡിക്‌റ്റൈൻ സന്യാസി ഗ്രിഗറി ഈ തിരുസ്വരൂപത്തിന്റെ മുമ്പാകെ പ്രാർത്ഥിച്ചത്. സെന്റ് ഗ്രിഗറി ദി ഗ്രേറ്റ് എന്നറിയപ്പെടുന്ന അദ്ദേഹം ഗ്രിഗറി ഒന്നാമൻ എന്ന പേരിൽ പാപ്പ ആയപ്പോൾ, ഈ തിരുരൂപം റോമിലേക്ക് കൊണ്ടുവന്നു.
പതിനേഴാം നൂറ്റാണ്ട് വരെ ഈ തിരുസ്വരൂപം വത്തിക്കാനിലെ പാപ്പയുടെ വസതിയിൽ തന്നെ ആയിരുന്നു സൂക്ഷിച്ചത്. 1629ൽ, പോളണ്ടിലെ കോഡൻ എസ്റ്റേറ്റിന്റെ ഉടമയായ നിക്കോളാസ് പയസ് സപീഹ, പട്ടണത്തിലെ മാർക്കറ്റ് സ്‌ക്വയറിൽ ഇഷ്ടികകൊണ്ടുള്ള ഒരു പള്ളിയുടെ നിർമ്മാണം ആരംഭിച്ചു. എന്നാൽ ഇതിനിടെ അദ്ദേഹത്തിന് ഗുരുതരമായ വിഷാദ രോഗവും തുടർന്ന് പക്ഷാഘാതവും പിടിപെട്ടു. അദ്ദേഹത്തിന്റെ ഭാര്യയാകട്ടെ റോമിൽ പോയി ദൈവത്തോട് രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കാൻ അദ്ദേഹത്തെ ഉപദേശിച്ചു.
പക്ഷാഘാതം ബാധിച്ചിരുന്നെങ്കിലും റോമിലെത്തിയ അദ്ദേഹം മാതാവിന്റെ ഈ പ്രതിമയുടെ മുമ്പിൽ പ്രാർത്ഥിക്കുകയും അത്ഭുതകരമായി സൗഖ്യം പ്രാപിക്കുകയും ചെയ്തു. അതോടുകൂടി മാതാവിന്റെ ഈ തിരുരൂപം പോളണ്ടിലേക്ക് കൊണ്ടുപോകാൻ അദ്ദേഹം ആഗ്രഹിച്ചെങ്കിലും ഉർബൻ ഏഴാമൻ പാപ്പ ഈ ആവശ്യം നിരസിച്ചു. എന്നാൽ പാപ്പയുടെ വസതിയിലെ ഉദ്യോഗസ്ഥന് അഞ്ഞൂറ് സ്വർണ്ണ നാണയങ്ങൾ കൈക്കൂലി നൽകിയ നിക്കോളാസ് പയസ് സപീഹ, മാതാവിന്റെ തിരുരൂപം പോളണ്ടിലേക്ക് കടത്തിക്കൊണ്ടു പോയെന്നു ഐതിഹ്യം പറയുന്നു.
തുടർന്ന് പാപ്പ അദ്ദേഹത്തെ സഭയിൽ നിന്ന് പുറത്താക്കി. കോഡന്റെ ഒമ്പതാമത്തെ അവകാശിയായ ജോൺ ഫ്രെഡറിക് സപീഹ, 1723ൽ കോഡൻ മാതാവിന്റെ തിരുരൂപത്തിൽ കിരീടധാരണം നടത്താൻ പാപ്പയോട് അഭ്യർത്ഥിക്കുകയും അദ്ദേഹമത് അംഗീകരിക്കുകയും ചെയ്തു. ഈ കിരീട ധാരണത്തിന്റെ മുന്നൂറാം വാർഷികമായിരുന്നു ഇന്നലെ.
‘താൻ ഐക്യത്തിന്റെ മാതാവാണെന്ന് ചരിത്രത്തിലുടനീളം കന്യാമറിയം തെളിയിച്ചിട്ടുള്ളതിനാൽ, ഈ ഐക്യവും സമാധാനവും ഇവിടെ മാത്രമല്ല, നമ്മുടെ മാതൃരാജ്യത്തിലും ഉക്രെയ്‌നിലും ബെലാറസിലും യൂറോപ്പിലും ലോകമെമ്പാടും നിലനിൽക്കാൻ ഞങ്ങൾ ഇന്ന് പ്രത്യേക രീതിയിൽ പ്രാർത്ഥിക്കുന്നു. പാപ്പയുടെ പ്രതിനിധിയായി മുന്നൂറാം വാർഷികാഘോഷ ങ്ങളിൽ പങ്കെടുത്ത കർദിനാൾ സ്റ്റാനിസ്ലാവ് ഡിവിസ്സ് പറഞ്ഞു. ഫ്രാൻസിസ് പാപ്പ അനുഗ്രഹിച്ച പുതിയ കിരീടങ്ങൾ പ്രതിമയുടെ ശിരസ്സിൽ അദ്ദേഹം പതിക്കുകയും ചെയ്തു.
”ഈ സംഭവം പോളണ്ടിലെ സഭയെ സംബന്ധിച്ചിടത്തോളം അഭൂതപൂർവമായതും ലോകമെമ്പാടുമുള്ള സഭയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതുമാണ്വി,” ശുദ്ധ ജോൺ പോൾ രണ്ടാമന്റെ ദീർഘകാലത്തെ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന കർദ്ദിനാൾ ഡിവിസ് പറഞ്ഞു. ബെലാറസ് പോളിഷ് അതിർത്തിയിൽ നിന്ന് 980 അടി അകലെയാണ് കോഡെൻ സങ്കേതം സ്ഥിതി ചെയ്യുന്നത്. ഉക്രെയ്‌നിലെ ഏറ്റവും അടുത്തുള്ള പട്ടണത്തിലേക്കുള്ള ദൂരം 50 മൈൽ മാത്രവും.
‘സ്ലാവിക് സഹോദരന്മാർക്ക് പരസ്പരം പോരടിക്കാൻ കഴിയില്ല, പരസ്പരം കൊല്ലാൻ കഴിയില്ല. ‘ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന റഷ്യൻ അധിനിവേശത്തെ പരാമർശിച്ച് കർദ്ദിനാൾ ഡിവിസ് പറഞ്ഞു. ‘മതി രക്തച്ചൊരിച്ചിൽ!’ അദ്ദേഹം പ്രഖ്യാപിച്ചു. ‘യുദ്ധം അവസാനിപ്പിക്കുന്നതിനും അനുരഞ്ജനത്തിലേക്കും സമാധാനത്തിലേക്കും ഉള്ള വഴിയിൽ കോഡൻ മാതാവ് നമ്മുടെ വഴികാട്ടിയായിരിക്കട്ടെ,’ കർദ്ദിനാൾ ഡിവിസ് പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *