Follow Us On

02

May

2024

Thursday

വിശുദ്ധ ബൈബിൾ ചൈനീസ് ഭരണകൂടം മാറ്റിയെഴുതുന്നു;  മുന്നറിയിപ്പുമായി യു.എസ് പാർലമെന്റേറിയൻ

വിശുദ്ധ ബൈബിൾ ചൈനീസ് ഭരണകൂടം മാറ്റിയെഴുതുന്നു;  മുന്നറിയിപ്പുമായി യു.എസ് പാർലമെന്റേറിയൻ

ചിക്കാഗോ: ബൈബിളിന്റെ ഭാഗങ്ങൾ മാറ്റിയെഴുതി ക്രിസ്തുമതത്തെ അട്ടിമറിക്കാനുള്ള ചൈനീസ് സർക്കാരിന്റെ ശ്രമങ്ങളെക്കുറിച്ച് അമേരിക്കൻ പാർലമെന്റിന്റെ ചൈനീസ് കാര്യങ്ങൾക്കായുള്ള സെലക്ട് കമ്മിറ്റി ചെയർമാനും ജനപ്രതിനിധി സഭാംഗവുമായ മൈക്ക് ഗല്ലെഗർ മുന്നറിയിപ്പ്. ‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ബൈബിൾ മാറ്റിയെഴുതുകയാണ്,’ കഴിഞ്ഞ ദിവസങ്ങളിൽ ചിക്കാഗോയിൽ സമ്മേളിച്ച ലോകമതങ്ങളുടെ പാർലമെന്റിന്റെ ദ്വൈവാർഷിക സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് മുന്നറിയിപ്പെന്നോണം അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ചൈനീസ് സർക്കാർ ബൈബിളിന്റെ ഭാഗങ്ങൾ തിരുത്തിയെഴുതുകയും അത് വസ്തുതയായി പഠിപ്പിക്കുകയും ചെയ്യുന്ന രണ്ട് ഉദാഹരണങ്ങൾ അദ്ദേഹം സമ്മേളനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ആദ്യ സംഭവത്തിൽ യോഹന്നാന്റെ സുവിശേഷത്തിൽ പ്രതിപാദിക്കുന്ന വ്യഭിചാരിണിയായ സ്ത്രീയുമായി ബന്ധപ്പെട്ട വിവരണത്തെ തെറ്റായി ചിത്രീകരിച്ചിരിക്കുന്നതാണ്. സ്ത്രീയുടെ മേൽ വ്യഭിചാരക്കുറ്റം ആരോപിക്കുന്നവരോട് ‘നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യത്തെ കല്ലെറിയട്ടെ’ എന്നാണ് ക്രിസ്തു പറഞ്ഞത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉദ്യോഗസ്ഥർക്കൊഴികെ എല്ലാവർക്കും ഇത് ക്ഷമയുടെയും കാരുണ്യത്തിന്റെയും മനോഹരമായ വിവരണമാണ്.

എന്നാൽ അവർക്കിത് ഭരണകൂടത്തിന്റെ അധികാരത്തെ വെല്ലുവിളിക്കുന്ന ഒരു വിമതന്റെ കഥയാണെന്ന് ഗല്ലെഗർ പറഞ്ഞു. ‘ബൈബിൾ സംഭവങ്ങളുടെ തീർത്തും വികലമാക്കിയ വിവരണങ്ങൾ കുത്തിനിറച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ബൈബിളിൽ യോഹന്നാന്റെ സുവിശേഷത്തിലെ പാപിനിയായ സ്ത്രീയെ യേശു തന്നെ കല്ലെറിഞ്ഞ് കൊല്ലുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. അതോടൊപ്പം താൻ സ്വയം പാപിയാണെന്ന് പ്രഖ്യാപിക്കുന്ന യേശു, കളങ്കമില്ലാത്ത മനുഷ്യർക്ക് മാത്രമേ നടപ്പിലാക്കാൻ കഴിയൂ എങ്കിൽ, നിയമം നിർജീവമാകുമെന്നുകൂടി പ്രഖ്യാപിക്കുന്നു.’

മറ്റൊരു സംഭവത്തിൽ, ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ 10 കൽപ്പനകളുടെ പ്രദർശനങ്ങൾക്ക് പകരം പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഉദ്ധരണികൾ നൽകാൻ ദൈവാലയങ്ങളെ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്നും, ‘നിനക്ക് ഞാനല്ലാതെ വേറെ ദൈവങ്ങൾ ഉണ്ടാകരുത്’ എന്നതുപോലുള്ള കൽപ്പനകൾ ‘പാശ്ചാത്യ പ്രത്യയശാസ്ത്രത്തിന്റെ നുഴഞ്ഞുകയറ്റത്തിനെതിരെ ദൃഢമായി സൂക്ഷിക്കുക’ പോലെയുള്ള നിർദ്ദേശങ്ങളായി മാറിയെന്നും ഗാലഗർ ചൂണ്ടിക്കാട്ടി.

രാജ്യത്ത് കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരിശുദ്ധ സിംഹാസനം 2018ൽ ചൈനയുമായി രണ്ട് വർഷത്തെ താൽക്കാലിക കരാറിൽ ഏർപ്പെടുകയും 2020ലും 2022ലും അത് പുതുക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രസ്തുത കരാർ കത്തോലിക്ക വിശ്വാസികൾക്ക് മതിയായ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നില്ലെന്ന് ചില വത്തിക്കാൻ ഉദ്യോഗസ്ഥർപറഞ്ഞു. പരസ്പര ധാരണയുണ്ടായിരുന്നിട്ടും കഴിഞ്ഞ ഏപ്രിലിൽ, വത്തിക്കാൻ അനുമതിയില്ലാതെ ഷാങ്ഹായിലേക്ക് ഒരു ബിഷപ്പിനെ സ്വന്തം ഇഷ്ടപ്രകാരം ചൈനീസ് സർക്കാർ നിയമിച്ചു. ഇതിനെതിരെ പ്രധിഷേധിച്ചെങ്കിലും ഒടുവിൽ ഫ്രാൻസിസ് പാപ്പക്ക് ഈ നിയമനം അംഗീകരിക്കേണ്ടി വന്നിരുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്ത് നിയമപരമായി അഞ്ച് വിശ്വാസങ്ങളെ മാത്രമേ അംഗീകരിക്കുന്നുള്ളു. എന്നാൽ നിയമപരമായി അംഗീകരിക്കപ്പെട്ട മതങ്ങളെക്കാൾ കൂടുതൽ പീഡകൾ സ്ഥാപിതമല്ലാത്ത മതങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്നും ഗല്ലഗെർ പറഞ്ഞു . ഇത്തരത്തിൽ കഠിന പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ടെങ്കിലും, ചൈനയിൽ വിശ്വാസം ശക്തമായി നിലനിൽക്കുകയും വളരുകയും ചെയ്യുന്നുണ്ട്. ‘മത പീഡനത്തിന്റെ അചിന്തനീയമായ കഥകൾ ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ, ആദിമ സഭയിലെ വിശുദ്ധരെപ്പോലുള്ള ധീരരായ പുരോഹിതന്മാർ, ഉറച്ച വിശ്വാസികൾ എന്നിവരുടെ വിവരണങ്ങളും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്,’ അദ്ദേഹം വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?