Follow Us On

24

November

2024

Sunday

കാൻസർ പിടിമുറുക്കുമ്പോഴും അഗതികളെ ചേർത്തുപിടിച്ച്  ‘വിയറ്റ്‌നാമി മദർ തെരേസ’ ടിയു ഹ്യൂൻ ഹൊങ്!

റോയ് അഗസ്റ്റിൻ

കാൻസർ പിടിമുറുക്കുമ്പോഴും അഗതികളെ ചേർത്തുപിടിച്ച്  ‘വിയറ്റ്‌നാമി മദർ തെരേസ’  ടിയു ഹ്യൂൻ ഹൊങ്!

അങ്ങ് വിയറ്റ്‌നാമിലുമുണ്ട് ഒരു മദർ തെരേസ! പതിനായിരക്കണക്കിന് അനാഥക്കുട്ടികൾക്ക് പുതുജീവിതം സമ്മാനിക്കുന്ന ടിയു ഹ്യൂൻ ഹൊങിനെ കുറിച്ച് കേട്ടിട്ടുണ്ടോ? കാൻസറിന്റെ വേദനകൾക്കിടയിലും അഗതികളുടെ സംരക്ഷണത്തിൽ വ്യാപൃതയാണ് ടിയു ഹ്യൂൻ.

ജനിച്ചു ദിവസങ്ങൾക്കുള്ളിൽ മാതാപിതാക്കൾ തള്ളിക്കളഞ്ഞ അവൾക്ക് എങ്ങനെയും ജീവിക്കണമായിരുന്നു. അതിനവൾക്ക് നടക്കേണ്ടിവന്നത് മരണം പതിയിരിക്കുന്ന വഴികൾ. ഒരിക്കലും എത്തിപ്പെടാൻ ആരും ആഗ്രഹിക്കാത്തിടങ്ങളിലൂടെ നടന്നു തുടങ്ങിയ അവൾക്ക് ചെന്ന് കയറേണ്ടിവന്നത് പ്രാപ്പിടിയന്മാരും ചെന്നായ്ക്കളും പതുങ്ങിയിരിക്കുന്ന ഇരുട്ടിടങ്ങളിലേക്ക്. അവളുടെ ശരീരം മാത്രമല്ല മനസ്സും അവർ കൊത്തിപ്പറിച്ചു. എട്ടും പൊട്ടും തിരിച്ചറിയാത്ത പ്രായത്തിലവൾ പിച്ചിച്ചീന്തപ്പെട്ടത് ഒന്നല്ല, പലവട്ടം. ചുവപ്പു തെരുവിലേക്ക് വലിച്ചെറിയപ്പെട്ട അവളുടെ ജീവിതം കടിച്ചു കീറിയവർക്ക് മുഖമുണ്ടായിരുന്നില്ല. മനസും ശരീരവും മരവിച്ച അവൾ മയക്കുമരുന്നിന്റെ കൂട്ടുകാരിയായി. ഒടുവിലവൾ തീരുമാനിച്ചു, മതി ജീവിതം. എന്നാലതായിരുന്നില്ല അവളുടെ നിയോഗം.

ഇത് ‘വിയറ്റ്‌നാമീസ് മദർ തെരേസ’യെന്ന് ലോകം വിളിക്കുന്ന ടിയു ഹ്യൂൻ ഹൊങിന്റെ ജീവിതം. അനേകം അനാഥ കുട്ടികളുടെ അമ്മയാണവളിപ്പോൾ. ക്യു ഹുവോങ് ചാരിറ്റി സെന്ററിലൂടെ അവൾ അവർക്കു തിരിച്ചുപിടിച്ചു നൽകിയത് ജീവിതം മാത്രമായിരുന്നില്ല, നിറമുള്ള സ്വപ്‌നങ്ങൾ കൂടിയാണ്. കഴിഞ്ഞ മുപ്പതിലധികം വർഷങ്ങളായി അനാഥ ബാല്യങ്ങൾക്കായി തന്റെ ജീവിതം സമർപ്പിച്ച അവൾ വർണവിസ്മയമൊളിപ്പിച്ച ലോകത്തിന്റെ മനോഹാരിതകളിലേക്ക് കൈപിടിച്ച് കൊണ്ടുപോയത് നൂറുകണക്കിന് കുഞ്ഞുങ്ങളെയാണ്. വെളിച്ചം ഇല്ലാതെയാകുന്ന വർത്തമാനകാല ലോകത്തിന് ഇത്തിരിപ്പോന്ന തന്റെ ജീവിതം കൊണ്ട് പ്രകാശത്തിന്റെ നൂലിഴ പാകുകയാണവൾ.

നിയോഗം വെളിപ്പെടുത്തിയ പുറത്താകൽ!

ജനിച്ചുവീണ അന്ന് ആരംഭിച്ചതാണവളുടെ ജീവിത ദുരിതങ്ങൾ. മാതാപിതാക്കളാരെന്നോ എവിടെയാണ് താൻ ജനിച്ചതെന്നോ അറിയാത്ത അവൾക്കൊന്നറിയാം, അവരുടെ സ്‌നേഹ വാത്സല്യങ്ങൾ കുറവില്ലാതെ നുകരേണ്ട കുഞ്ഞിളം പ്രായത്തിൽത്തന്നെ താൻ വലിച്ചെറിയപ്പെട്ടിരിക്കുന്നു. അമ്മിഞ്ഞപ്പാലിന് പകരം അവൾക്ക് കിട്ടിയത് പരിഹാസവും പീഡനവും. അവൾക്കൊപ്പം അവളുടെ അനാഥത്വവും വളർന്നുകൊണ്ടിരുന്നു. ബാല്യ കൗതുകങ്ങൾ വിട്ടുമാറാത്ത അവളെത്തപ്പെട്ടത് ഗുണ്ടകളുടെയും ലഹരി മാഫിയയുടെയും പിടിയിൽ. ഒരു പാവം അനാഥപ്പെണ്ണിന് എന്ത് ചെയ്യാനാകും? ലൈംഗിക തൊഴിലാളിയായി അവൾ മാറി. അവസാനം ഈ ലോകം തനിക്കുള്ളതല്ലെന്ന് ചിന്തിച്ച അവൾ ജീവിതം അവസാനിപ്പിക്കാൻ ഒരു നദിയിലേക്കെടുത്തു ചാടിയെങ്കിലും അവളുടെ നിയോഗം മറ്റൊന്നായിരുന്നു.

പതിനാറ് വയസായിരുന്നു അവൾക്കപ്പോൾ. ജീവിതം മാറ്റിയെഴുതാനാഗ്രഹിച്ച അവൾ മിയെൻ ഡോങ്കിൽനിന്ന് സായിഗോനിലേക്ക് യാത്ര തിരിച്ചു. അവിടെ ഹ്യൂന വാൻ എന്നു പേരായ ഒരു ബസ് ഡ്രൈവർ ടിയു ഹ്യൂൻ ഹൊങിനെ, അവളുടെ കഥ കേട്ട് മനസലിഞ്ഞ് സ്വന്തം ഭവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ ഭാര്യക്കും അവളെ വലിയ ഇഷ്ടമായിരുന്നെങ്കിലും അവരുടെ മക്കൾക്കവളെ ഉൾക്കൊള്ളാനായില്ല. ദിവസങ്ങൾക്കുള്ളിൽ അവിടെനിന്ന് അവൾക്ക് പുറത്തുപോകേണ്ടിവന്നു. ആ പുറത്താകൽ തന്റെ നിയോഗത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് അന്നവൾക്ക് മനസിലായില്ല.

സായിഗോൺ പട്ടണത്തിന്റെ ഓരം ചേർന്ന് ഒരൊറ്റ മുറി വീട്ടിൽ അവൾ താമസമാരംഭിച്ചു. പകൽ കിട്ടുന്ന ജോലികളൊക്കെ ചെയ്യും. ഒരു പ്രഭാതത്തിൽ തന്റെ മുറിയുടെ പുറത്തൊരു കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണവൾ കണ്ണ് തുറന്നത്. ആരോ ഉപേക്ഷിച്ചിട്ട് കടന്നുകളഞ്ഞ ഒരു പെൺകുഞ്ഞ് അവളുടെ മുറിയുടെ വാതിൽക്കൽ! തന്റെ സഹോദരിയായി അവൾ ആ കുഞ്ഞിനെ തന്റെ ജീവിതത്തോട് കൂട്ടിച്ചേർത്തു, ആൻ ദാവോ എന്ന പേരും നൽകി.

ദൈവം ഒരുക്കിയ ‘ചാവോ ലി’

പിന്നീടിങ്ങോട്ട് കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു. കൂടുതൽ സ്ഥലങ്ങളിൽ ജോലി ചെയ്യാനവൾ തയാറായി. അതിനിടെ നിരവധി വേദനിപ്പിക്കുന്ന അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടിയും വന്നു. എല്ലാത്തിനെയും നേരിടാനുള്ള കരുത്ത് അവൾ ആർജ്ജിച്ചിരുന്നു. ജോലിക്കിടയിൽ കിട്ടുന്ന സമയങ്ങളിൽ ചൈനീസ് ഭാഷ പഠിക്കാനുള്ള സമയവും കണ്ടെത്തി. അതവൾക്ക് ഒരു ടൂറിസ്റ്റ് ഗൈഡ് ആയി ജോലി തരപ്പെടുന്നതിന് കാരണമായി. അവിടെ അവൾക്കായി ദൈവം ഒരു അത്ഭുതം ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു, ചാവോ ലി എന്ന ചൈനക്കാരന്റെ രൂപത്തിൽ! ടിയു ഹ്യൂൻ ഹൊങിന്റെ ജീവിതത്തെക്കുറിച്ചു അവളിൽനിന്ന് മനസിലാക്കിയ അയാൾ ഒരു അപാർട്‌മെന്റ് വാടകയ്ക്കെടുക്കാൻ പണം നൽകി സഹായിച്ചു, ഒപ്പം ആൻ ദാവോയെ ദത്തെടുക്കാനും.

അദ്ദേഹത്തിന്റെ കൈയിൽനിന്ന് ലഭിച്ച പണംകൊണ്ട് ചെറിയ കച്ചവടങ്ങൾ ചെയ്യാനാരംഭിച്ച അവൾ ക്രമേണ റിയൽ എസ്റ്റേറ്റ് ഏജന്റായി മാറി. അവിടെയും വിജയിക്കാൻ കഴിഞ്ഞതിലൂടെ സാധാരണ ജീവിതത്തിന്റെ വഴിയിലേക്ക് കാലെടുത്തുവയ്ക്കാൻ അവൾക്കായി. 1993ൽ വിയറ്റ്‌നാമീസ് റിലീഫ് അസോസിയേഷനിൽ ചേർന്ന് പ്രവർത്തിക്കാൻ ലഭിച്ച അവൾ അവിടെ ആരോരുമില്ലാത്തവർക്കും ഉപേക്ഷിക്കപ്പെട്ട വയോജനങ്ങൾക്കും കരുണയുടെ മുഖമായി മാറി. ആഹാരമില്ലാത്തവർക്ക് ഭക്ഷണമായും രോഗികൾക്ക് മരുന്നായും മാറിയ അവളെ ‘അമ്മ’ എന്നവർ വിളിക്കാൻ തുടങ്ങി.

കാൻസറിനെ മൈൻഡ് ചെയ്യാത്ത ‘അമ്മ’

2001ൽ ക്യു ഹ്യൂവോങ് ചാരിറ്റി ഫൗണ്ടേഷന് അവൾ തുടക്കം കുറിച്ചു. വിയറ്റ്‌നാമിന് പുറമെ കമ്പോഡിയ, ഫിലിപ്പൈൻസ്, അമേരിക്ക എന്നിവിടങ്ങളിലെ അശരണരായവരുടെ ‘അമ്മ’യായും ഏറെ താമസിയാതെ അവൾ മാറി. കഴിഞ്ഞ 30 വർഷത്തിനിടെ ആയിരക്കണക്കിന് അനാഥരെയും ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെയും വയോധികരെയും ടിയു ഹ്യുൻ ഹോങ് പുനരധിവസിപ്പിച്ചു. സ്റ്റീൽ റോസ്, വിയറ്റ്‌നാമിന്റെ ഹൃദയങ്ങളെ ചലിപ്പിക്കുന്ന വനിത, സാധാരണക്കാരുടെ മാലാഖ, വേൾഡ് ചാരിറ്റി അംബാസിഡർ എന്നിങ്ങനെ ടിയു ഹ്യുൻ ഹോങിന് ലഭിച്ച വിശേഷണങ്ങളും അംഗീകാരങ്ങളും നിരവധിയാണ്.

ഇതിനിടെ കാൻസർ ബാധിതയായെങ്കിലും അതൊന്നും അവരുടെ ശുശ്രൂഷകളെ ഒരു വിധത്തിലും ബാധിക്കുന്നില്ലെന്ന് മാത്രമല്ല ആയിരങ്ങളിലേക്ക് തന്റെ സഹായഹസ്തം നീട്ടുന്നത് തുടരുകയും ചെയ്യുന്നു. വേദനയും ചികിൽസയുടെ ബുദ്ധിമുട്ടുകളും വിഷമിപ്പിക്കുമ്പോഴും സഹായവും ആശ്രയവും തേടി തന്നെ സമീപിക്കുന്ന ഒരാൾ പോലും നിരാശയോടെ മടങ്ങി പോകരുതെന്ന നിർബന്ധവുമുണ്ടവൾക്ക്. പ്രത്യാശയുടെ പ്രകാശം പൊഴിക്കുന്ന അവർ ജീവിതാവസാനം വരെ ഇത് തുടരാൻ കഴിയണമേയെന്നുള്ള ഒരേ ഒരു പ്രാർത്ഥനയോടെ അനേകർക്ക് വെളിച്ചമാകുകയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?