ഫീനിക്‌സ്: കുടുംബബന്ധങ്ങളിലുണ്ടായ തകർച്ചയും ആളുകൾ തങ്ങളിലേക്കുതന്നെ ചുരുങ്ങുന്നതും അമേരിക്കയിലെ സഭയിൽ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കയിലെ ഫീനിക്‌സ് രൂപതാ ബിഷപ്പ് ജോൺ പാട്രിക് ഡോളൻ. വിശ്വാസികളുടെ ചെറുസമൂഹങ്ങളുടെ നിർമിതിയിലൂടെ മാത്രമേ അമേരിക്കയിൽ സഭയുടെ വളർച്ച സംഭവിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങളിൽ ക്രിസ്തുവിശ്വാസം അതിവേഗം വളരുന്ന സാഹചര്യങ്ങൾ പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
‘അമേരിക്കയിലേതിൽനിന്ന് നേരെ വിപരീതമായാണ് ആഫ്രിക്കയിൽ സംഭവിക്കുന്നത്. അവിടത്തെ ജനങ്ങളിൽ അന്തർലീനമായ സാമൂഹിക ജീവിതഘടനയും ജനങ്ങളുടെ പരസ്പര ബന്ധവുംമൂലം ആഫ്രിക്കയിൽ ക്രിസ്തുമതം ദ്രുതഗതിയിൽ വ്യാപിക്കുകയാണ്.’ ആഫ്രിക്കൻ രാജ്യങ്ങളായ എത്യോപ്യ, ഉഗാണ്ട, കെനിയ എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയാക്കി മടങ്ങിയെത്തിയ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ആഫ്രിക്കക്കാർക്കിടയിൽ ക്രിസ്തുമതത്തിന്റെ വ്യാപനത്തിന്റെ അനായാസതയെ കുറിച്ചു വിശദീകരിച്ച അദ്ദേഹം, അഗാധമായ വിശ്വാസം നിലനിൽക്കുന്നിടത്ത് സ്വാഭാവികമായി സഭയുടെ വളർച്ച സംഭവിക്കുമെന്നും ചൂണ്ടിക്കാട്ടി. വിശ്വാസം ആരംഭിക്കുന്നത് ശക്തമായ കുടുംബബന്ധങ്ങളും അവയുടെ കൂട്ടായ്മകളും ഒരുമിച്ച് ചേരുന്നിടത്താണ്. അവർ അവരുടെ ഫോണുകൾക്ക് പിന്നിൽ താമസിക്കുന്നില്ല. അത്തരം സാഹചര്യങ്ങളിൽ വിശ്വാസം സ്വാഭാവികമായും സംഭവിക്കുകയും വളരുകയും ചെയ്യുന്നു.’
ഇതിൽ പലതും തങ്ങൾക്ക് നഷ്ടപ്പെട്ടെന്നും അതോടൊപ്പം ആളുകൾ തങ്ങളിലേക്കുതന്നെ ഉൾവലിയാൻ ആരംഭിച്ചെന്നും അദ്ദേഹം അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ആഫ്രിക്കയും മധ്യ അമേരിക്കയുടെ ചില ഭാഗങ്ങളും ലാറ്റിൻ അമേരിക്കയും ദക്ഷിണ കൊറിയയും എനിക്ക് പ്രതീക്ഷ നൽകുന്നു, അവിടെ ആളുകൾ സ്വാഭാവികമായും ഒരു സമൂഹമെന്ന നിലയിൽ വിശ്വാസത്തോട് പ്രതികരിക്കുന്നു. ഇപ്രകാരം വിശ്വാസികളുടെ ചെറിയ സാമൂഹങ്ങളുടെ നിർമിതിയിലൂടെ മാത്രമേ അമേരിക്കയിൽ സഭയുടെ വളർച്ച സംഭവിക്കൂ.’ ഇത് യഥാർത്ഥത്തിൽ വലിയൊരു വെല്ലുവിളിയാണെന്നും ബിഷപ്പ് വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *