ഡോമു: കടുത്ത കത്തോലിക്കാ വിരുദ്ധതയെ തുടർന്ന് രാജ്യത്തുനിന്നു പുറത്താക്കപ്പെട്ട് 40 വർഷത്തിനുശേഷം കത്തോലിക്കാ സന്യസ്തരെ തിരികെ സ്വാഗതം ചെയ്ത് തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്. പോർച്ചുഗലിൽനിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ മൊസാംബിക് പുറത്താക്കിയത്. രാജ്യത്തേക്ക് തിരിച്ചെത്തിയതിൽ വിവരിക്കാനാവാത്ത സന്തോഷമാണ് തനിക്കെന്ന് മടങ്ങിയെത്തിയ ‘ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് മരിയ ഇമ്മാക്കുലേറ്റ്’ സഭാംഗം സിസ്റ്റർ മരിയൻ ഡോസ് സാന്റോസ് പറഞ്ഞു.
മൊസാംബിക്കിന്റെ വടക്കുകിഴക്കുള്ള ടെറ്റെ രൂപതയിലെ ഡോമുവിൽ എത്തിയ തങ്ങൾക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണം തന്നെ ഏറെ സ്പർശിച്ചുവെന്നും സിസ്റ്റർ മരിയൻ ഡോസ് സാന്റോസ് പറഞ്ഞ. നാൽപ്പത് വർഷങ്ങൾക്ക് ശേഷമുള്ള ഈ മടങ്ങിവരവിൽ തങ്ങൾക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണം ഈ രാജ്യം തങ്ങളെ എത്രത്തോളം സ്‌നേഹിക്കുന്നു എന്നതിന്റെ അടയാളമാണെന്നും അവർ കൂട്ടിച്ചേർത്തു.
സിസ്റ്റേഴ്സിന്റെ മടങ്ങിവരവ് വരവ് ദൈവാനുഗ്രഹപ്രദവും തങ്ങൾ ഏറെ ആഗ്രഹിച്ചിരുന്നതും സ്വപ്‌നം കണ്ടിരുന്നതുമാണെന്ന് ടെറ്റിലെ ബിഷപ്പ് ഡയമന്തിനോ ആന്റ്യൂൺസ് പറഞ്ഞു. സിസ്റ്റർ ഡോസ് സാന്റോസും സഭയിലെ മറ്റ് മൂന്ന് അംഗങ്ങളുംചേർന്ന് സമുദായ നേതാക്കൾളെ വിശ്വാസപരിശീലനം ഉൾപ്പെടെയുള്ള അജപാലന പ്രവർത്തനങ്ങളിൽ സഹായിക്കും.
‘ദൈവത്തിനായി ദാഹിക്കുന്ന ഈ പാവപ്പെട്ട ജനതയ്ക്ക് സുവിശേഷവും സുവിശേഷത്തിന്റെ സന്തോഷവും എത്തിക്കാൻ ഞങ്ങൾ ഉത്സുകരാണ്. ഞങ്ങളാൽ കഴിയുന്ന എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ സേവനം ഉറപ്പുനൽകുന്നു. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ഞങ്ങൾ പ്രതീക്ഷിക്കുന്നു,’ മടങ്ങിയെത്തിയവരിൽ ഉൾപ്പെട്ട സിസ്റ്റർ റീത്ത നാസിമെന്റോ തുടർന്നു:
‘വിദൂരങ്ങളിൽ എത്തിച്ചേരാൻ വാഹനം ഉൾപ്പെടെയുള്ളവ ആവശ്യമായി വരും. ഇതൊരു ബുദ്ധിമുട്ടുള്ള ജോലിയാണെന്ന് ഞങ്ങൾക്കറിയാം. ദൈവാശ്രയബോധമാണ് ഞങ്ങളെ നയിക്കുന്നത്. ദൈവത്തിൽ വിശ്വാസമുണ്ട്. ഇത് അവിടുത്തെ ദൗത്യമാണെന്നും ഞങ്ങൾ അവിടുത്തെ കൈകളിലെ ദുർബലമായ ഉപകരണങ്ങൾ മാത്രമാണെന്നും ഞങ്ങൾക്കറിയാം.’ ഈ പുതിയ ദൗത്യത്തിന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാകണമെന്നും അവർ അഭ്യർത്ഥിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *