Follow Us On

18

January

2025

Saturday

മാനവകേന്ദ്രീകൃതമായ സുസ്ഥിരവികസനം ഉറപ്പുവരുത്തുക: ആർച്ച്ബിഷപ് ഗാല്ലഗർ

മാനവകേന്ദ്രീകൃതമായ സുസ്ഥിരവികസനം ഉറപ്പുവരുത്തുക: ആർച്ച്ബിഷപ് ഗാല്ലഗർ

ന്യൂയോർക്ക്‌: ‘സുസ്ഥിരവികസന അജണ്ട 2030’ പ്രസ്താവനകളിൽ മാത്രം ഒതുങ്ങാതെ, സുസ്ഥിര ലോകത്തിനായി  പ്രായോഗികമായ പ്രവർത്തനങ്ങളിലേക്ക് നീങ്ങാൻ ആഹ്വാനം ചെയ്‌ത്‌ വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ. അമൂർത്തമായ പ്രസ്താവനകൾ മാത്രമാകാതെ ലോകത്തിന്റെ സുസ്ഥിര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് വിദേശരാജ്യങ്ങൾക്കും, അന്താരാഷ്ട്രസംഘടനകൾക്കുമായുള്ള വത്തിക്കാൻ കാര്യദർശികൂടിയായ ആർച്ച്ബിഷപ് ഗാല്ലഗർ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ,ന്യൂയോർക്കിൽ നടന്ന, സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ഉന്നതതലയോഗത്തിൽ സംസാരിക്കവെ ആവശ്യപ്പെട്ടു.

2015 സെപ്റ്റംബർ 25-ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യവേ, ‘സുസ്ഥിരമായ പുരോഗതിക്കായുള്ള 2030 അജണ്ട’ എന്ന പദ്ധതിയെ പ്രതീക്ഷയുടെ അടയാളമെന്ന നിലയിലാണ് ഫ്രാൻസിസ് പാപ്പാ കണ്ടതെന്നും, ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്ത് സുസ്ഥിരമായ വികസനം ഉറപ്പു വരുത്തുന്നതിനായി പരിശ്രമിക്കുമ്പോൾ,യുദ്ധങ്ങൾ, സംഘർഷങ്ങൾ, ദാരിദ്ര്യം,പട്ടിണി,  അക്രമം, വ്യക്തികൾ നേരിടുന്ന സാമൂഹിക ബഹിഷ്‌കരണം, കാലാവസ്ഥാവ്യതിയാനം, പാരിസ്ഥിതിക തകർച്ച, വലിച്ചെറിയൽ സംസ്കാരം തുടങ്ങിയ ഇക്കാലത്തെ വലിയ വെല്ലുവിളികളോരോന്നും നേരിടുന്നതിനും പരിഹരിക്കുന്നതിനായി ശ്രമങ്ങൾ നടക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ദുർബലർ,  വികലാംഗർ, ഗർഭച്ഛിദ്രം ചെയ്യപ്പെടുന്ന കുട്ടികൾ,വയോജനങ്ങൾ എന്നിങ്ങനെ സമൂഹത്തിൽ പ്രാധാന്യമില്ലാത്ത മറ്റുള്ളവരെയും ഉപയോഗമില്ലാത്തവരായി കണക്കാക്കുന്നതും അവരെ ഒഴിവാക്കാൻ ശ്രമിക്കുന്നതും ഈ വലിച്ചെറിയൽ സംസ്കാരത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും മനുഷ്യാന്തസ്സിനെ മാനിക്കുകയും, പാവപ്പെട്ടവരുടെയും, ദുർബലസാഹചര്യങ്ങളിൽ ആയിരിക്കുന്നവരുടെയും ആവശ്യങ്ങൾ നിറവേറ്റപ്പെടുകയും പ്രകൃതിയുമായുള്ള നല്ല ബന്ധം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ഈ ഉച്ചകോടി വിജയപ്രദമാകുന്നത് ;അദ്ദേഹം കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?