നിങ്ങളാണോ ഈ ഗ്രൂപ്പിന്റെ ലീഡര്‍? പതിനഞ്ചോളം പേര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരു ഗ്രൂപ്പിലേക്ക് കടന്നുവന്ന പോലീസ് ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയോട് ചോദിച്ചു. അതെ, ഞാന്‍ തന്നെ. പക്ഷേ, ഇതൊരു ഓര്‍ഗനൈസേഷനൊന്നുമല്ല. ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്യുന്നത്… ആ പെണ്‍കുട്ടി പറഞ്ഞു. നിങ്ങള്‍ പതിനഞ്ചു പേരുണ്ട്. എന്നിട്ട് നിങ്ങള്‍ പറയുന്നു, ഇതൊരു ഓര്‍ഗനൈസേഷനല്ലെന്ന്. ആരാണ് നിങ്ങളെ റിക്രൂട്ട് ചെയ്തത്? ആരാണ് നിങ്ങളെ അയച്ചത്? ആ ഉദ്യോഗസ്ഥന്‍ വീണ്ടും ചോദിച്ചു. ഞങ്ങളെ ആരും നിയമിച്ചതല്ല. ഞങ്ങള്‍ ഒരുമിച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്യുന്നത്.
ഉദ്യോഗസ്ഥന്‍ സമ്മതിച്ചില്ല. ദൈവത്തോടാണ് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതെങ്കില്‍, ദൈവം എന്നൊരാള്‍ ഇല്ല… പരിഹാസത്തോടെ ഉദ്യോഗസ്ഥന്‍ വീണ്ടും പറഞ്ഞു. നിങ്ങള്‍ക്ക് ഒരുപക്ഷേ ദൈവം ഇല്ലായിരിക്കാം. പക്ഷേ, ഞങ്ങള്‍ക്ക് ദൈവമുണ്ട്. അവിടുന്ന് ഇന്നും ജീവിക്കുന്നു… പെണ്‍കുട്ടി മറുപടി പറഞ്ഞു. നോക്കൂ, നീ ഇപ്പോള്‍ എന്റെ കസ്റ്റഡിയിലാണ്. ഇപ്പോള്‍ നീ മരിച്ചാല്‍ ഈ ഗ്രൂപ്പ് ഇവിടെ അവസാനിക്കും… ശബ്ദം താഴ്ത്തി ആ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, ദൈവത്തില്‍ വിശ്വസിക്കുന്ന ആരെങ്കിലുമൊരാള്‍ തുടര്‍ന്നും ഇത് മുമ്പോട്ടു കൊണ്ടുപോകും എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ ഉറച്ച മറുപടി.
1917-ല്‍ ബോള്‍ഷെവിക് വിപ്ലവത്തിനുശേഷം സോവിയറ്റ് യൂണിയന്റെ ഭാഗമായിതീര്‍ന്ന യുക്രെയ്‌നിലെ വിയേഴ്‌സ്‌ബോവിക് ഗ്രാമത്തിലാണ് ജാനിന ജാന്‍ഡുള്‍സ്‌ക എന്ന വികലാംഗ പെണ്‍കുട്ടിയും അമ്മയും താമസിച്ചിരുന്നത്. ഗ്രാമത്തിലെ മറ്റു പലരെയും എന്നതുപോലെ ജാനിനയും ലിവിങ് റോസറി എന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ അംഗമായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടം സെമിനാരികള്‍ അടച്ചുപൂട്ടുകയും വൈദികരെ അറസ്റ്റു ചെയ്യുകയും ചെയ്തതോടെ കാറ്റക്കിസ്റ്റുകളായിരുന്നു വിശ്വാസപരമായ കാര്യങ്ങളില്‍ ഇവരെ സഹായിച്ചിരുന്നത്. ഇത്തരം പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ നടത്തുന്നത് പിടിക്കപ്പെടാന്‍ സാധ്യതയുള്ള കുറ്റമായിരുന്നിട്ടും ഒരു ദിവസത്തെ പ്രാര്‍ത്ഥന തന്റെ ഭവനത്തില്‍ വയ്ക്കാന്‍ ജാനിന തീരുമാനിച്ചു. അങ്ങനെ പ്രാര്‍ത്ഥന നടക്കവേയാണ്, ആരോ അറിയിച്ചതനുസരിച്ച് പോലീസ് ജാനിനയുടെ വീട്ടിലെത്തിയതും അവളെ ചോദ്യം ചെയ്തതും.
പോലീസ് ഉദ്യോഗസ്ഥന്റെ ചോദ്യം ചെയ്യലിനുശേഷം അല്പസമയം കഴിഞ്ഞപ്പോള്‍, ജാനിന മരിച്ചതായി അവളുടെ അമ്മയെ ആരോ അറിയിച്ചു. ശാരീരികാസ്വാസ്ഥ്യമുണ്ടായി പെട്ടെന്ന് മരിച്ചു എന്നായിരുന്നു മരണവിവരം. എന്നാല്‍, തൊട്ടടുത്തുനിന്ന് തലയിലേക്ക് വെടിവച്ച് ജാനിനയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പിന്നീട് കണ്ടെത്തി. ഇന്ന് വിയേഴ്‌സ്‌ബോവിക്കിലുള്ള കൊച്ചുദൈവാലയത്തിനുള്ളില്‍ ജാനിനയുടെ ഫോട്ടോയും വച്ചിട്ടുണ്ട്. പ്രദേശത്തെ വിശ്വാസികള്‍ അവള്‍ക്കരികിലെത്തി പ്രാര്‍ത്ഥിക്കാറുമുണ്ട്. പ്രതിസന്ധിഘട്ടത്തിലും ജപമാല മുറുകെ പിടിച്ച ജാനിന, അവര്‍ക്ക് മാര്‍ഗദീപവും പ്രേരകശക്തിയുമാണ്.
Leave a Comment
Your email address will not be published. Required fields are marked with *