Follow Us On

22

January

2025

Wednesday

കുട്ടികള്‍ കളിച്ചുവളരട്ടെ

കുട്ടികള്‍ കളിച്ചുവളരട്ടെ

ഫാ. സണ്ണി കുറ്റിക്കാട്ട് സിഎംഐ

കുട്ടികളോടു കര്‍ക്കശമായി പെരുമാറാന്‍ എളുപ്പമാണ്. അതേ സമയം അവരോടൊപ്പം അല്പസമയം ചെലവഴിക്കാന്‍ പല മാതാപിതാക്കളും മെനക്കെടാറില്ല. സ്‌നേഹവാത്സല്യങ്ങള്‍ കതിരിട്ടു നില്‍ക്കുന്ന ഗൃഹാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ കളിച്ചും പഠിച്ചും നന്മയിലേക്ക് കാല്‍വയ്ക്കും.

മുതിര്‍ന്നവര്‍ ചുമക്കുന്ന ഏറ്റവും വലിയ ഭാരം സ്വന്തം ചിന്തകളാണ്. കുട്ടികള്‍ക്കതില്ല, അവര്‍ കളികളുടെയും നിഷ്‌കളങ്കമായ ചങ്ങാത്തങ്ങളുടെയും അതില്‍നിന്നു കിട്ടുന്ന സന്തോഷാനുഭവങ്ങളുടെയും ലോകത്താണ്. അതിന് തടസമായി മുതിര്‍ന്നവര്‍ നില്‍ക്കേണ്ട, അവര്‍ കളിച്ചും ചിരിച്ചും വളരട്ടെ.
കളിക്കുക, കളിക്കുവാന്‍ കഴിയുക എന്നതുതന്നെയാണ് കളിയുടെ രസവും കളിയില്‍നിന്നും കുട്ടികള്‍ സ്വന്തമാക്കുന്ന പ്രതിഫലവും. ജയിച്ച് സമ്മാനം നേടണമെന്ന വാശിയും തോല്‍ക്കുമ്പോഴുള്ള വൈരാഗ്യവും പിന്നീടേ കുട്ടികളെ പിടികൂടാറുള്ളൂ. നിര്‍ദോഷമായ കൗതുകം, നിഷ്‌കളങ്കമായ രസം അതുമാത്രമേ അവര്‍ക്കുവേണ്ടൂ. അതുണര്‍ത്തുകയാണ് ഏതു കളിയുടെയും ലക്ഷ്യം.

നിയമങ്ങളുടെ ഭാരമില്ല
പരപ്രേരണ കൂടാതെയാണ് കുട്ടികള്‍ കളിയില്‍ വ്യാപൃതരാവുക. സ്വയം തോന്നി അവരതില്‍ ലയിക്കുന്നു. കളികളുടെ പ്രധാന വശ്യതയും മറ്റൊന്നല്ല. തോന്നുമ്പോള്‍ തുടങ്ങാം, തോന്നുമ്പോള്‍ നിര്‍ത്താം. നിയമങ്ങളോ നിബന്ധനകളോ ഒന്നുമില്ല. മറ്റാരെങ്കിലും നിര്‍ബന്ധിച്ചിട്ട് ഏര്‍പ്പെടുന്ന ഒരു പ്രവൃത്തിയിലും കുട്ടികളുടെ മനസ് ഉറച്ചുനില്‍ക്കില്ല. ശിക്ഷ പേടിച്ചോ സമ്മര്‍ദത്തിനു വഴങ്ങിയോ സമ്മാനം മോഹിച്ചോ അവര്‍ ചിലപ്പോള്‍ പലതും ചെയ്‌തെന്നിരിക്കും. പക്ഷേ, അര്‍ദ്ധമനസോടെയുള്ള ഒരുതരം കാട്ടിക്കൂട്ടലായിരിക്കും അത്. അക്കാരണംകൊണ്ടുതന്നെ കളിയുടെ യഥാര്‍ത്ഥ രസം അവര്‍ക്കൊട്ടു കിട്ടുകയുമില്ല.
ഉണ്ണാനും ഉറങ്ങാനും മറന്ന് കളിയില്‍ മുഴുകുന്ന കുട്ടികളുണ്ട്. ഇതിനിടയില്‍ സ്‌നേഹപ്രകടനമായിട്ടാണെങ്കില്‍പ്പോലും മാതാപിതാക്കളോ സഹോദരങ്ങളോ കളിക്കിടയില്‍ കടന്നുചെല്ലുന്നത് അവര്‍ക്ക് ഇഷ്ടമാകില്ല. ചിലപ്പോഴവര്‍ ഇതിന്റെ പേരില്‍ ശാഠ്യം പിടിച്ചെന്നുവരാം. അതുകൊണ്ട് എന്തു കളിയുമാകട്ടെ, അതില്‍ ലയിച്ചിരിക്കുന്ന കുട്ടികളെ ശല്യം ചെയ്യാതെ അവരെ അവരുടെ പാട്ടിനു വിട്ടേക്കുന്നതാണ് ബുദ്ധി. ഇതിന് തയാറാകാതെ ഉടനെ സല്‍സ്വഭാവം പഠിപ്പിച്ചേക്കാമെന്നു കരുതി സാരോപദേശത്തിന് മുതിരുന്നതും വടിയോങ്ങി നേര്‍വഴിക്കു നയിക്കണമെന്നു വാശിപിടിക്കുന്നതും ചിലപ്പോള്‍ ഉദ്ദേശിക്കുന്ന ഫലം നല്‍കിയില്ലെന്നുവരാം.

കളികളിലൂടെ നന്മയിലേക്ക്
നാടകമോ സര്‍ക്കസോ സിനിമയോ കഴിഞ്ഞ് വീട്ടിലെത്തുന്ന കുട്ടികള്‍ തങ്ങളെ ആകര്‍ഷിച്ച രംഗങ്ങള്‍ അനുകരിക്കാനും അതേപടി അഭിനയിക്കാനും ശ്രമിക്കാറുണ്ട്. വീട്ടിലെ സാധനസാമഗ്രികള്‍ക്ക് അല്ലറചില്ലറ കേടുപാടുകള്‍ ഉണ്ടാക്കിക്കൊണ്ട് നാടകാഭിനയമോ സര്‍ക്കസ് അഭ്യാസമോ സിനിമാ പ്രകടനമോ കുറെനാള്‍ തുടര്‍ന്നെന്നുവരാം. ഇത്തരം ഘട്ടങ്ങളില്‍ കുട്ടികളെ കര്‍ശനമായി വിരട്ടുകയോ വിലക്കുകയോ ആണ് മിക്ക മാതാപിതാക്കളും ചെയ്യുക. നിഷ്‌കളങ്കമായ ആഗ്രഹത്തോടെ, പുതിയൊരു പ്രവര്‍ത്തനമേഖല കണ്ടെത്തിയ ആവേശത്തോടെ കളിക്കളത്തിലിറങ്ങുന്ന കൊച്ചുകുട്ടിയുടെ വലിയ ഉത്സാഹവും ഉന്മേഷവും കെടുത്താന്‍ തുനിയുംമുമ്പ് രണ്ടുവട്ടം നമ്മള്‍ ആലോചിക്കണം.

കുട്ടികളോടു കര്‍ക്കശമായി പെരുമാറാന്‍ എളുപ്പമാണ്. അതേസമയം അവരോടൊപ്പം അല്പസമയം ചെലവഴിക്കാന്‍ പല മാതാപിതാക്കളും മെനക്കെടാറില്ല. അഹംഭാവങ്ങള്‍ വെടിഞ്ഞ് അവരുടെ എളിമയിലേക്ക് ഇറങ്ങിവരാന്‍ കഴിയണം. എങ്കില്‍ മാത്രമേ ആ കളിയിലും രസത്തിലും പൂര്‍ണമായി ആഴ്ന്നിറങ്ങുന്ന മക്കളെ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. പരീക്ഷണമെന്ന നിലയിലെങ്കിലും മക്കളുമൊത്ത് ഒരു ദിവസമെങ്കിലും കളിച്ചു രസിക്കാന്‍ മാതാപിതാക്കള്‍ തയാറായാല്‍ അത് അവര്‍ക്ക് എത്രമാത്രം ആഹ്ലാദഭരിതമായ നിമിഷങ്ങളായിരിക്കും സമ്മാനിക്കുക. സ്‌നേഹവാത്സല്യങ്ങള്‍ കതിരിട്ടു നില്‍ക്കുന്ന ഗൃഹാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ സന്തുഷ്ടിയോടെ വളരും. കളിച്ചും പഠിച്ചും നന്മയിലേക്ക് കാല്‍വയ്ക്കും.

ഒരുപാടു കാര്യങ്ങള്‍ കളികളില്‍നിന്നും കുട്ടികള്‍ പഠിക്കുന്നുണ്ട്. നൂറു നഴ്‌സറികളില്‍നിന്ന്അവരെ

പഠിപ്പിക്കാനും അവര്‍ക്ക് പഠിക്കുവാനും കഴിയാത്തത്ര കാര്യങ്ങള്‍.

 

കണക്കുകൂട്ടലുകള്‍ തകിടംമറിയാതിരിക്കാന്‍
സ്വന്തം കുഞ്ഞിനെ വളര്‍ത്തുകയെന്ന ‘ഭാരിച്ച’ ജോലി ആയയെ ഏല്‍പിച്ചിട്ട് സമൂഹത്തെ സമുദ്ധരിക്കാന്‍ ഇറങ്ങുന്ന അമ്മമാരും ഔപചാരികമായിമാത്രം മക്കളോട് ഇടപെടുന്ന പിതാക്കന്മാരും പെരുകിവരുന്ന ഇക്കാലത്ത് കുട്ടികളോട് സ്‌നേഹത്തോടെ ഇടപെടേണ്ടതിന്റെയും അവരോടൊത്ത് കുറച്ചുസമയമെങ്കിലും കളികളില്‍ ഏര്‍പ്പെടേണ്ടതിന്റെയും പ്രാധാന്യം മനസിലാക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ മാറിനിന്ന് വഴികാട്ടുന്നവര്‍ എന്നതിലുപരി കൂടെനിന്ന് തങ്ങളുടെ കുട്ടികളെ വഴിനടത്തുന്നവരായിത്തീരുവാന്‍ മാതാപിതാക്കള്‍ക്ക് കഴിയൂ.

മാതാപിതാക്കളായിരിക്കണം മക്കളുടെ ഏറ്റവും അടുത്ത കളിക്കൂട്ടുകാര്‍. അതു മറക്കുന്നതാണ് കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണം. കുട്ടികള്‍ ചിലപ്പോള്‍ മാതാപിതാക്കളുടെ കണക്കുകൂട്ടലുകളെ തകിടം മറിച്ചുകൊണ്ട് വഴിതെറ്റിപ്പോകുന്നതിന്റെയും കാരണം മറ്റൊന്നല്ല. ഓര്‍ക്കുക, ഒരുപാടു കാര്യങ്ങള്‍ കളികളില്‍നിന്നും കുട്ടികള്‍ പഠിക്കുന്നുണ്ട്. നൂറു നഴ്‌സറികളില്‍നിന്ന് അവരെ പഠിപ്പിക്കാനും അവര്‍ക്ക് പഠിക്കുവാനും കഴിയാത്തത്ര കാര്യങ്ങള്‍.

പ്രകൃതിയിലും ചുറ്റുമുള്ള എണ്ണമറ്റ വസ്തുക്കളുടെ രൂപം, ശബ്ദം, ആകൃതി, നിറം, ചലനം, താളം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇതില്‍പ്പെടുന്നു. എന്നാല്‍ കളിക്കിടയില്‍ കുട്ടികള്‍ക്ക് അപകടം പിണയാതെ സൂക്ഷിക്കേണ്ടത് മുതിര്‍ന്നവരുടെ കടമയാണ്. കണ്ടും കൊണ്ടും പഠിക്കുക എന്ന ചൊല്ല് അന്വര്‍ത്ഥമാകുന്നത് ഇവിടെയാണ്. കാരണം വീഴ്ചയുടെ ആഘാതംതന്നെയാണല്ലോ വീഴാതിരിക്കാനുള്ള വഴികളിലേക്ക് നമ്മെ നയിക്കുന്നത്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?