വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയില്‍, മതപരിവര്‍ത്തന വിരുദ്ധനിയമങ്ങള്‍, വിദ്വേഷപ്രസംഗങ്ങള്‍, ആരാധനാലയങ്ങള്‍ക്കും വീടുകള്‍ക്കും നേരെയുള്ള ആക്രമണം, ന്യൂനപക്ഷസമൂഹങ്ങള്‍ നേരിടുന്ന വിവേചനം തുടങ്ങിയവ വര്‍ധിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് അവതരിപ്പിച്ച വേളയിലാണ് യുഎസിന്റെ ഭാഗത്ത് നിന്നുള്ള അപൂര്‍വമായ ഈ വിമര്‍ശനം ഉണ്ടായിരിക്കുന്നത്. ഇന്ത്യക്ക് പുറമെ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, ചൈന എന്നിവിടങ്ങളിലും മതസ്വാതന്ത്ര്യം ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍ ആരാധനാലയങ്ങള്‍ അടച്ചിടുന്നതും സമുദായങ്ങളെ ബലം പ്രയോഗിച്ചു മാറ്റിപ്പാര്‍പ്പിക്കുന്നതും ആളുകളെ അവരുടെ മതവിശ്വാസത്തിന്റെപേരില്‍ തടവിലാക്കുന്നതും തുടര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ഒരുവര്‍ഷത്തിലേറെയായി വിവിധ വംശീയവിഭാഗങ്ങള്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലുകളെയും അക്രമങ്ങളെയും കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ലഭ്യമായ വിവരങ്ങളനുസരിച്ച്, ഇതുവരെ 250ലധികം പള്ളികള്‍ കത്തിക്കുകയും 200ലധികം ആളുകള്‍ കൊല്ലപ്പെടുകയും 60,000ത്തിലധികം ആളുകള്‍ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ചൈനയിലും വിയറ്റ്നാമിലും ഗുരുതരമായ മതസ്വാതന്ത്ര്യലംഘനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശ കണക്കുകള്‍പ്രകാരം ചൈനയില്‍ വിശ്വാസത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ട ആളുകളുടെ എണ്ണം ഏതാനും ആയിരം മുതല്‍ 10,000 വരെയാകാം. 2023ല്‍ മാത്രം 188 പേരെങ്കിലും ചൈനയില്‍ മതപീഡനം മൂലം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *