Follow Us On

21

January

2025

Tuesday

കൃഷിയിടത്തില്‍നിന്നു ചൊല്ലിയ ജപമാലകള്‍

കൃഷിയിടത്തില്‍നിന്നു ചൊല്ലിയ ജപമാലകള്‍

പ്ലാത്തോട്ടം മാത്യു

ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്ഥാപിച്ച നസ്രത്ത് സിസ്റ്റേഴ്‌സ് സന്യാസിനി സഭയുടെ പ്രഥമ സുപ്പീരിയര്‍ ജനറലായിരുന്നു മദര്‍ ആനി തോമസ്. കേവലം അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന സിസ്റ്റര്‍ ആറു വര്‍ഷം സഭയെ നയിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് സിസ്റ്റര്‍ തന്റെ ഒരു കിഡ്‌നി
ദാനം ചെയ്തിരുന്നു. നസ്രത്ത് സിസ്റ്റേഴ്‌സ് സന്യാസിനീ സമൂഹം സുവര്‍ണജൂബിലിയിലേക്ക് പ്രവേശിക്കുമ്പോള്‍ ദൈവപരിപാലനയുടെ വഴികള്‍ ഓര്‍ത്തെടുക്കുകയാണ് മദര്‍ ആനി തോമസ്. കന്യാസ്ത്രീ ആകണമെന്നതായിരുന്നു ചെറുപ്പം മുതലുള്ള ആനിയുടെ ആഗ്രഹം. അമ്മാവന്റെ മകള്‍ അന്നക്കുട്ടിയും ആനിയും തമ്മില്‍ കാണുമ്പോള്‍ രണ്ടുപേരും മഠത്തില്‍ പോകുന്ന കാര്യം എപ്പേഴും സംസാരിക്കും. അവര്‍ രണ്ടു പേരുടെയും സ്വപ്നവും സംസാരവും മഠത്തില്‍പോക്കും കന്യാസ്ത്രീയാകുന്നതിനെകുറിച്ച് മാത്രമായിരുന്നു. ഈശോയ്ക്കായി ധാരാളം ആത്മാക്കളെ നേടണമെന്നതും വിശുദ്ധയായി ജീവിക്കണമെന്നതുമായിരുന്നു ഊണിലും ഉറക്കത്തിലുമുള്ള അവരുടെ ചിന്തകള്‍. 1957-ല്‍ ആനി അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അവരുടെ കുടുംബം കാഞ്ഞിരപ്പള്ളിയില്‍നിന്നും മലബാറിലേക്ക് കുടിയേറിയത്. അതോടെ ആനിയുടെ പഠനവും നിലച്ചു. കന്യാസ്ത്രീ എന്ന ആഗ്രഹവും അവിടെ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, ആനിയെക്കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്നം അവിടെ അവസാനിച്ചില്ല. ആനിക്കു മഠത്തില്‍ ചേരാനുള്ള വഴികള്‍ ദൈവം ഒരുക്കി.

15 കിലോമീറ്റര്‍ നടന്ന്
ദൈവാലയത്തിലേക്ക്

ഏഴുപറയില്‍ തോമസിന്റെയും അന്നമ്മയുടെയും ഒമ്പതു മക്കളില്‍ ഏഴാമത്തെയാളാണ് ആനി. അഞ്ചു സഹോദരന്മാരും മൂന്നു സഹോദരിമാരും. ഒരു സഹോദരി രണ്ടാം വയസില്‍ രോഗം ബാധിച്ച് മരിച്ചു. കാഞ്ഞിരപ്പള്ളിയില്‍നിന്നും ആലക്കോടിനടുത്ത് ഉദയഗിരിലേക്കായിരുന്നു അവര്‍ കുടിയേറിയത്. വന്യമൃഗങ്ങള്‍ നിറഞ്ഞ വനമേഖലയായിരുന്നു അന്ന് ആ പ്രദേശം. മലബാറിലേക്ക് വന്നതോടെ ആനിയുടെ പഠനം നിലച്ചു. അടുത്തെങ്ങും സ്‌കൂള്‍ ഉണ്ടായിരുന്നില്ല. അവരുടെ താമസസ്ഥലത്തുനിന്ന് ആലക്കോടിന് 15 കിലോമീറ്റര്‍ ദൂരം ഉണ്ടായിരുന്നു. അതും കാട്ടുവഴികളിലൂടെ നടന്നുവേണമായിരുന്നു അവിടേക്ക് എത്താന്‍.

ആനിയുടെ മാതാപിതാക്കളും സഹോദരങ്ങളും ചേര്‍ന്ന് കാടു തെളിച്ച് കൃഷിക്ക് ഒരുക്കങ്ങള്‍ നടത്തി. കുട്ടിയായിരുന്നെങ്കിലും ആനിയും കൃഷിഭൂമിയില്‍ ഇറങ്ങിയിരുന്നു. കുട്ടികള്‍ കഴിയുന്ന വിധത്തില്‍ കൃഷിയില്‍ മാതാപിതാക്കളെ സഹായിച്ചിരുന്ന കാലമായിരുന്നത്. ഞായറാഴ്ചകളില്‍ ആലക്കോട് പള്ളിയില്‍ പോകുന്നതോടൊപ്പം വീട്ടുസാധനങ്ങളും മറ്റും വാങ്ങി തലച്ചുമടായി കൊണ്ടുവരികയാണ് പതിവ്. അക്കാലത്ത് പുറംലോകവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. കുടിയേറ്റക്കാരായി ആരെങ്കിലും വരുമ്പോഴാണ് നാട്ടിലെ വിവരങ്ങള്‍ അറിഞ്ഞിരുന്നത്. ബന്ധുക്കളുടെ മരണവിവരങ്ങള്‍പോലും മാസങ്ങള്‍ക്കുശേഷമായിരുന്നു അറിഞ്ഞിരുന്നത്.

മനസിലുപ്പിറച്ച സ്വപ്നം

ആദ്യകാലത്ത് പാട്ടപ്പാറയെന്നായിരുന്നു ഉദയഗിരിയുടെ പേര്. കുടിയേറ്റക്കാര്‍ ആഴ്ചയില്‍ ഒരിക്കല്‍ ഒരു വീട്ടില്‍ ഒന്നിച്ചുകൂടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും പരസ്പരം ആശയങ്ങള്‍ പങ്കിട്ട് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അവിടെ ഒരു ദൈവാലയം സ്ഥാപിച്ചുകിട്ടാന്‍ ആലക്കോട് പള്ളി വികാരിയായിരുന്ന ഫാ. ജോസഫ് കുന്നേലച്ചനെ കാണാന്‍ കുടുംബനാഥന്മാരെല്ലാവരുംകൂടി ആലക്കോട്ടെത്തി. തളിപ്പറമ്പ് മുതല്‍ കുടക് അതിര്‍ത്തിവരെ അന്ന് ആലക്കോട് ഇടവകയുടെ ഭാഗമായിരുന്നു. അവിടെ പള്ളി സ്ഥാപിക്കുന്നതിനുമുമ്പ് സ്ഥലപ്പേര് മാറ്റണമെന്ന് അച്ചന്‍ പറഞ്ഞു.

എല്ലാവരും കൂടി ആലക്കോട് പള്ളിക്ക് സമീപം ഒത്തുകൂടി ചര്‍ച്ച ചെയ്തു. സംഘത്തിന്റെ നേതാവായിരുന്ന ജോസഫ് പേടിക്കാട്ടുകുന്നേല്‍ ഉദയഗിരി എന്ന് നിര്‍ദേശിച്ചു. അച്ചനും ഇഷ്ടപ്പെട്ടു. ഉദയഗിരിയില്‍ ഒരു സ്റ്റേഷന്‍പള്ളി സ്ഥാപിക്കാന്‍ അനുമതി നല്‍കി. ആളുകളെല്ലാം ചേര്‍ന്ന് കാട്ടുതടിയും മുളയുംകൊണ്ട് ഒരു ഷെഡ് പണിതു. അച്ചന്‍ എത്തി വെഞ്ചരിച്ച് ആദ്യമായി ദിവ്യബലിയര്‍പ്പിച്ചു. പിന്നീട് ആളുകള്‍ അച്ചന്‍ ഇല്ലെങ്കിലും ഒന്നിച്ചുകൂടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. അച്ചന്‍ വരുന്ന ദിവസം മുന്‍കൂട്ടി അറിയിച്ചിരുന്നു.

കുളത്തുവയലിലേക്ക്

പഠനം ഇടയ്ക്കുവച്ച് നിലച്ചെങ്കിലും മഠത്തില്‍ ചേരണമെന്ന ആഗ്രഹം ദിവസം കഴിയുംതോറും ആനിയില്‍ കൂടിക്കൊണ്ടിരുന്നു. ജോലി ചെയ്യുമ്പോഴും തന്റെ ആഗ്രഹം സമര്‍പ്പിച്ച് നിരന്തരം ജപമാലകള്‍ ചൊല്ലി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വിവാഹാലോചനകള്‍ വന്നുതുടങ്ങി. മഠത്തില്‍ പോകണമെന്നതില്‍ ആനി ഉറച്ചുനിന്നു. സഹോദരങ്ങള്‍ നിരുത്സാഹപ്പെടുത്തി. വിദ്യാഭ്യാസക്കുറവായിരുന്നു അവര്‍ ചൂണ്ടിക്കാണിച്ച പ്രശ്‌നം.

മകളുടെ നിര്‍ബന്ധത്തിനുവഴങ്ങി പിതാവ് തോമസ് അന്നത്തെ ഇടവക വികാരി ജോസഫ് വെട്ടിക്കുഴിച്ചാലില്‍ അച്ചനെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു. വള്ളോപ്പിള്ളി പിതാവിനെ കാണാനായിരുന്നു വികാരിയച്ചന്‍ നിര്‍ദേശിച്ചത്. അതനുസരിച്ച് തലശേരിയിലെത്തി പിതാവിനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. പിതാവ് അവിടെനിന്നും കുളത്തുവയലില്‍ മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ അടുക്കലേക്ക് അയച്ചു. മദറും അച്ചനും ഇന്റര്‍വ്യൂ നടത്തി. ആനിയെ മഠത്തില്‍ സ്വീകരിക്കാമെന്ന് അറിയിച്ചു.

പറഞ്ഞ ദിവസം സാധനങ്ങള്‍ വാങ്ങി, ഒരുക്കങ്ങളോടെ കുളത്തുവയലില്‍ എത്തി. കുറച്ചു ദിവസം കഴിഞ്ഞ് കുന്നോത്തേക്ക് പോകേണ്ടതുണ്ടെന്നും സാധനങ്ങള്‍ അപ്പോള്‍ എടുത്താല്‍ മതിയെന്നും മദര്‍ പറഞ്ഞു. അപ്രകാരം കുന്നോത്ത് എത്തിയ പ്പോള്‍ സമാന സാഹചര്യത്തില്‍ എത്തിയ സഹോദരിമാര്‍ ഉണ്ടായിരുന്നു. പ്രാര്‍ത്ഥനയും ജപമാലയും മാത്രമായിരുന്നു ആശ്രയം.

”1967-ല്‍ എന്നെയും വി.സി റോസമ്മ (സിസ്റ്റര്‍ റോസ് ജെയിംസ്) യെയും കുളത്തുവയലില്‍ ഏതാനും ദിവസം താമസിപ്പിച്ച ശേഷം കുന്നോത്ത് സാന്‍തോം എസ്റ്റേറ്റിലേക്ക് അയച്ചു. അവിടെ സെന്റ് തോമസ് കോണ്‍വെന്റിലായിരുന്നു ഞങ്ങളുടെ താമസം. വിമലമേരി മിഷനറി സമൂഹത്തിന്റെ ഒരു മഠം അവിടെ പ്രവര്‍ത്തിച്ചിരുന്നു.” സിസ്റ്റര്‍ ആനി തോമസ് ഓര്‍മിക്കുന്നു. ”ഒരാഴ്ച കഴിഞ്ഞ് ടാപ്പിങ്ങിനായി 250 റബര്‍മരങ്ങള്‍ എന്നെ ഏല്‍പിച്ചു. തോമസ് നിലക്കപ്പള്ളിയച്ചനായിരുന്നു അന്ന് എസ്റ്റേറ്റ് മാനേജര്‍. 24 പേരായിരുന്നു അവിടെയുണ്ടായിരുന്നത്. കുളത്തുവയലില്‍നിന്ന് സി.ജെ വര്‍ക്കിയച്ചന്‍ വന്ന് എട്ടുപേരെ അങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടുപോയി. ബാക്കി പതിനാ റുപേരെ വീടുകളിലേക്ക് മടക്കി അയക്കാനായിരുന്നു പ്ലാന്‍. എല്ലാവര്‍ക്കും വലിയ സങ്കടമായി. മാതാവിനോട് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക മാത്രമായിരുന്നു ആശ്രയം. വള്ളോപ്പിള്ളി പിതാവ് ഇടയ്ക്കിടെ എത്തി അവരെ സന്ദര്‍ശിക്കുകയും സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ടാപ്പിങ്ങിന് ഏല്‍പിച്ച റബര്‍മരങ്ങള്‍ എല്ലാവരും ശ്രദ്ധയോടെ വെട്ടി പാല്‍ സംഭരിച്ചിരുന്നു. എന്തു ജോലിയും എത്ര കഠിനമായാലും ചെയ്യാന്‍ എല്ലാവരും തയാറായിരുന്നു.”

23 പേരുടെ ആഗ്രഹം

അവരുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിച്ചു. 1975 സെപ്റ്റംബറില്‍ നസ്രത്ത് സിസ്റ്റേഴ്‌സ് സന്യാസിനിസഭ സ്ഥാപിച്ചുകൊണ്ട് രൂപതാധ്യക്ഷന്റെ അധികാരമുപയോഗിച്ച് വള്ളോപ്പിള്ളി പിതാവ് കല്പന പുറപ്പെടുവിച്ചു. കുടിയേറ്റത്തിന്റെ ആദ്യകാലത്തെ പ്രത്യേക പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ യോഗ്യത, സാമ്പത്തിക നില എന്നിവയുടെ കുറവുകൊണ്ട് മറ്റു സന്യാസ സമൂഹങ്ങളില്‍ ചേരാന്‍ കഴിയാത്തവരും എന്നാല്‍ സമര്‍പ്പിതജീവിതം അതിയായി ആഗ്രഹിച്ചിരുന്നവരുമായ യുവതികള്‍ക്കുവേണ്ടിയാണ് വള്ളോപ്പിള്ളി പിതാവ് ഈ സന്യാസിനി സമൂഹം സ്ഥാപിച്ചത്.

നസ്രത്തിലെ തിരുക്കുടുംബത്തിന്റെ മാതൃകയില്‍ പ്രാര്‍ത്ഥിച്ചും അധ്വാനിച്ചും ജീവിക്കുന്ന സന്യാസിനി സമൂഹമായിരുന്നു വള്ളോപ്പിള്ളി പിതാവ് വിഭാവനം ചെയ്തത്., പിതാവിനൊപ്പം മോണ്‍. ജേക്കബ് വാരിക്കാട്ട്, മോണ്‍. തോമസ് പഴേപറമ്പില്‍ എന്നിവര്‍ ഈ സമൂഹത്തിന് ആത്മീയനേതൃത്വം നല്‍കി. സഭയുടെ ആദ്യബാച്ചില്‍ 14 പേരായിരുന്നു. രണ്ടാമത്തെ ബാച്ച് ഒമ്പതുപേരും.

1978-ല്‍ 14 പേരും സഭാവസ്ത്രം സ്വീകരിച്ച് വ്രതവാഗ്ദാനം നടത്തി. തിയോളജി പഠനത്തിനായി സിസ്റ്റര്‍ ആനി തോമസ് ഉള്‍പ്പെടെ അഞ്ചുപേരെ കോട്ടയത്തേക്കയച്ചു. സഭയുടെ നേതൃത്വം ഏറ്റെടുത്ത് മദര്‍ സുപ്പീരിയര്‍ ആകാന്‍ ഒരാളുടെ പേര് എഴുതിനല്‍കാന്‍ പിതാവ് ആവശ്യപ്പെട്ടു. 24 പേരില്‍ 23 പേരും സിസ്റ്റര്‍ ആനി തോമസിന്റെ പേരാണ് നിര്‍ദേശിച്ചത്. അതിന്‍പ്രകാരം സിസ്റ്റര്‍ ആനി തോമസിനെ പ്രഥമ മദര്‍ സുപ്പീരിയറായി പിതാവ് പ്രഖ്യാപിച്ചു. മൂന്നു വര്‍ഷത്തേക്കായിരുന്നു. മൂന്നു വര്‍ഷത്തിനുശേഷം സിസ്റ്റര്‍ ആനി തോമസിനെതന്നെ രണ്ടാംതവണയും മദര്‍ സുപ്പീരിയറായി നിയമിച്ചു.

അപ്രതീക്ഷിത സഹായം

ആദ്യശാഖാഭവനം പടത്തുകടവിലായിരുന്നു. അവിടെ കോണ്‍വെന്റ് കെട്ടിടം പണിയുന്നതിനിടെ പതിനായിരം രൂപയുടെ അത്യാവശ്യം വന്നു. പിതാവിനെ കണ്ട് സഹായം ചോദിക്കാന്‍ തലശേരിക്ക് പോയി. പിതാവിന്റെ പക്കല്‍ അപ്പോള്‍ പണം ഉണ്ടായിരുന്നില്ല. ബസ്‌സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത ഒരു നിസഹായവസ്ഥ സിസ്റ്ററിനെ പിടികൂടി. സങ്കടംകൊണ്ട് കണ്ണുകള്‍ നിറഞ്ഞൊഴുകി.
പെട്ടെന്നൊരു വാഹനം അടുത്തുവന്ന് നിര്‍ത്തി. തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (ടിഎസ്എസ്എസ്) ഡയറക്ടര്‍ ആയിരുന്ന ഫാ. ജോസഫ് മാടക്കശേരിയായിരുന്നു വാഹനത്തില്‍. ‘എവിടെപോയി, എന്താണ് കരയുന്നത്?’ അച്ചന്‍ ചോദിച്ചു. വിവരമറിഞ്ഞ അച്ചന്‍ പറഞ്ഞു, വിഷമിക്കേണ്ട പണം തരാം. മാടക്കശേരി അച്ചന്‍ പണം നല്‍കുകയും ചെയ്തു. അതോടെ പടത്തുകടവില്‍ കോണ്‍വെന്റുകെട്ടിടം പൂര്‍ത്തിയാക്കി മഠം പ്രവര്‍ത്തിച്ചുതുടങ്ങി.

കുറച്ചുനാളുകള്‍ക്കുശേഷം മാടക്കശേരി അച്ചന്‍ രോഗബാധിതനായി. കിഡ്‌നി മാറ്റിവയ്‌ക്കേണ്ട സാഹചര്യം രൂപപ്പെട്ടു. വിവരമറിഞ്ഞ സിസ്റ്റര്‍ ആനി തോമസ് കിഡ്‌നി നല്‍കാന്‍ മുമ്പോട്ടുവന്നു. പരിശോധനയില്‍ സിസ്റ്ററിന്റെ കിഡ്‌നി യോജിച്ചതായിരുന്നു. കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലായിരുന്നു ചികിത്സ. കിഡ്‌നി മാറ്റിവയ്ക്കുകയും അത് പ്രവര്‍ത്തനക്ഷമമാകുകയും ചെയ്തു. പിന്നീട് ദീര്‍ഘനാളുകള്‍ കര്‍മനിരതനായി പ്രവര്‍ത്തിച്ചശേഷമാണ് അച്ചന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്.

ജര്‍മനിയില്‍ ഉള്‍പ്പെടെ നസ്രത്ത് സന്യാസിനി സഭയുടെ 35 ശാഖാഭവനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. നസ്രത്തിലെ പരിശുദ്ധ അമ്മയുടെ എളിയ ഭാവം എപ്പോഴും പുലര്‍ത്തി ജീവിക്കുന്ന നസ്രത്ത് സന്യാസിനിമാര്‍ ‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്ന പരിശുദ്ധ അമ്മയുടെ വാക്കുകളാണ് പിന്തുടരുന്നത്.

കാലഘട്ടത്തിന്റെ സൂചനകള്‍ കണക്കിലെടുത്ത് കുടിയേറ്റക്കാരുടെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ആരംഭിച്ച സന്യാസിനി സമൂഹമാണ് നസ്രത്ത് സഹോദരികള്‍. അധ്വാനത്തിന്റെ മഹത്തായ മാതൃകയാണ് ഇവര്‍ നല്‍കുന്നത്. പ്രാര്‍ത്ഥനയും അധ്വാനവുംവഴി സ്വയം വിശുദ്ധീകരിക്കുകയും സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് സഭയുടെ ലക്ഷ്യം. മദര്‍ ആനി തോമസ് ഇപ്പോള്‍ കുന്നോത്ത് സഭാ ആസ്ഥാനത്ത് വിശ്രമജീവിതത്തിലും പ്രാര്‍ത്ഥനയിലുമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?