വാഷിംഗ്ടണ്‍ ഡിസി: ഗര്‍ഭച്ഛിദ്ര ക്ലിനിക്കുകള്‍ക്ക് മുമ്പില്‍ പ്രതിഷേധിച്ചതിന് ബൈഡന്‍ ഭരണകൂടത്തിന് കീഴില്‍ പ്രോസിക്യൂട്ട് ചെയ്യപ്പെട്ട 23 പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ക്ക് മാപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2025 മാര്‍ച്ച് ഫോര്‍ ലൈഫിന് തൊട്ടുമുമ്പാണ് പ്രോ ലൈഫ് പ്രവര്‍ത്തകര്‍ക്ക് മാപ്പ് നല്‍കുന്ന ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചത്. ‘ക്ലിനിക്ക് എന്‍ട്രന്‍സിലേക്കുള്ള പ്രവേശന സ്വാതന്ത്ര്യ (ഫേസ്)’ നിയമം ലംഘിച്ചതിന് ജയില്‍വാസത്തിന് ഉള്‍പ്പെടെ ശിക്ഷിക്കപ്പെട്ട ഇരുപത്തിമൂന്ന് പേര്‍ക്കാണ് ട്രംപ് ഭരണകൂടം മാപ്പ് നല്‍കിയത്. , ‘അവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പാടില്ലായിരുന്നു’ എന്ന് മാപ്പ് ഒപ്പിടുമ്പോള്‍ ട്രംപ് പറഞ്ഞു. ‘അവരില്‍ പലരും പ്രായമായവരാണ്. ഇതില്‍ ഒപ്പിടുന്നത് വലിയ ബഹുമതിയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രോസിക്യൂട്ട് ചെയ്യപ്പെട്ട ജോവാന്‍ ബെല്‍, ഇവാ എഡ്ല്‍, ലോറന്‍ ഹാന്‍ഡി എന്നിവരുള്‍പ്പെടെ 21 പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ക്ക് മാപ്പ് നല്‍കണമെന്ന് ചിക്കാഗോ’ആസ്ഥാനമായുള്ള പൊതുതാല്‍പ്പര്യ നിയമസ്ഥാപനമായ തോമസ് മൂര്‍ സൊസൈറ്റി ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഇവരെ കൂടാതെ പെന്‍സില്‍വാനിയയിലെ ഹെര്‍ബ് ഗെരാഗ്റ്റി, ന്യൂയോര്‍ക്കിലെ ജെയ് സ്മിത്ത് എന്നിവരാണ് ട്രംപ് മാപ്പ് നല്‍കിയ മറ്റ് രണ്ട് പ്രോ-ലൈഫ് പ്രവര്‍ത്തകര്‍. പലരും ഇപ്പോഴും തടവിലാണ്. 2020-ല്‍ വാഷിംഗ്ടണില്‍ നടന്ന ഗര്‍ഭച്ഛിദ്ര ക്ലിനിക്ക് ഉപരോധത്തില്‍ പങ്കെടുത്തതിന് കുറ്റക്കാരിയെന്ന് വിധിക്കപ്പെട്ട കത്തോലിക്കാ വിശ്വാസിയായ ലോറന്‍ ഹാന്‍ഡിയാണ് ഇവരില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ തടവ് അനുഭവിച്ചത്: 57 മാസം.
പ്രോ-ലൈഫ് ഗ്രൂപ്പുകള്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.ഈ ഉത്തരവിലൂടെ സ്വാതന്ത്ര്യത്തിന്റെ മണിനാദമാണ് രാജ്യത്ത് മുഴങ്ങിയിരിക്കുന്നതെന്ന് തോമസ് മൂര്‍ സൊസൈറ്റിയുടെ സീനിയര്‍ അഭിഭാഷകനായ സ്റ്റീവ് ക്രാംപ്റ്റണ്‍ പ്രതികരിച്ചു. അനാവശ്യമായ നിയമനടപടിയുടെയും തടവിലാക്കലിന്റെയും അനീതിയാണ് ഈ ഉത്തരവിലൂടെ തിരുത്തിയതെന്ന് ഫ്രാന്‍സിസ്‌ക്കന്‍ ഫാദേഴ്സ് ഓഫ് ദി റിന്യൂവിലെ അംഗമായ ഫാ. മോസിന്‍സ്‌കി പറഞ്ഞു.
അതേസമയം, ഗര്‍ഭച്ഛിദ്ര നയം സംസ്ഥാനങ്ങള്‍ തീരുമാനിക്കണമെന്ന പ്രസിഡന്റിന്റെ നിലപാടിനെ ഫാ. മോസിന്‍സ്‌കി വിമര്‍ശിച്ചു. ‘ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച് ഓരോ സംസ്ഥാനവും സ്വന്തം നിയമങ്ങള്‍ ഉണ്ടാക്കണമെന്ന് പറയുന്ന നിലപാട് ധാര്‍മികമായി പൊരുത്തമില്ലാത്തതാണ്. ഈ പൊരുത്തക്കേട് തിരുത്തി ജനിച്ചതും ജനിക്കാത്തതുമായ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാണെന്ന് സ്വയം തെളിയിക്കാന്‍ ഞങ്ങള്‍ പ്രസിഡന്റ് ട്രംപിനെ ക്ഷണിക്കുന്നു,’ ഫാ. മോസിന്‍സ്‌കി പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *