വാഷിംഗ്ടണ്‍ ഡിസി: യൂട്യൂബ് ടിവി പ്ലാറ്റ്ഫോമില്‍ നിന്ന് ഒരു ക്രൈസ്തവ -കുടുംബാധിഷ്ഠിത ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് സെന്‍സര്‍ ചെയ്തതായി സൂചിപ്പിക്കുന്ന തെളിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ (എഫ്‌സിസി)ചെയര്‍മാന്‍ യൂട്യൂബ് ടിവി പ്ലാറ്റ്‌ഫോമിനോട് വിശദീകരണം ആവശ്യപ്പെട്ടു. കേബിള്‍ ടെലിവിഷന്‍ ശൃംഗലയില്‍ അതിവേഗം വളരുന്ന രണ്ടാമത്തെ നെറ്റ്‌വര്‍ക്കായ ഗ്രേറ്റ് അമേരിക്കന്‍ മീഡിയയുടെ, ഗ്രേറ്റ് അമേരിക്കന്‍ ഫാമിലി ഹോസ്റ്റ് ചെയ്യാന്‍ യൂട്യൂബ് ടിവി വിസമ്മതിച്ചു എന്നാണ് എഫ്സിസി ചെയര്‍മാന്‍ ബ്രണ്ടന്‍ കാര്‍ വ്യക്തമാക്കിയത്. കോംകാസ്റ്റ്, കോക്‌സ്, ഹുലു, ഫുബോടിവി, ഡയറക്ട് ടിവി സ്ട്രീം എന്നിവയുള്‍പ്പെടെ നിരവധി കേബിള്‍, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ഗ്രേറ്റ് അമേരിക്കന്‍ ഫാമിലി ലഭ്യമായിരിക്കെയാണ് വിശ്വാസാധിഷ്ഠിതവും കുടുംബ സൗഹാര്‍ദ്ദപരവുമായ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്ന ഈ ചാനല്‍ ഹോസ്റ്റ് ചെയ്യാന്‍ യൂട്യബ് ടിവി വിസമ്മതിച്ചത്. സൗജന്യമായി ലഭ്യമായ യൂട്യൂബ് പ്ലാറ്റ്‌ഫോമില്‍ നിന്നും വ്യത്യസ്തമായി യൂട്യൂബിന്റെ ഒറ്റിറ്റി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ് യൂട്യൂബ് ടിവി.
സിനിമയിലും ടെലിവിഷനിലും ഹോളിവുഡിന്റെ ആക്ഷേപകരമായ ഉള്ളടക്കം മാത്രം ലഭ്യമാകുന്ന സാഹചര്യത്തില്‍ ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ശുദ്ധവും കുടുംബ സൗഹൃദവുമായ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്ന ചാനലാണ് ഗ്രേറ്റ് അമേരിക്കന്‍ മീഡിയയെന്ന് സിബിഎന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021-ല്‍ ആരംഭിച്ച ഗ്രേറ്റ് അമേരിക്കന്‍ ഫാമിലിക്ക് യൂട്യൂബില്‍ 101,000 സബ്സ്‌ക്രൈബര്‍മാരുണ്ട്. എങ്കിലും യൂട്യൂബ് ടിവി പ്ലാറ്റ്‌ഫോമില്‍ ചാനല്‍ ഹോസ്റ്റ് ചെയ്യുവാന്‍ യൂട്യൂബ് വിസമ്മതിക്കുകയായിരുന്നു. യൂട്യൂബ് ടിവിയുടെ സബ് സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ നല്‍കുന്നത് ബിസിനസ്സ് തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും മതപരമായ ഉള്ളടക്കം നിരോധിക്കുന്ന നയങ്ങളൊന്നും തങ്ങള്‍ പിന്തുടരുന്നില്ലെന്നും യൂട്യൂബ് വക്താവ് പ്രതികരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *