ഡബ്ലിന്‍: മലയാളികള്‍ക്കിത് അഭിമാന നിമിഷം. അയര്‍ലന്‍ഡിലെ പീസ് കമ്മീഷണറായി മലയാളി നേഴ്‌സിനെ തിരഞ്ഞെടുത്തു. ഡബ്ലിനില്‍ കുടുംബമായി താമസിക്കുന്ന കണ്ണൂര്‍, ചെമ്പേരി സ്വദേശി അഡ്വ. സിബി സെബാസ്റ്റ്യന്‍ പേഴുംകാട്ടിലിന്റെ ഭാര്യയും എരുവാട്ടിയിലെ പഴയിടത്ത് ടോമി-ത്രേസ്യാമ്മ ദമ്പതികളുടെ മകളുമായ ടെന്‍സിയ സിബിക്കാണ് ഐറിഷ് സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് വകുപ്പ് പീസ് കമ്മീഷണര്‍ സ്ഥാനം നല്‍കിയത്.
ഇതു സംബന്ധിച്ച ഉത്തരവ് ജസ്റ്റിസ് മിനിസ്റ്റര്‍ ജിം ഒകല്ലഗന്‍ ടിഡി ടെന്‍സിയയ്ക്കു സൈമാറി. അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മലയാളി സമൂഹത്തിനും നല്‍കുന്ന അംഗീകാരമായി ഇതിനെ കാണുന്നുവെന്നായിരുന്നു ഡബ്ലിന്‍ ബ്ലാക്ക് റോക്ക് ഹോസ്പിറ്റലില്‍ സീനിയര്‍ നേഴ്‌സായി ജോലി ചെയ്യുന്ന ടെന്‍സിയയുടെ വാക്കുകള്‍.

അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ബ്ലാക്ക് റോക്ക് ഇടവകയിലെ മാതൃവേദി സെക്രട്ടറിയും വേദപാഠം അധ്യാപികയുമാണ് ടെന്‍സിയ. എഡ്വിന്‍, എറിക്ക്, ഇവാനി മരിയ എന്നിവരാണ് മക്കള്‍.
ഡല്‍ഹിയിലെ എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഹോസ്പിറ്റലില്‍ ജോലി ചെയ്തതിനുശേഷം 2005 ലാണ് ടെന്‍സിയ സിബി അയര്‍ലന്‍ഡില്‍ എത്തിയത്. 2022 ല്‍ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലന്‍ഡില്‍നിന്ന് ഉന്നത ബിരുദവും കരസ്ഥമാക്കിയിരുന്നു.
കൗണ്ടി ഡബ്ലിനും വിക്ലോ, മീത്ത് തുടങ്ങിയ അനുബന്ധ കൗണ്ടികളിലും പ്രവര്‍ത്തനാധികാരമുള്ള ചുമതലയാണ് ടെന്‍സിയ സിബിക്ക് നല്‍കിയിരിക്കുന്നത്.
പീസ് കമ്മീഷണര്‍ എന്നത് ഒരു ഓണററി നിയമനമാണ്. രേഖകള്‍ സാക്ഷ്യപ്പെടുത്തുക, സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുക, ഓര്‍ഡറുകള്‍ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ ചുമതലകള്‍. അത്യാവശ്യമായ സാഹചര്യങ്ങളില്‍ സമന്‍സും വാറന്റുകളും പുറപ്പെടുവിക്കാനുള്ള അധികാരവും പീസ് കമ്മീഷര്‍മാര്‍ക്കുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *