ടെക്‌സസ്: കത്തോലിക്കാ സഭയുടെ വളർച്ചയ്ക്ക് കരുത്തേകുന്ന മാധ്യമ ഇടപെടലുകളെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി നോർത്ത് അമേരിക്കയിലെ ‘കാത്തലിക് മീഡിയ അസോസിയേഷൻ’ ഏർപ്പെടുത്തിയ പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടി ശാലോം മീഡിയ. കാത്തലിക് മീഡിയ രംഗത്തെ വിഖ്യാതമായ 12 അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങൾക്കാണ് അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ശാലോം മീഡിയ’ ഇത്തവണ അർഹമായത്- ലോക സുവിശേഷവത്ക്കരണ രംഗത്ത് ആഗോള സാന്നിധ്യമായി മാറിയ ‘ശാലോം വേൾഡി’ന് അഞ്ച് പുരസ്‌ക്കാരങ്ങൾ, ‘ശാലോം ടൈഡിംഗ്‌സി’ന് ഏഴ് പുരസ്‌ക്കാരങ്ങൾ!
നോർത്ത് അമേരിക്കയിലെ കത്തോലിക്കാ മാധ്യമ പ്രവർത്തകരുടെയും പ്രസാധകരുടെയും കൂട്ടായ്മയായി 1911ൽ രൂപീകൃതമായ സംഘടനയാണ് ‘കാത്തലിക് മീഡിയ അസോസിയേഷൻ’. ഇ.ഡബ്ല്യു.ടി.എൻ, കാത്തലിക് ന്യൂസ് ഏജൻസി, കാത്തലിക് ന്യൂസ് സർവീസ്, നാഷണൽ കാത്തലിക് റജിസ്റ്റർ, കാത്തലിക് കൊറിയർ, കാത്തലിക് റിവ്യു, ദ അർലിംഗ്ടൺ കാത്തലിക് ഹെറാൾഡ് എന്നിവ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കൊപ്പം മത്സരിച്ചാണ് ശാലോമിന്റെ പുരസ്‌ക്കാര നേട്ടമെന്നതും ശ്രദ്ധേയം.
ഡിജിറ്റൽ/ടെലിവിഷൻ മേഖലയിൽ ഒരു ഒന്നാം സ്ഥാനവും മൂന്ന് രണ്ടാം സ്ഥാനവും ഒരു പ്രത്യേക ജൂറി പരാമർശവും ശാലോം വേൾഡ് നേടിയപ്പോൾ മാഗസിൻ വിഭാഗത്തിൽ ഒരു രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും അഞ്ച് പ്രത്യേക ജൂറി പരാമർശവുമാണ് ശാലോം ടൈംഡിംഗ്സ് കരസ്ഥമാക്കിയത്. ‘Peace On Earth’ എന്ന ആശയത്തെ ആസ്പദമാക്കി ഒരുക്കിയ ക്രിസ്മസ് കാംപെയ്‌നാണ് ബെസ്റ്റ് സോഷ്യൽ മീഡിയ കാംപെയിൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം സമ്മാനിച്ചത്. വലിയ നോമ്പിനോട് അനുബന്ധിച്ച് ‘He Conquered’ എന്ന പേരിൽ ഒരുക്കിയ കാംപെയിൻ സോഷ്യൽ മീഡിയയിലെ മികച്ച ഗ്രാഫിക്സിന് രണ്ടാം സ്ഥാനം നേടി. വിവിധ മിനിസ്ട്രികളെ പരിചയപ്പെടുത്തുന്ന ‘Into The Light’ പരമ്പരയിൽ ഒരുക്കിയ എപ്പിസോഡിനാണ് (The Inspiring Work of Father Matthieu Dauchez- ANAK-TNK) മികച്ച വീഡിയോ ഫീച്ചർ വിഭാഗത്തിൽ രണ്ടാം സ്ഥാനം. ഫെലിക്സ് വർഗീസാണ് പ്രൊഡ്യൂസർ.
ക്രിസ്ത്വാനുഭവത്തിലൂടെ ജീവിത നവീകരണം സംഭവിച്ചവരെ പരിചയപ്പെടുത്തുന്ന ‘Jesus My Savior’ പരമ്പരയിലെ എപ്പിസോഡും (16 Years in Darkness- Angelica Gonzalez) സോഷ്യൽ മീഡിയയിലെ മികച്ച വീഡിയോ സീരിസ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. ജോൺ ജോൺസായിരുന്നു പ്രൊഡ്യൂസറും ഛായാഗ്രഹണവും. അമേരിക്കയിൽ നടന്ന ‘നാഷണൽ യൂക്കരിസ്റ്റിക് കോൺഗ്രസി’നെ ആസ്പദമാക്കി എടുത്ത ഫോട്ടോകളാണ് (The Greatest Love Story) മികച്ച ഫോട്ടോ ഗാലറി/ സ്ലൈഡ് ഷോ വിഭാഗത്തിൽ പ്രത്യേക പരാമർശം നേടിയത്. ജോൺ ജോൺസായിരുന്നു ഫോട്ടോഗ്രാഫർ.
ആത്മീയ ജീവിതവുമായി ബന്ധപ്പെട്ട് ഫാ. ജോസഫ് ഗിൽ ശാലോം ടൈഡിംഗ്‌സിൽ എഴുതുന്ന ചോദ്യോത്തര പംക്തിയാണ് ‘റെഗുലർ കോളം’ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയത്. 2011ലെ പുതുവത്സര ദിവ്യബലിമധ്യേ അലക്‌സാണ്ട്രിയയിലെ ദൈവാലയത്തിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽവെച്ച് കുടുംബാംഗങ്ങളെ ഒന്നടങ്കം നഷ്ടപ്പെട്ടിട്ടും ക്രിസ്തുവിന്റെ കരംപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ കിറോ ലിൻഡ്മാനുമായി നടത്തിയ അഭിമുഖത്തിനാണ് (The Bomb that Tore Our Lives Apart) ബെസ്റ്റ് ഇന്റർവ്യൂ വിഭാഗത്തിൽ മൂന്നാം സ്ഥാനം.
കുടുംബാംഗങ്ങൾ എവിടെയായിരുന്നാലും ദിവ്യബലിയിൽ പങ്കെടുക്കുമ്പോൾ സംഭവിക്കുന്ന ഐക്യാനുഭവം സാക്ഷ്യപ്പെടുത്തി ഡെനിസ് ജാസെക് എഴുതിയ ഉപന്യാസം (Miles Apart, Still Together) ജയിൽ ജീവിതത്തിൽ സംഭവിച്ച ക്രിസ്ത്വാനുഭവം സാക്ഷ്യപ്പെടുത്തി ജയിൽപുള്ളികൂടിയായ ജോൻ ബ്ലാങ്കോ എഴുതിയ ഉപന്യാസം (Bars are No Barrier) എന്നിവയാണ് പ്രത്യേക ജൂറി പരാമർശം ലഭിച്ച മറ്റ് രണ്ട് രചനകൾ. ‘മാഗസിൻ ഓഫ് ദ ഇയർ’ വിഭാഗത്തിനു പുറമെ, ‘ബെസ്റ്റ് ലേയൗട്ട് ഓഫ് ആർടിക്കിൾ ഓർ കോളം’, ‘ബെസ്റ്റ് യൂസ് ഓഫ് ടൈപ്പോഗ്രഫി’ എന്നീ വിഭാഗത്തിലും ശാലോം ടൈംഡിഗ്‌സ് പ്രത്യേക ജൂറി പരാമർശത്തിന് അർഹമായി. ആൻ മരിയ മാത്യുവാണ് ശാലോം ടൈഡിംഗ്സ് ഡിസൈനർ.
*******
2014 ഏപ്രിൽ 27ന് പ്രക്ഷേപണം ആരംഭിച്ച ‘ശാലോം വേൾഡ്’ ഇന്ന് 145ൽപ്പരം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് ലഭ്യമാകുന്നുണ്ട്. നോർത്ത് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ ഭൂഖണ്ഡങ്ങൾക്കായി പ്രത്യേകം രൂപം കൊടുത്ത ചാനലുകൾക്കൊപ്പം ‘ശാലോം വേൾഡ് പ്രയർ’ ചാനലും സംപ്രേഷണം ചെയ്യുന്നുണ്ട്. സ്മാർട്ട് ടി.വികളിലും പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും SHALOM WORLD ലഭ്യമാണ്. ടി.വിയിലും മൊബൈൽ ആപ്പുകളിലും ലഭ്യമാക്കുന്നത് എങ്ങനെ എന്നറിയാൻ സന്ദർശിക്കുക www.shalomworld.
മലയാളത്തിലെ പ്രമുഖ ആത്മീയ പ്രസിദ്ധീകരണമായ ‘ശാലോം ടൈംസി’നുശേഷം തുടക്കം കുറിച്ച ‘ശാലോം ടൈഡിംഗ്സ്’ ഇംഗ്ലീഷിനു പുറമെ ജർമൻ ഭാഷയിലും ഇപ്പോൾ പ്രിന്റ് ചെയ്യുന്നുണ്ട്. കൂടാതെ, വെബ്സൈറ്റിലും മൊബൈൽ അപ്പിലും ഇംഗ്ലീഷ്, ജർമൻ, സ്പാനിഷ്, ഫ്രഞ്ച്, ചൈനീസ് ട്രഡീഷണൽ, ചൈനീസ് സിംപ്ലിഫൈഡ്, അറബിക്, മലയാളം, തമിഴ്, ഹിന്ദി, പോർച്ചുഗീസ്, തഗാലോഗ് ഭാഷകളിൽ ലഭ്യമാണ്. മൊബൈൽ ആപ്പിൽനിന്ന് ഇതുവരെ പ്രസിദ്ധീകരിച്ച ലക്കങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ശാലോം ടൈഡിംഗ്സ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക
Leave a Comment
Your email address will not be published. Required fields are marked with *