Follow Us On

24

November

2024

Sunday

ജലവാഹനത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണം: ഈശോയെ സ്വീകരിക്കാൻ ഒരുങ്ങി ‘ബയൂ’ നദിയും വിശ്വാസീസമൂഹവും

ബാറ്റൻ റോ: ലൂസിയാനയിൽ ഇത്തവണയും പതിവുതെറ്റില്ല, ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ ദിനമായ ആഗസ്റ്റ് 15ന് വിശ്വാസികൾക്ക് അനുഗ്രഹമേകാൻ ദിവ്യകാരുണ്യനാഥൻ ജലമാർഗം എത്തും! അമേരിക്കയിലെ ലൂയിസിയാന സംസ്ഥാനത്തെ ലഫേയ്റ്റ് രൂപത 2015മുതൽ നദിയിലൂടെ ക്രമീകരിക്കുന്ന 40 മൈൽ ദിവ്യകാരുണ്യ പ്രദക്ഷിണം അവിസ്മരണീയമാക്കാൻ വിശ്വാസീസമൂഹം ഒരുക്കം തുടങ്ങി. ദിവ്യകാരുണ്യഭക്തി പുനരുജ്ജീവിപ്പിക്കാൻ അമേരിക്കയിലെ കത്തോലിക്കാ സഭ ആഹ്വാനംചെയ്ത മൂന്നു വർഷത്തെ ‘യൂക്കരിസ്റ്റിക് റിവൈവലി’ന്റെ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ദിവ്യകാരുണ്യ പ്രദക്ഷിണം.

‘ഫെറ്റ് ഡിയു ഡേ ടെച്ചേ’ എന്ന പേരിൽ പ്രസിദ്ധമാണ് ‘ബയൂ’ നദിയിലൂടെ ഒരു ദിവസം നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം. ഓഗസ്റ്റ് 15 രാവിലെ 8.00ന് ഫ്രാങ്ക്‌ളിനിലെ അസംപ്ഷൻ ദൈവാലയത്തിൽ ബിഷപ്പ് ഡഗ്ലസ് ഡെഷോട്ടൽ ഫ്രഞ്ച് ഭാഷയിൽ അർപ്പിക്കുന്ന ദിവ്യബലിയോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുക. തുടർന്ന് 9.30ന് പ്രദക്ഷിണത്തിന് തുടക്കമാകും. ദിവ്യകാരുണ്യ ആരാധന പ്രതിഷ്ഠിച്ച ബോട്ടിനൊപ്പം ദൈവമാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും തിരുരൂപങ്ങൾ പ്രതിഷ്ഠിച്ച ബോട്ടുകളും ജലഘോഷയാത്രയിൽ അണിചേരും.

‘ഫെറ്റ് ഡിയു ഡേ ടെച്ചേ’ കമ്മ്യൂണിറ്റിയെ കുറിച്ച് ശാലോം വേൾഡ് തയാറാക്കിയ ഇൻടു ദ ലൈറ്റ് എപ്പിസോഡ് കാണാൻ:

ദിവ്യകാരുണ്യ ഭക്തിയുടെ പ്രചാരകരായി വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും കട്ടൗട്ടുകളും അവരുടെ പേരുകൾ രേഖപ്പെടുത്തിയ ബാനറുകളും ബോട്ടുകളിൽ ഇടംപിടിക്കും എന്നതാണ് ഇത്തവണത്തെ പ്രധാന സവിശേഷത. ബോട്ട് യാത്രയിലൂടനീളം വൈദികരും വിശ്വാസികളും ചേർന്ന് ദിവ്യകാരുണ്യ ആരാധന നടത്തും. യാത്രാമധ്യേ നദിക്കരയിലുളള അർനൗറ ഡ്വില്ലെ, സിസിലിയ, ബ്രമൗക്‌സ് ബ്രിഡ്ജ്, സെന്റ് മാർട്ടിൻവില്ലെ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ദൈവാലയങ്ങളിൽ ആരാധനയ്ക്കും ജപമാല പ്രാർത്ഥനയ്ക്കുമായി ബോട്ടുകൾ നിർത്തിയിടും. ഈ സ്ഥലങ്ങളിലെല്ലാം കുമ്പസാരിക്കാനുള്ള സൗകര്യവും ഒരുക്കും.

വ്യാകുല മാതാവിന്റ ചാപ്പലിൽ എത്തിച്ചേർന്നശേഷം നൽകുന്ന ദിവ്യകാരുണ്യ ആശീർവാദത്തോടെയാണ് പ്രദക്ഷിണം സമാപിക്കുന്നത്. ജലഘോഷയാത്രയിൽ ബയൂവിലെ വിവിധ ദൈവാലയങ്ങളിൽനിന്നുള്ള വിശ്വാസികൾ ബോട്ടുകളിൽ അണിചേരും. പ്രദക്ഷിണത്തിലും തിരുക്കർമങ്ങളിലും പങ്കുചേർന്ന് ക്രിസ്തുസാക്ഷ്യമേകാനുള്ള ഈ അവസരം വിനിയോഗിക്കണമെന്ന് ലൂസിയാന അറ്റോർണി ജനറൽ ജെഫ് ലാൻഡ്രൈ ആഹ്വാനം ചെയ്തതും ശ്രദ്ധേയമായി. അകത്തോലിക്കരുടെയും അക്രൈസ്തവരുടെയും പങ്കാളിത്തം മുൻവർഷങ്ങളിലേതുപോലെ ഇത്തവണയും ഉണ്ടാകും.

ലൂസിയാനയിലെ അക്കാഡിയാനയിൽ കത്തോലിക്കാ വിശ്വാസം എത്താൻ കാരണമായ ഫ്രഞ്ച്- കനേഡിയൻ കുടിയേറ്റത്തിന്റെ 250-ാംവാർഷികം ആഘോഷിച്ച 2015ലാണ് നദിയിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം ആദ്യമായി സംഘടിപ്പിച്ചത്. തുടർച്ചയായ ഒൻപതാം
തവണ നടത്തുന്ന ഈ വർഷത്തെ പ്രദക്ഷണത്തിൽ ഓൺലൈനായി പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. കൊറോണാ വ്യാപനം ശക്തമായിരുന്ന കഴിഞ്ഞ രണ്ടു വർഷവും കർശനമായ നിയന്ത്രണങ്ങളോടെ, ദിവ്യകാരുണ്യ പ്രദക്ഷിണം ക്രമീകരിച്ചിരുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?