കാലിഫോർണിയ: ഏതാണ്ട് ഒരു ലക്ഷത്തോളം ഭൂതോച്ഛാടനങ്ങൾ നിർവഹിച്ച വത്തിക്കാനിലെ ഔദ്യോഗിക ഭൂതോച്ഛാടകൻ ഫാ. ഗബ്രിയേൽ അമോർത്തിന്റെ അനുഭവം ഇതിവൃത്തമാക്കുന്ന സിനിമ റിലീസിന് ഒരുങ്ങുന്നു. ‘ദ പോപ്പ്സ് എക്സോർസിസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ത്രില്ലർ സിനിമ ഏപ്രിൽ 14ന് യു.എസിലെ തീയറ്ററുകളിലെത്തും. സുപസിദ്ധ ഹോളിവുഡ് താരം റസ്സൽ ക്രോയാണ് ഫാ. അമോർത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇക്കഴിഞ്ഞ വാരം പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറിന് വൻവരവേൽപ്പാണ് ലഭിക്കുന്നത്.
ഭൂതോച്ഛാടനത്തിനിടെ തനിക്കുണ്ടായ അനുഭവങ്ങളെ ആസ്പദമാക്കി ഫാ. അമോർത്ത് രചിച്ച ‘ആൻ എക്സോർസിസ്റ്റ് ടെൽസ് ഹിസ് സ്റ്റോറി’, ‘ആൻ എക്സോർസിസ്റ്റ്- മോർ സ്റ്റോറീസ്’ എന്നീ രണ്ട് ഓർമക്കുറിപ്പുകളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. 2018ൽ റിലീസ് ചെയ്ത ‘ഓവർലോഡ്’ എന്ന ഹൊറർ സിനിമയിലൂടെ ശ്രദ്ധേയനായ ജൂലിയസ് അവേരിയാണ് സംവിധായകൻ. സുപ്രസിദ്ധ നിർമാണ കമ്പനിയായ ‘സ്‌ക്രീൻ ജേം’ നിർമിക്കുന്ന സിനിമ ‘സോണി എന്റർടെയ്‌മെന്റ്‌സാ’ണ് വിതരണത്തിന് എത്തിക്കുന്നത്.
കഴിഞ്ഞ ദിവസം ‘സോണി എന്റർടെയ്‌മെന്റ്‌സി’ന്റെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ട്രെയിലർ ഇതിനകം 13 മില്യൺ പ്രേക്ഷകരാണ് കണ്ടത്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിന് ഗംഭീരപ്രതികരണം ലഭിക്കുമ്പോഴും, പൈശാചിക തിന്മകളുടെ സ്വാധീനവും രീതികളും അവയ്‌ക്കെതിരെയുള്ള ഫാ. അമോർത്തിന്റെ ആത്മീയ പോരാട്ടവും അതിശയോക്തി പരമായാണ് സിനിമയിൽ അവതരിപ്പിക്കുന്നതെന്ന ആക്ഷേപങ്ങൾ പുറത്തുവരുന്നുണ്ട്. വിഖ്യാത ഇറ്റാലിയൻ താരമായ ഫ്രാങ്കോ നീറോയാണ് പാപ്പയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വടക്കൻ ഇറ്റലിയിലെ മൊഡേണയിൽ 1925ലാണ് ഫാ. അമോർത്തിന്റെ ജനനം. 20-ാം വയസിൽ ‘സൊസൈറ്റി ഓഫ് സെന്റ് പോൾ’ സന്യാസ സഭയിൽ ചേർന്ന അദ്ദേഹം 1951ൽ തിരുപ്പട്ടം സ്വീകരിച്ചു. റോമിലെ വികാരി ജനറലായിരുന്ന കർദിനാൾ യുഗോ പൊലേട്ടി 1986ലാണ് 61 വയസുകാരനായ ഫാ. അമോർത്തിനെ ഭൂതോച്ഛാടകനായി നിയമിച്ചത്. 2016ൽ 91-ാം വയസിൽ മരണംവരെ റോം രൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായിരുന്നു അദ്ദേഹം. ഇക്കാലഘട്ടത്തിൽ ഏതാണ്ട് ഒരു ലക്ഷം ഭൂതോച്ഛാടനങ്ങൾ നടത്തിയെന്നാണ് കണക്കുകൾ.
സ്‌കൂൾ അധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട് ഫാ. അമോർത്ത്. ഇറ്റാലിയൻ ഭരണകൂടം സമ്മാനിക്കുന്ന ‘മെഡൽ ഓഫ് ലിബറേഷൻ’ പുരസ്‌കാരവും 2015ൽ ഫാ. അമോർത്തിന് ലഭിച്ചിട്ടുണ്ട്. 1990ൽ സ്ഥാപിതമായ ‘ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് എക്സോർസിസ്റ്റ്’ എന്ന സംഘടനയുടെ സഹസ്ഥാപകൻകൂടിയാണ് ഇദ്ദേഹം. ഭൂതോച്ഛാടനവുമായി ബന്ധപ്പെട്ടുണ്ടായ അനുഭവങ്ങളെക്കുറിച്ച് ഫാ. അമോർത്ത് രചിച്ച ഗ്രന്ഥങ്ങൾ മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ബെസ്റ്റ് സെല്ലറാണ്.
Leave a Comment
Your email address will not be published. Required fields are marked with *